കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. പ്രമുഖ മാധ്യമങ്ങളിൽ കാർട്ടൂണുകൾ വരച്ചിട്ടുള്ള സുകുമാർ, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗവും ചെയർമാനുമായിരുന്നു.
ആറ്റിങ്ങൽ വീരളത്ത് മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകനായി 1932-ലായിരുന്നു ജനനം. എസ്. സുകുമാരൻ പോറ്റി എന്നാണ് യഥാർഥ പേര്. അച്ഛൻ തമ്പാനൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. ആറുമക്കളിൽ മൂന്നാണും മൂന്ന് പെണ്ണും. ആൺമക്കളിൽ മൂത്തയാളായിരുന്നു സുകുമാർ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളി ദിനപ്പത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ളയായിരുന്നു കാർട്ടൂണിൽ ആദ്യ ഗുരു. 1950-ൽ ആദ്യ കാർട്ടൂൺ വികടനിൽ പ്രസിദ്ധീകരിച്ചു. പിന്നീട് മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്സ് വീക്കിലി എന്നിവയിൽ വരച്ചു.
കഥ, കവിത, നാടകം, നോവൽ ഉൾപ്പെടെ 50-ലധികം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് 1996-ൽ ലഭിച്ചിട്ടുണ്ട്. മനഃശാസ്ത്രം മാസികയിൽ 17 വർഷം മുടങ്ങാതെ വരച്ച ഡോ. മനഃശാസ്ത്രി പ്രശസ്തമാണ്.
ഡി.ഐ.ജി. ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. ഭാര്യ പരേതയായ സാവിത്രി. മകൾ സുമംഗല സീരിയൽ- ഡബ്ബിങ് ആർടിസ്റ്റാണ്. മരുമകൻ: സുനിൽ. സനൂപ് കൃഷ്ണൻ, അഡ്വ. ശ്രീകുമാർ എന്നിവർ പേരക്കുട്ടികളാണ്.
മുഖ്യമന്ത്രി അനുശോചിച്ചു
ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായിരുന്നു സുകുമാർ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം. വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാർട്ടൂണിസ്റ്റ് സുകുമാറിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. വരയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും മലയാളികളെ ചിരിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ. നർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. കാർട്ടൂണിസ്റ്റ് സുകുമാറിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ടു നിന്ന അഖണ്ഡ ചിരിയജ്ഞം മറക്കാനാകാത്ത അനുഭവമായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
No Comment.