Skip to content

chithrodayamflashnews.com

Asnap 1409

ഗസ്സ ഭൂമിയിലെ നരകമെന്ന് യുഎന്‍; മരണം 11,078 ആയി; വെടിനിര്‍ത്തല്‍ നടപ്പായില്ല, കിരാത ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

ഗസ്സ സിറ്റി: ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് വടക്കന്‍ ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (OCHA) വക്താവ് ജെന്‍സ് ലാര്‍കെയാണ് ഇക്കാര്യം പറഞ്ഞത്. റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രക്കുകള്‍ക്ക് വേണ്ടിയല്ല, കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയാണ് ക്രോസിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുത്. ഭക്ഷണം, മരുന്ന്, ശുചിത്വ സാമഗ്രികള്‍, വെള്ളം എന്നിവ കയറ്റിയ 65 ട്രക്കുകളും ഏഴ് ആംബുലന്‍സുകളും മാത്രമാണ് ബുധനാഴ്ച ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്ക് കടന്നത്. ആ സഹായത്തിനൊന്നും വടക്കന്‍ ഗസ്സയില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

‘ഇന്ന് ഭൂമിയില്‍ ഒരു നരകം ഉണ്ടെങ്കില്‍, അതിന്റെ പേര് വടക്കന്‍ ഗസ്സ എന്നാണ്. ഭയാനകമാണ് അവിടത്തെ ജീവിത സാഹചര്യം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ കുട്ടികളോട് നിങ്ങള്‍ എന്ത് പറയും എന്നത് ഊഹിക്കാന്‍ പോലും കഴിയില്ല. അവര്‍ ആകാശത്ത് കാണുന്ന തീ അവരെ കൊല്ലാനാണെന്നാണോ അവരോട് പറയുക’ – അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഏറ്റവും രക്തരൂഷിതമായ മണിക്കൂറുകളായിരുന്നു ഗസ്സയിലേത്. ആശുപത്രികള്‍, പള്ളികള്‍, അഭയാര്‍ഥി ക്യാംപുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ആശുപത്രിക്ക് നേരെ 24 മണിക്കൂറിനുള്ളില്‍ അഞ്ച് തവണയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആശുപത്രിയുടെ ഒ.പി സെക്ഷന്‍ സ്ഥിതിചെയ്യുന്ന കെട്ടിടം പൂര്‍ണമായും നിലംപൊത്തി. 20ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലെ മറ്റ് പ്രധാന ആശുപത്രികളായ അല്‍ റന്തീസി, അല്‍ നാസര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് തൊട്ടടുത്ത് ഇസ്‌റാഈല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്ത ഗസ്സയിലെ അല്‍ ബുറാഖ് സ്‌കൂളില്‍നിന്ന് ഒരു ഡസന്‍ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഇവിടെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് അഭയം തേടിയിരുന്നത്. 35 ദിവസം പിന്നിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11,078 ആയി. ഇതില്‍ 4,506 ഉം കുട്ടികളാണ്. ഗസ്സയിലെ 47 മെഡിക്കല്‍ സംവിധാനങ്ങളില്‍ 21 ഉം പ്രവര്‍ത്തനരഹിതമായിട്ടുണ്ട്.

ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്തതെന്ന് ഇസ്രയേല്‍ അറിയിച്ചു. 27 490 പേര്‍ക്ക് ആക്രമണങ്ങളില്‍ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ 44 കുട്ടികള്‍ ഉള്‍പ്പടെ 183 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മരണസംഖ്യ 12500 കടന്നു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎന്‍ വക്താവ് ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവശ്യപ്പെട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6