Skip to content

chithrodayamflashnews.com

November 30, 2026 3:14 am

ആതുരാലയങ്ങൾ അറവുശാലകളോ…?


പ്രിയപ്പെട്ടവർക്ക് ആർട്ട് വർക്ക്‌ ഗിഫ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?
ഡ്രോയിങ്, പെയിന്റിംഗ്, ശില്‌പം മുതലായ എല്ലാത്തരം വർക്കുകളും ഓർഡർ ചെയ്യാവുന്നതാണ്.

CLICK TO SEEN MY WORK ▼
https://www.instagram.com/reel/Cj_ZevUM-UW/?igshid=NDk5N2NlZjQ=

ആതുരാലയങ്ങൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട മേഖലയാണ്.രോഗാവസ്ഥയിൽ എത്തുന്നവരെ ചികിത്സിക്കേണ്ടവരാണ് ഡോക്ടർമാർ. വളരെ കാലംമുൻപേ ഇവിടെ വിവിധ ചികിത്സാ സമ്പ്രദായങ്ങൾ നിലനിന്നിരുന്നു. ഏറെ പഴക്കം ചെന്ന നാട്ടുചികിത്സയും,ആയൂർവേദവും, വിഷചികിത്സയും, ഒറ്റമൂലിയും, തുടങ്ങി അലോപ്പതി,ഹോമിയോപ്പതി, അക്യുപഞ്ചർ,യോഗ,റെയ്കി എന്നിങ്ങനെ വിവിധ ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ വരെ ഇന്നു നിലവിലുണ്ട്.എല്ലാ ചികിത്സകൾക്കും അതിന്റേതായ പ്രാധാന്യവും ഗുണങ്ങളും ഉണ്ടെന്നുള്ളതും സത്യമാണ്. ഓരോ ചികിത്സാരീതികളുടേയും രോഗമുക്തിക്കുള്ള സമയവും ചിലവുകളുമൊക്കെ വ്യത്യസ്തവുമായിരിക്കും…

മാറിവന്ന ഈ സാഹചര്യത്തിൽ ഒട്ടനവധി രോഗങ്ങൾ നമ്മളെ വിവിധ രീതികളിൽ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ചില വൈറസുകളിൽ നിന്നും പൂർണ്ണമായി മുക്തി നേടാൻ നമുക്ക് സാധിച്ചിട്ടില്ല. ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗതിയിലേയ്ക്ക് പോകുന്നതുകൊണ്ടാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും ജീവിതവും നിലനിൽക്കുന്നത് എന്ന സത്യം നിലനിൽക്കെ, ഈ രംഗങ്ങളിൽ ജനങ്ങൾ ഏറെ ചൂക്ഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്.

“ആതുരസേവനം” സേവനസന്നദ്ധതയോടെ, അർപ്പണമനോഭാവത്തോടെ, ഏറെ കൃത്യതയോടെ അർഹമായ വേതനം വാങ്ങികൊണ്ടു ജോലി ചെയ്യേണ്ടമേഖലതന്നെയാണ്.സംശയമില്ല.

കേരളത്തിൽ നൂറുകണക്കിന് സർക്കാർ ആശുപത്രികളുണ്ട്.കൂടാതെ സർക്കാർ തലത്തിൽ മികച്ച ചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളും ഇതിനുപുറമേ ആയിരക്കണക്കിന് സ്വകാര്യ ആശുപത്രികളും ഡിസ്പെൻസറികളുമുണ്ട്. കൂടാതെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുമുണ്ട്. ഈ രീതികൾ എല്ലാംതന്നെ ആയൂർവേദം, ഹോമിയോ തുടങ്ങിയ ഇതര ചികിത്സാരംഗത്തും തുടർന്നുപോരുന്നു. ഇതെല്ലാം ഒറ്റ വാക്കിൽ ജനങ്ങൾക്ക്‌ ഏറെ പ്രയോജനകരം എന്നു പറയുമ്പോഴും ഇതിന്റെ പുറകിൽ ചില ഹോസ്പിറ്റലുകളും ഡോക്ടർമാരും ഒരുക്കുന്ന ചതിക്കുഴികളും കാണാതെ പോകരുത് അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കരുത്.ആരോഗ്യമേഖലയുടെ മറവിൽ അമിതമായ ധനസമ്പാദത്തിനുവേണ്ടി സഹജീവികളുടെ ജീവൻവച്ചു വിലപേശുകയും അതോടൊപ്പം നിരവധി തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങളായി ചില ഹോസ്പിറ്റലുകൾ മാറിയിട്ടുണ്ട്. സ്വകാര്യ ഹോസ്പിറ്റലുകളാണ് ഇതിൽ മുൻപന്തിയിലെങ്കിലും ചില സർക്കാർ ആശുപത്രികളും ഒട്ടും പിന്നിലല്ല.

ഏതൊരു മനുഷ്യരും പരിപൂർണ്ണവിശ്വാസം അർപ്പിച്ചു ചെല്ലുന്നയിടമാണ് ആശുപത്രികൾ. ഡോക്ടർമാർ രോഗിയെ പരിശോധിച്ചതിന് ശേഷം എന്തു ചികിത്സ നിർദ്ദേശിച്ചാലും രോഗികൾ അതിനു വിധേയപ്പെടുകയാണ്.അതേ സാധ്യമാകുകയുള്ളു എന്നതും സത്യമാണ്. ശരിയായ രീതിയിൽ മരുന്നുകൾ നൽകി രോഗികളെ സുഖപ്പെടുത്തുന്നവരാണ് ഏറെയും… എങ്കിലും പണം മാത്രം മുന്നിൽ കണ്ടുകൊണ്ട് കേവലം ബിസിനസ് മേഖലയാക്കി മാറ്റുന്നവരുമുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കൊള്ളലാഭമുണ്ടാക്കുന്ന ബിസിനസാണ് മരുന്നുകളുടെ വില്പന. പല ആരോഗ്യപ്രശ്നങ്ങളിൽനിന്നും മനുഷ്യന്റെ ജീവൻ നിലനിർത്തുവാൻ ചികിത്സകൾ കൂടിയേ കഴിയൂ.അതിനാവശ്യമായ മരുന്നുകൾ എന്തു വിലകൊടുത്തും ജനങ്ങൾ വാങ്ങുമെന്നറിയാവുന്നതുകൊണ്ട് ഈ ബിസിനസ് നാൾക്കുനാൾ കൊഴുത്തുവരുന്നു. ഇവിടെ മറ്റൊരു വസ്തുത ആയൂർവേദം, ഹോമിയോ തുടങ്ങിയ ചികിത്സകൾക്കുള്ള മരുന്നുകൾ ഡോക്ടർമാർ അല്ലെങ്കിൽ വൈദ്യൻമാർ തന്നെ മനസ്സിലാക്കിവയ്ക്കുന്നുവെങ്കിൽ അലോപ്പതി ചികിത്സയിൽ ഡോക്ടർമാർ രോഗാവസ്ഥകൾ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സകളും മരുന്നുകളും നിർദ്ദേശിക്കുന്നുവെങ്കിലും ഈ മരുന്നുകൾ എല്ലാംതന്നെ കുത്തക വ്യാവസായികളുടെ മരുന്നുകമ്പനികൾ നിർമ്മിക്കുകയുംഅതിന്റെ പ്രചാരകരായി എത്തുന്ന റപ്രസെന്റേറ്റീവുകൾ മരുന്നുകളുടെ ഗുണനിലവാരം ഡോക്ടർമാരെ ബോധ്യപ്പെടുത്തുകയുംആ മരുന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡോക്ടർമാർ രോഗികൾക്ക്നൽകുകയും ചില രോഗികളിൽ രോഗശമനം ഉണ്ടാകുകയുംചെയ്യുന്നു.ഇതേ മരുന്നുകൾ ഹോസ്പിറ്റലുകളിലുംമെഡിക്കൽ സ്റ്റോറുകളിലും വിപണനം ചെയ്യുന്നു. പല മരുന്നുകമ്പനികളും തങ്ങളുടെ വിലയേറിയ മരുന്നുകൾ പല രോഗങ്ങളുമായി വരുന്ന രോഗികളുടെ ചികിത്സക്കായി നിർദ്ദേശിക്കണമെന്നുള്ള സമ്മർദ്ദം ചെലുത്തി ഡോക്ടർമാർക്കും ഹോസ്പിറ്റലുകൾക്കും . നല്ല പാരിദോഷികങ്ങൾ കൊടുക്കുകയുംചെയ്യും.വാങ്ങിച്ച പണത്തിനുള്ള കൂറ് ഡോക്ടർമാറും ആശുപത്രികളും മെഡിക്കൽ സ്റ്റോറുകാരും ഭംഗിയായി നിറവേറ്റും.

കേരളത്തിലെ ഏറെ പ്രശസ്തനായ ഒരു ഡോക്ടർ ഒരു പ്രമുഖചാനലിൽ നടന്ന ആരോഗ്യരംഗത്തെ ചർച്ചയിൽ പറഞ്ഞത് ഏറെ വിചിത്രവും ഞെട്ടിക്കുന്നതുമായ ചില സത്യങ്ങളാണ്.

” ആശുപത്രികളിലും വീടുകളിലും ഡോക്ടർമാരുടെ സേവനം തേടിവരുന്ന രോഗികൾക്ക്‌, ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന പല മരുന്നുകളും രോഗം മനസ്സിലാക്കാതെ, അതുമല്ലെങ്കിൽ മരുന്നുകമ്പനികളെ പ്രീതിപ്പെടുത്താൽ ഒരു രോഗത്തിനുതന്നെ നാലഞ്ചിനം മരുന്നുകൾ കുറിക്കും, അതിൽ മിക്കതും വില കൂടിയ ഗുളികകളുമായിരിക്കും. സത്യത്തിൽ ഇതിൽ ഒരിനം ഗുളിക മതിയാകും ഒന്നിലധികം രോഗങ്ങൾക്ക്‌ പ്രതിവിധിയായിട്ട് . കൂടുതൽ കഴിക്കുന്ന മരുന്നുകൾ രോഗിയുടെ രോഗം മാറ്റുകയില്ല എന്നു മാത്രമല്ല,മറ്റു പല മാരകമായ രോഗങ്ങൾക്ക്‌ വഴിയൊരുക്കുകയും ചെയ്യും.കാരണം ഇല്ലാത്ത രോഗത്തിനുള്ള മരുന്നാണ് പലരുടെയും ഉള്ളിൽ ചെല്ലുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു ചെറിയ പനിയുമായി ചെല്ലുന്നവരെ ഇവർ മാരക രോഗികളാക്കി തങ്ങളുടെ മരുന്നുകമ്പനികളെ കൂടുതൽ സമ്പന്നരാക്കും. കൃത്യമായി രോഗിയെ പരിശോധന നടത്തി ചികിത്സകൾ നിർദ്ദേശിക്കുന്ന ഡോക്ടർമാർ രോഗിയുടെ രോഗാവസ്‌ഥ, ആരോഗ്യസ്ഥിതി രോഗത്തിന്റെ കാലപ്പഴക്കം ഇതെല്ലാം നോക്കി ആവശ്യമുള്ള മരുന്നുകൾ മാത്രമേ കുറിക്കു. അതുമാത്രമല്ല എത്ര ക്ഷീണമുണ്ടെങ്കിലും സമയത്ത് ആഹാരം കഴിക്കുവാനും ധാരാളം വെള്ളം കുടിക്കാനും പറയും. മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം ആ മരുന്നിന്റെ പ്രവർത്തനങ്ങളെ ഉൾകൊള്ളാൻ ശരീരവും പ്രവർത്തനക്ഷമമാകണം. അതിന് കൃത്യമായി മരുന്നിനോടൊപ്പം ആഹാരവും കഴിച്ചേ മതിയാകൂ … ഇങ്ങനെ തുറന്നു പറയാൻ എത്ര ഡോക്ടർമാർക്കുകഴിയും. മനഃസാക്ഷിക്കുത്തില്ലാതെ ചങ്കൂറ്റത്തോടെ പറയാൻ കഴിവുള്ള ഡോക്ടർമാർ വളരെ കുറവായിരിക്കും. ഒരിക്കലും ആരോഗ്യമേഖലയേയോ ഡോക്ടർമാരെയോ മനഃ പ്പൂർവം കുറ്റപ്പെടുത്താനോ അവരുടെ സേവനങ്ങളെ കുറച്ചു കാണിക്കുകയോ അല്ല. കൺമുന്നിൽ പലപ്പോഴും കാണുന്ന കാഴ്ചകൾ, ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടിവന്നപ്പോഴും, മറ്റു രോഗികളെ കൊണ്ടുപോയിട്ടുള്ളപ്പോഴും, പത്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടേയും നവമാധ്യമങ്ങളിലൂടേയും അനുഭവിച്ചറിഞ്ഞ സത്യങ്ങൾ എങ്ങനെ വിസ്മരിക്കുവാൻ കഴിയും.

ഏകദേശം ഇരുപത്തി യഞ്ചു വർഷങ്ങൾക്കു മുൻപുവരെ ഗർഭിണികൾ തൊണ്ണൂറ് ശതമാനത്തിനുമുകളിൽ സ്വാഭാവിക പ്രസവങ്ങളായിരുന്നു. നവജാതശിശുവിന് പൂർണ്ണ വളർച്ചയെത്താതെയോ, കുട്ടി പുറത്തേയ്ക്ക് വരാതെ സങ്കീർണ്ണമാകുന്ന അവസ്ഥയിലോ, അമ്മയ്ക്കും കുഞ്ഞിനും ദോഷമാകുന്നഅവസ്ഥകളിലോ സിസേറിയൻ മാത്രമേ അവിടെ പ്രായോഗികമാകൂ എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുമ്പോഴാണ് ഒരു ഗർഭിണിയെ സിസേറിയന് വിധേയമാക്കുന്നത് .ഇന്ന്സിസേറിയൻ സർവ്വസാധാരണമാണ്. ഇത് സാധാരണക്കാരെ കടക്കെണിയിലാക്കുന്നു.

നെഞ്ചുവേദന, വയറുവേദന, മൂത്രാശയരോഗങ്ങൾ ഇവയിൽ ഏതെങ്കിലും രോഗത്തിന് ഹോസ്പിറ്റലിൽ പോയാൽ പിന്നെ സർവ്വത്ര പരിശോധനകളും ടെസ്റ്റുകളുമാണ്. ഗവൺമെന്റ് ഹോസ്പിറ്റലുകളോ, മെഡിക്കൽകോളേജുക ളോ ആവട്ടെ, അവിടെ ഈ പരിശോധനകൾക്കും ടെസ്റ്റുകൾക്കുമെല്ലാം സർക്കാർ കോടിക്കണക്കിനു രൂപ മുടക്കി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടത്തെ ലാബിലെ പരിശോധനകളോ സ്കാനിംഗികളോപല രോഗികൾക്കും ലഭിക്കാറില്ല. ഡോക്ടർമാർക്കു പങ്കാളിത്തമുള്ളലാബുകളിലെ പരിശോധനകൾക്കും സ്‌കാനിംഗിനും നിർദ്ദേശിക്കുകയും ആ റിസൾട്ടുകൾ മാത്രമേ ഡോക്ടർമാർ സ്വീകരിക്കുകയുള്ളു. സത്യാവസ്ഥ എന്തെന്നുള്ളത് മനസിലാക്കാവുന്നതേ ഉള്ളു. ഡോക്ടർമാരുടെ കുറിപ്പടികളുമായി സ്കാനിംഗിനും പരിശോധനകൾക്കുമായി എത്തുമ്പോൾ, ആ ഡോക്ടർമാർക്കുള്ള വിഹിതവും വരുന്ന രോഗിയോടുവാങ്ങുന്നു. ഡോക്ടർമാരുടെ വിഹിതം കൃത്യമായി അവരുടെ അക്കൗണ്ടിൽ സുരക്ഷിതമായി എത്തുകയും ചെയ്യും.

ഇവിടെയും തീരുന്നില്ല. പല ആശുപത്രികളുംഅറവു ശാലകളായിമാറുകയാണ്. ഓപ്പറേഷന് വിധേയമാക്കി പലരുടേയും അവയവങ്ങൾ മുറിച്ചുമാറ്റി വൻകിട മാഫിയകൾക്ക്‌ വിൽക്കുന്ന നികൃഷ്ടമായ പ്രവർത്തികളുംനടക്കുന്നു. അപകടങ്ങളിൽ പെട്ട് അത്യാസന്ന നിലയിലെത്തുന്നവരിൽചിലർ ജീവിതത്തിലേയ്ക്ക് തിരിച്ചുവരില്ല എന്ന സന്ദർഭങ്ങളിൽ വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ സമ്മതത്തോടെ അവയവമാറ്റം നടക്കുന്നുണ്ട്. എന്നാൽ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഉണ്ടായിട്ടുംമരണത്തിന് വിട്ടുകൊടുത്തുകൊണ്ട് ചില ഹോസ്പിറ്റലുകൾ ജീവനുള്ള ശരീരത്തിൽ നിന്ന്അവയവങ്ങൾ നീക്കം ചെയ്യുന്നു. യാഥാർഥ്യം ബന്ധുക്കൾ പോലും തിരിച്ചറിയാതെ പോകുന്നു.അത്രമേൽ നിന്ദ്യമായ രീതിയിൽ ആരാച്ചാരുടെ കുപ്പായം അണിയുന്നവരും ആരോഗ്യമേഖല അടക്കിവാഴുന്നുണ്ടെന്നുള്ളത് സത്യമാണ്.

മറ്റൊരു അവസ്ഥ സർക്കാർ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ചികിത്സയ്ക്കെത്തുന്ന രോഗികളോടുള്ള വിവേചന രീതികളാണ്. അത്യാസന്നനിലയിലെത്തുന്ന രോഗികളോടുപോലും ഈ തരംതിരിവുണ്ട്. അറുപതു വയസ്സിനു മുകളിലുള്ള രോഗികൾക്ക് വേണ്ടത്ര പരിചരണംസർക്കാർ മെഡിക്കൽ കോളേജുകളിൽപലപ്പോഴും ലഭിക്കാതെപോകുന്നു.സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് പോലുള്ള അവസ്ഥയിൽ അടിയന്തരചികിത്സവേണ്ട സമയത്ത് നൽകാതെരോഗിയെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയും നേരിൽ കാണേണ്ടിവന്നിട്ടുണ്ട്.ഡോക്ടർമാരുടെ നിരുത്തരവാദിത്വപരമായ പ്രവണതകൊണ്ടുംജീവനക്കാരുടെ അനാസ്ഥകൊണ്ടും തക്ക സമയത്തു ചികിത്സ കിട്ടാത്തതിന്റെ കാരണത്താൽ ജീവൻ നഷ്ടപ്പെടുന്നവരുണ്ട്.

ഡോക്ടർമാർ എന്നു പറയുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ തിളക്കമുള്ള ഒരു രൂപമുണ്ട്.അർപ്പണമനോഭാവത്തിന്റെ, സൗമ്യതയുടെ,സ്നേഹത്തിന്റെ, കരുണയുടെ പ്രതിരൂപം. ചില ഘട്ടങ്ങളിൽ ഈശ്വരനു തുല്യം.കാരണം നഷ്ടപ്പെട്ടുപോകാവുന്ന ജീവൻവരെ ചികിത്സയിലൂടെ തിരിച്ചുനൽകുന്ന ഡോക്ടർമാരെ അങ്ങനെയല്ലാതെ എങ്ങനെയാണ് കാണുക. എന്നാൽ പണത്തിനും, സ്റ്റാറ്റസിനും വേണ്ടി മക്കളെ ആരോഗ്യമേഖല തെരെഞ്ഞെടുപ്പിക്കുകയും, ബിസിനസ് മൈന്റുള്ള ഇവർ ഡോക്ടർമാരായിമാറുമ്പോൾ പണസമ്പാദനത്തിനായി രോഗികളെ ചൂഷണം ചെയ്യുകയും, മനുഷ്യന്റെ ജീവന് വില കൽപ്പിക്കാതെ വരികയും ചെയ്യുന്നു. ഇവരിൽ തന്നെ ചിലരെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരുമുണ്ട്.ഇങ്ങനെയുള്ളവരാണ് ഏറെ പരിപാവനമായ ആരോഗ്യമേഖലയെനശിപ്പിക്കുന്നത്.

ഈ അവസരത്തിൽ മനുഷ്യസ്നേഹികളായ ഡോ. കൃഷ്ണൻ നായർ,ഡോ. ഗംഗാധരൻ,ഡോ. വല്യത്താൻ, ഡോ. ഇക്ബാൽ, ഡോ.ജയകുമാർ….തുടങ്ങി എടുത്തു പറയാവുന്ന കുറച്ചുപേരുടെ സേവനം എക്കാലവും പ്രശംസനീയമാണ്. ഇതോടൊപ്പം ആയൂർവേദം,ഹോമിയോ ചികിത്സാരംഗത്തും കാരുണ്യത്തിന്റെ കരസ്പർശമുള്ള വ്യക്തിത്വങ്ങളുണ്ട് എന്നത് അഭിമാനിക്കാവുന്നതാണ്. അർഹതപ്പെട്ട ശമ്പളം മാത്രം വാങ്ങി, സ്നേഹത്തിന്റെ കരസ്പർശമായി ഇവർ മാറിയത് അവരുടെ കർമ്മമണ്ഡലങ്ങളിലെ പ്രവർത്തന മികവിലൂടെ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത അംഗീകാരമാണെന്നത് പ്രശംസനീയമാണ്.ഇവർ കേരളത്തിന്റെ അഭിമാനമായി എക്കാലവും ചേർത്തുവെയ്ക്കാവുന്നആതുര സേവകരാണ്.

ഏറ്റവും മികച്ച ചികിത്സകൾ ലഭിക്കുന്ന ഹോസ്പിറ്റലുകളുള്ള ശ്രദ്ധേയമായ നാടാണ് നമ്മുടെ കേരളം. അതിന് നിരവധി ഉദാഹരണങ്ങൾതന്നെയുണ്ട്. ഇവിടെയുള്ള രോഗികളെ മാത്രമല്ല അറബ് രാജ്യങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും ചികിത്സയിലൂടെ ഭേദമാകത്ത രോഗങ്ങൾക്ക്, പ്രസവിച്ചിട്ടു കേവലം ഒരു വയസ്സുപോലുമാകാത്ത കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുമായിഎത്തുന്ന രോഗികൾ കേരളത്തിൽ വന്നു മികച്ച ചികിത്സനേടി മടങ്ങിയ ഉദാഹരണങ്ങൾ മുന്നിൽ നിൽക്കെ, ഹൃദയമാറ്റ ശസ്ത്രക്രിയകളിൽ മികച്ച വിജയം കാഴ്ചവച്ച പ്രമുഖ ഹോസ്പിറ്റലുകളുടെ പേരുകൾ തങ്കലിപികളാൽ ലോകമാകെ അംഗീകരിക്കപ്പെടുമ്പോൾ ഏറെ കൗതുകമുണർത്തുന്നതും എന്നാൽ ഒരിക്കലും പൊരുത്തപ്പെടാനും കഴിയാത്ത നിന്ദ്യമായ ഒരവസ്ഥയെക്കുറിച്ചുകൂടി പറയാതെ ഈ ലേഖനം പൂർണ്ണമാക്കാൻ കഴിയില്ല. വർഷങ്ങളായി നമ്മുടെ നാട്ടിൽ അരങ്ങേറുന്ന ഈ പ്രവണത മാറേണ്ടിയിരിക്കുന്നു. . കാലാകാലങ്ങളായി ഇവിടെ വിവിധസർക്കാരുകൾ ഭരണത്തിൽ വരുന്നു. നാളിതുവരെയുള്ള സർക്കാരുകൾ ആര് മാറിമാറി ഭരിച്ചാലും ആ കാലഘട്ടങ്ങളിൽ മന്ത്രിമാരാകുന്നവർക്ക് എന്തെങ്കിലും രോഗങ്ങൾ വന്നാൽ ഉടനെ വിദേശരാജ്യങ്ങളിൽ സർക്കാർ ചെലവിൽ ചികിത്സതേടി പോവുകയാണ്. വിദേശരാജ്യങ്ങൾവരെ അംഗീകരിച്ച ഏറെ നൂതന ചികിത്സകൾവരെയുള്ള ഹോസ്പിറ്റലുകൾ ഉള്ളപ്പോൾ ഈ മന്ത്രിമാർ ഇവിടെ ചികിത്സ തേടാതെ എന്തിനാണ് വിദേശങ്ങളിൽ പോകുന്നത്? ഇങ്ങനെയുള്ള ജനപ്രതിനിധികൾക്ക്‌ ഇവിടത്തെ ചികിത്സകളിൽ വിശ്വാസമില്ലെങ്കിൽ ഇവർ എന്തിനാണ് പത്രമാധ്യമങ്ങളിലും ചാനലുകളിലും വിവിധ നവമാധ്യമങ്ങളിലും ജനങ്ങളോടായി, ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഹോസ്പിറ്റലുകളിൽ പോകുവാനും ചികിത്സകൾ സമയങ്ങളിൽ തേടണമെന്നും പറയുന്നത്.? എത്ര വിരോധാഭാസമാണിത്. തങ്ങൾക്ക്‌ ഒരു പല്ലുവേദന വന്നാൽപോലും വിദേശ ചികിത്സ, അതും സർക്കാരിന്റെ ഖജനാവിലെ പണംകൊണ്ട്. ജനങ്ങൾക്ക് രോഗം വന്നാൽ ഇവിടത്തെ ആശുപത്രികളിലെ ചികിത്സകൾ. ഈ രീതികൾ മാറണം.ആദ്യം മുകൾതട്ടുകളിൽനിന്നുമാണ് മാറ്റങ്ങൾ വരേണ്ടത്.ഉന്നത അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ജനപ്രതിനിധികൾ ജനങ്ങളുടെ നികുതിപ്പണവും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട് എന്നുള്ള സത്യം മറക്കാതിരിക്കണം.അതോടൊപ്പം ആരോഗ്യരംഗത്തെ കള്ളനാണയങ്ങളെ പുറത്താക്കുകയും

ആരോഗ്യമേഖലയെ സാർവത്രികമായി നില നിർത്താൻ സർക്കാർ തലത്തിലെ പ്രവർത്തനങ്ങൾ ശക്തി പ്പെടുത്തുകയും ചെയ്താൽ മാത്രമേ ആരോഗ്യ മേഖലയിലെ അപചയങ്ങളെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6