Skip to content

chithrodayamflashnews.com

November 30, 2026 3:00 am

ചരിത്രത്തിൽ ഇന്ന്

ജനുവരി 10 ചിരിദിനം

ജനുവരി 10 ഉം മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ച്ചയും ലോകത്തിന്റെ പല ഭാഗങ്ങളിലും ചിരിദിനം ആയി ആചരിച്ച്‌ വരുന്നു

ഇന്ന് നമുക്കെല്ലാം മനസു തുറന്നൊന്നു ചിരിക്കാം. ഈ ദിവസം ചിരിച്ചില്ലെങ്കിൽ പിന്നെ എന്നാണ് ചിരിക്കുക! കാരണം ചിരിക്കാനായി ‌ മാറ്റി വച്ചിരിക്കുന്ന ദിനമാണിന്ന്, ലോക ചിരിദിനം. ചിരി ഒന്നിനും മരുന്നല്ല , പക്ഷെ ഒരു പുഞ്ചിരികൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭ ചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. നമ്മുടെ രാജ്യത്തുനിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചത്. 1998 ജനുവരി പത്തിനു ബോംബയിലായിരുന്നു ചിരിദിനത്തിന്റെ ആദ്യ ആഘോഷം. ലോക വ്യാപകമായി ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ട ഡോ. മദൻ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്.

ചിരി ശുഭസൂചകമായി ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാൻ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാർഗത്തിലേക്കു നയിക്കാൻ ചിരിയെന്ന മാന്ത്രികനു സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാൻ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രാചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവൻ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.

ഏതൊരു സംഭവത്തെയും ചിരിച്ചുകൊണ്ട് നേരിടാനായാൽ അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നതായിരുന്നു ഡോ കട്ടാരിയയുടെ പഠനം. അങ്ങനെ തന്നെയാണ് അദ്ദേഹം ജീവിതം കൊണ്ട് സംസാരിച്ചതും. മനുഷ്യന്റെ ശാരീരിക മാറ്റങ്ങൾ അവന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്ന് ആദ്യമായി പറഞ്ഞത് ചാൾസ് ഡാർവിനായിരുന്നു. ഡാർവിന്റെ തത്വവും ഡോ കത്താരിയയെ ഏറെ സ്വാധീനിച്ചു. ചിരിക്കുവേണ്ടിയുള്ള ആഘോഷം ലോക സമാധാനത്തിനു വേണ്ടി കൂടിയുള്ള ആഘോഷമാണെന്നും ചിരിദിന സ്ഥാപകൻ പറഞ്ഞിട്ടുണ്ട്. 105 ഓളം രാജ്യങ്ങളിലാണ് ഇപ്പോൾ ചിരിയോഗ പ്രചാരത്തിലുള്ളത്.അവിടെയെല്ലാം നൂറു കണക്കിന് ചിരി ക്ലബ്ബുകളുമുണ്ട്.

കെ.ജെ. യേശുദാസ് – ജന്മദിനം 10-01- 1940

പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്ര പിന്നണി ഗായകനാണ് കെ.ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട് കൊച്ചി, കേരളം). അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത് അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശനികനായിപ്പോല] കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (8) നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്

ജീവിതരേഖ

ബാല്യ കാലം, ആദ്യ പാഠങ്ങൾ
1940 ജനുവരി 10-ന് ഫോർട്ടു കൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെ പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ ജോസഫ്.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.

1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്കൂൾ വിദ്യാഭ്യാസം മുഴുവൻ അവിടെയാണ് നടത്തിയത്. 1958 മാർച്ചിൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്.എസ്.എൽ.സി. പാസായി.

ആദ്യ ഗാനം

സംഗീത പഠനം കഴിഞ്ഞയുടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.

കുടുംബ ജീവിതം

മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്.

അംഗീകാരങ്ങൾ

പത്മവിഭൂഷൺ, 2017
പത്മഭൂഷൺ, 2002
പത്മശ്രീ, 1973
ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
സംഗീത നാടക അക്കാദമി പുരസ്കാരം, 1992
ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
ഗാന ഗന്ധർവൻ
ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
സ്വരലയ പുരസ്കാരം

ജോൺ മത്തായി – ജന്മദിനം 10-01-1886

സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു. രണ്ടു പ്രാവശ്യം ബജറ്റ് അവതരിപ്പിട്ടുണ്ട്. എന്നാൽ 1950-ലെ ബജറ്റിനെക്കുറിച്ചുള്ള പ്രതിഷേധം കാരണം രാജി വെച്ചു.

വിദ്യാഭ്യാസം

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ മത്തായി 1922 മുതൽ 1925 വരെ മദ്രാസ് സർവ്വകലാശാലയുടെ ഒരു പാർട്ട് ടൈം പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതം

നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് എക്കണോമിക് റിസേർച്ച് (NCAER) സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത മത്തായി അതിന്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ഇങ്ങനെയാണ് ഇന്ത്യയിലെ ആദ്യ സ്വതന്ത്രമായ സാമ്പത്തിക നയം ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹിയിൽ നിലവിൽ വന്നത്.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ മത്തായി 1922 മുതൽ 1925 വരെ മദ്രാസ് സർവ്വകലാശാലയുടെ ഒരു പാർട്ട് ടൈം പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

1955 മുതൽ 1957 വരെ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് 1957 മുതൽ 1959 വരെ കേരള സർവകലാശായിലെ ആദ്യ വൈസ് ചാൻസലറായും സേവനമനുഷ്ടിച്ചു.

അനന്തരവനായ വർഗ്ഗീസ് കുര്യൻ ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ പിതാവാണ്. അദ്ദേഹത്തിന്റെ മകൻ രവി ജെ മത്തായി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കുടുംബാംഗങ്ങൾ ഡോ ജോൺ മത്തായി സെന്റർ എന്നാ സ്ഥാപനം തൃശ്ശൂരിൽ നിർമിച്ചു.

ജോൺ മത്തായി 1934-ൽ ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയറിന്റെ കമ്പാനിയനായി നിയമിതനായി.1959 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു..

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് – ജന്മദിനം 10-01-1923

ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം – 1923 ജനുവരി 10, മരണം – 2000 ഏപ്രിൽ 10). അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്

കൃതികൾ

വീണ (1947)
കൽപ്പന (1948)
അശരീരികൾ (1949)
കിലുങ്ങുന്ന കയ്യാമം (1949)
കുളമ്പടി (1950)
പാഞ്ചാലി (1957)
കഥാകവിതകൾ
നങ്ങേമക്കുട്ടി (1967)
ദുഃഖമാവുക സുഖം (1980)
നിഴലാന (1987)
ജാലകപ്പക്ഷി (1988)
വരിനെല്ല് (1993)

വി.ആർ. ഗോപാലകൃഷ്ണൻ – ചരമദിനം 10-01-2016

ഒരു മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ
( -മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സംവിധായകൻ പ്രിയദർശന്റ സുഹൃത്തും സഹപാഠിയുമായിരുന്നു ഗോപാലകൃഷ്ണൻ. പാലക്കാട് ജില്ലയിൽ രാമനാഥപുരത്തെ സ്വഭവനത്തിൽ നിന്നും തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തി. ഭാര്യ: ഗീത. മക്കൾ: അർജുൻ, അരവിന്ദ്.

വി.ആർ. ഗോപാലകൃഷ്ണൻ
സംവിധാനം ചെയ്ത ചിത്രങ്ങൾ

കാക്കത്തൊള്ളായിരം – 1991
ഭാര്യ – 1994
കാഴ്ച്ചയ്ക്കപ്പുറം – 1992

തിരക്കഥകൾ

കില്ലാടി രാമൻ – 2011
www.അണുകുടുംബം.കോം – 2002
ഈ പറക്കും തളിക – 2001
ക്യാബിനറ്റ് – 1994
കൗതുകവാർത്തകൾ – 1990
വന്ദനം – 1989
ചക്കിക്കൊത്ത ചങ്കരൻ – 1989
ചെപ്പ് – 1987
ധീം തരികിട തോം – 1986
ആഴിക്കൊരു മുത്ത്
കൗശലം
തോവാളപ്പൂക്കൾ
ശോഭനം
പൈലറ്റ്‌സ്
കല്യാണക്കുറിമാനം
ഹായ്
ചലച്ചിത്രകഥ
കൗതുകവാർത്തകൾ
കാക്കത്തൊള്ളായിരം
ക്യാബിനറ്റ്
www.അണുകുടുംബം.കോം
കില്ലാടി രാമൻ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ

ഗുരു – 1997
അക്കരെയക്കരെയക്കരെ – 1990
കടത്തനാടൻ അമ്പാടി – 1990
അരം+അരം= കിന്നരം – 1985
തകിലുകൊട്ടാമ്പുറം – 1981
അസ്സോസൊയേറ്റ് സംവിധാനം
യുവതുർക്കി – 1996
വെള്ളാനകളുടെ നാട് – 1988
ചിത്രം – 1988
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു – 1988
ചെപ്പ് – 1987
പറയാനും വയ്യ പറയാതിരിക്കാനും വയ്യ – 1985
ഒന്നും മിണ്ടാത്ത ഭാര്യ – 1984
തത്തമ്മേ പൂച്ചപൂച്ച – 1984
വിസ – 1983

പുതുപ്പള്ളി രാഘവൻ – ജന്മദിനം10-01-1910

പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവൻ (10 ജനുവരി 1910 – 27 ഏപ്രിൽ 2000). മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

പുതുപ്പള്ളിയിൽ`, മനയ്ക്കൽ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. പ്രയാർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ പതിന്നാലാം വയസ്സിൽവൈക്കം സത്യഗ്രഹജാഥയ്ക്ക് പണം പിരിച്ചു. സൈമൺ കമ്മിഷനെ ബഹിഷ്ക്കരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിയമംലംഘിച്ച് ഉപ്പുവാരാൻ പയ്യന്നൂർക്കുപോയ ജാഥയോടൊപ്പം കൂടി. കോഴിക്കോട്ടെ കോൺഗ്രസ് വാളണ്ടിയർ ക്യാമ്പിൽ പങ്കെടുത്ത് കള്ളുഷാപ്പ് പിക്കറ്റിംഗിൽ അറസ്റ്റ് വരിച്ചു. നാലു വർഷം ഒളിവിലും പന്ത്രണ്ടുവർഷം പല ലോക്കപ്പുകളിലും ജയിലിലും കഴിഞ്ഞു. ഗാന്ധിജിയെ നേരിൽക്കണ്ട് വാർധാ ആശ്രമത്തിൽ അന്തേവാസിയായി. പിന്നീട് ഭാരതമെമ്പാടും സഞ്ചരിച്ചു.

തിരിച്ച് തിരുവിതാംകൂറിലെത്തി പൊന്നറ ശ്രീധർ, എൻ.പി. കുരുക്കൾ, പി. കൃഷ്ണപിള്ള, ആർ. ശങ്കരനാരായണൻ തമ്പി എന്നീ യൂത്ത്ലീഗ് നേതാക്കളുമായി ചേർന്ന് തിരുവനന്തപുരത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസിലും 1942ൽ കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. വള്ളിക്കുന്നത്തെ കർഷകത്തൊഴിലാളികളെയും ഇടത്തരം കൃഷിക്കാരെയും സംഘടിപ്പിച്ചു. ധനികരുടെ മുഷ്ക്കിനെതിരെ ചെറുത്തുനിൽപ്പുകൾ ആരംഭിച്ചതോടെ പുതുപ്പള്ളി രാഘവൻ പ്രമാണിമാരുടെ നോട്ടപ്പുള്ളിയായി. ധാരാളം കള്ളക്കേസുകളിൽ കുടുങ്ങിയതോടെ ഒളിവിൽ കഴിഞ്ഞു. ശൂരനാട്ട് നാലു പോലീസുകാർ നാട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി 1950ൽ അറസ്റ്റിലായി. ലോക്കപ്പിൽ മൃഗീയ മർദ്ദനത്തിന് ഇരയായി. പോലീസ് അറസ്റ്റിനെത്തുടർന്ന് ദീർഘകാലം പൂജപ്പുര സെൻട്രൽ ജയിലിലും നാഗർകോവിൽ ക്ഷയരോഗാശുപത്രിയിലും കഴിഞ്ഞു. 1964ൽ കമ്യൂണിസ്റ്റ്പാർട്ടി പിളർന്നതോടെ സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങി. 2000 എപ്രിൽ 27നു 90ആം വയസ്സിൽ മരണപ്പെട്ട അദ്ദേഹം ജ്നമദേശമായ പുതുപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു

കൃതികൾ

കേരള പത്രപ്രവർത്തനചരിത്രം
എന്റെ വിപ്ലവ സ്മരണകൾ (4 ഭാഗം)
മോപ്പസാങിന്റെ ചെറുകഥകൾ
ടോൾസ്റ്റോയിയുടെ ചെറുകഥകൾ
പാസ്പോർട്ടില്ലാത്ത പാന്ഥൻ
ഗോഖലെ (ജീവചരിത്രം)
തിലകൻ (ജീവചരിത്രം)

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (എന്റെ വിപ്ലവ സ്മരണകൾ – ഒന്നാം ഭാഗം)

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ – ചരമദിനം 10-01-1994

നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

ജീവിതരേഖ

തമിഴ്നാട് നാഗർകോവിൽ ലക്ഷ്മിപുരം കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്ന രാമകൃഷ്ണൻ നായർ, പ്രേം നസീറിന്റെ സൗഹൃദത്തിൽ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം നസീറിന്റെ നിർബന്ധപ്രകാരമാണ് ആദ്യ ചലച്ചിത്രഗാനം എഴുതുന്നത്. ഐ.വി. ശശി സംവിധാനം ചെയ്ത് 1977ൽ പ്രദർശനത്തിനെത്തിയ ഇന്നലെ ഇന്ന് എന്ന ചലച്ചിത്രത്തിന് വേണ്ടി ദേവരാജന്റെ ഈണത്തിൽ രചിച്ച സ്വർണ്ണ യവനികയ്ക്കുള്ളിലെ സ്വപ്ന നാടകം എന്ന ഗാനമായിരുന്നു അത്. ചില ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയുമെഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ അസുഖബാധിതനായ അദ്ദേഹത്തിന് കൂടുതൽ കാലം ഈ രംഗത്ത് സജീവമായി തുടരാനായില്ല. നീണ്ടുനിന്ന ചികിൽസക്കിടയിലും 1985 വരെ ഗാനങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം 1994 ജനുവരി പത്തിനു തന്റെ 64 വയസ്സിൽ അന്തരിച്ചു.

ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ

1977 ഇന്നലെ ഇന്ന് സ്വർണ്ണ യവനികയ്ക്കുള്ളിലെ … കെ.ജെ. യേശുദാസ് ജി. ദേവരാജൻ

1978 നിനക്കു ഞാനും എനിക്കു നീയും ആയിരം രാത്രി പുലർന്നാലും … പി. ജയചന്ദ്രൻ വി. ദക്ഷിണാമൂർത്തി

1978 നിനക്കു ഞാനും എനിക്കു നീയും കള്ളടിക്കും പൊന്നളിയാ പി. ജയചന്ദ്രൻ, കെ.പി. ബ്രഹ്മാനന്ദൻ വി. ദക്ഷിണാമൂർത്തി

1978 കടത്തനാട്ടു മാക്കം നീട്ടിയ കൈകളിൽ … കെ.ജെ. യേശുദാസ് ജി. ദേവരാജൻ

1978 കടത്തനാട്ടു മാക്കം ആയില്യം കാവിലമ്മെ വിട കെ.ജെ. യേശുദാസ് ജി. ദേവരാജൻ

1978 കടത്തനാട്ടു മാക്കം കാലമാം അശ്വത്തിൻ … കെ.ജെ. യേശുദാസ് ജി. ദേവരാജൻ

1978 കല്പവൃക്ഷം പുലരിയിൽ നമ്മെ … അമ്പിളി വി. ദക്ഷിണാമൂർത്തി

1978 കല്പവൃക്ഷം കല്യാണസൗഗന്ധികപ്പൂ … കെ.ജെ. യേശുദാസ് വി. ദക്ഷിണാമൂർത്തി

1978 കല്പവൃക്ഷം കൊച്ചീലഴിമുഖം … അമ്പിളി, ജയശ്രീ വി. ദക്ഷിണാമൂർത്തി

1978 അഷ്ടമുടിക്കായൽ മേടമാസക്കുളിരിൽ… ഷെറിൻ പീറ്റേഴ്സ് വി. ദക്ഷിണാമൂർത്തി

1978 കനൽക്കട്ടകൾ അനന്തമാം ചക്രവാളം … കെ.ജെ. യേശുദാസ് വി. ദക്ഷിണാമൂർത്തി

1978 കനൽക്കട്ടകൾ ഇന്ദുവദനേ… കെ.ജെ. യേശുദാസ് വി. ദക്ഷിണാമൂർത്തി

1978 കനൽക്കട്ടകൾ ആനന്ദവല്ലി ആയിരവല്ലി … അമ്പിളി, വി. ദക്ഷിണാമൂർത്തി വി. ദക്ഷിണാമൂർത്തി

1978 നിവേദ്യം പാദസരം അണിയുന്ന … കെ.ജെ. യേശുദാസ്, പി. മാധുരി ജി. ദേവരാജ

1978 സുന്ദരിമാരുടെ സ്വപ്നങ്ങൾ സുന്ദരിമാരുടെ … എം.എസ്. വിശ്വനാഥൻ എം.എസ്. വിശ്വനാഥൻ

1978 സുന്ദരിമാരുടെ സ്വപ്നങ്ങൾ ജന്മം നേടിയതെന്തിന് സീത … എസ്. ജാനകി എം.എസ്. വിശ്വനാഥൻ

1978 സുന്ദരിമാരുടെ സ്വപ്നങ്ങൾ പുരാണ കഥയിലെ … പി. ജയചന്ദ്രൻ എം.എസ്. വിശ്വനാഥൻ

1978 സുന്ദരിമാരുടെ സ്വപ്നങ്ങൾ ആലോലം ആലോലം … പി. ജയചന്ദ്രൻ എം.എസ്. വിശ്വനാഥൻ

1978 അമർഷം വാതിൽ തുറക്കൂ … കെ.ജെ. യേശുദാസ് ജി. ദേവരാജൻ

1978 അമർഷം പവിഴമല്ലി നിന്റെ … പി. ജയചന്ദ്രൻ, പി. മാധുരി ജി. ദേവരാജൻ

1978 അമർഷം മാളോരേ മാളോരേ … പി. സുശീല ജി. ദേവരാജൻ

1978 അമർഷം ഒത്തുപിടിച്ചാൽ മലയും പോരും … പി. ജയചന്ദ്രൻ,കാർത്തികേയൻ ജി. ദേവരാജൻ

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തിരക്കഥയെഴുതിയ ചിത്രങ്ങൾ

1981 കൊടുമുടികൾ പ്രേംനസീർ ജയഭാരതി ശശികുമാർ

പരവൂർ വി. കേശവനാശാൻ -ചരമദിനം 10-01-1917

മലയാളത്തിലെ ഒരു സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദ്ധനായിരുന്നു. സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു.

പരവൂർ വി. കേശവനാശാൻ

ജീവിതരേഖ

കൊല്ലവർഷം 1034 കുംഭം 17-ന് (1859) കൊല്ലം താലൂക്കിൽ പരവൂരിൽ കൊച്ചമ്പാളി ആശാൻ എന്ന ഭാഷാകവിയുടെ ഭാഗിനേയനായ വൈരവൻ വൈദ്യന്റെയും തയ്യിൽ കുറുമ്പയമ്മയുടെയും മകനായി ജനിച്ചു.

പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ, ഇലത്തൂർ കൃഷ്ണസ്വാമിശാസ്ത്രികൾ, അദ്ദേഹത്തിന്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രികൾ എന്നിവരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു് വ്യുത്പത്തി നേടി. കൂടാതെ ആയുർവേദവും ജ്യോതിഷവും പഠിച്ചു പ്രാവീണ്യം സമ്പാദിച്ചു. കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി. പ്രസിദ്ധകവിയായ കെ.സി. കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്.

അവർണരെ അടിമകളാക്കി വിദ്യാഭ്യാസം നിഷേധിച്ച രീതിയായിരുന്നു രാജഭരണമായിരുന്ന തിരുവിതാംകൂറിൽ നിലനിന്നിരുന്നത്. അവശരും മർദ്ദിതരും ചൂഷിതരുമായി മാറിയ താനുൾപ്പെടുന്ന സമൂഹത്തിന്റെ ശോചനീയാവസ്ഥ കേശവനാശന്റെ ദുഃഖമായിരുന്നു. എന്നാൽ 1888-ൽ നടന്ന അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു മറ്റൊരു സംഭവത്തിനു തുടക്കമിട്ടു. ഈ സംഭവത്തൊടെ കേശവനും ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനായി മാറി. ഇങ്ങനെ കേശവൻ പത്രപ്രവർത്തനത്തോടൊപ്പം സാമൂഹ്യപ്രവർത്തകനുമായി. ശ്രീമൂലം പ്രജാസഭാ മെമ്പറായും പ്രവർത്തിച്ചു

സംസ്‌കൃതത്തിലും ഭാഷയിലും കവനം ചെയ്യാനുള്ള ആശാന്റെ സാമർത്ഥ്യത്തെ കേരള കാളിദാസൻപോലും പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലൊന്നായിരുന്നു കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പാതാളരാമായണം ആട്ടക്കഥ, പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു. സംസ്‌കൃതത്തിലുള്ള ആശാന്റെ കഴിവിനെ കേരള കാളിദാസൻ പോലും പ്രശംസിച്ചിരുന്നു. ആശാന്റെ ആദ്യകാല കൃതികളിലൊന്നാണ് കല്യാണ സൗഗന്ധികം അമ്മാനപ്പാട്ട്. പ്രസിദ്ധമായ മാധവനിദാനത്തിനു സാരചന്ദ്രികയെന്ന പേരിൽ വ്യാഖ്യാനവും വൈദ്യസംഗ്രഹവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ശാർങ്ധര സംഹിത, ഭൈഷജ്യരത്‌നാവലി, ഭാവപ്രകാശം മുതലായവയ്ക്കും എഴുതിയിട്ടുണ്ടെങ്കിലും ഇവയൊന്നും പൂർത്തീകരിക്കപ്പെട്ടില്ല. ഒരു നിഘണ്ടുവും ആശാൻ എഴുതി പൂർത്തീകരിച്ചിരുന്നെങ്കിലും അതും പ്രസിദ്ധീകരിച്ചില്ല. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജനനത്തെ ആസ്പദമാക്കി ‘രാജകുമാര സംഭവം’ എന്ന പേരിലുള്ള ഒരു മഹാകാവ്യ നിർമ്മാണത്തിലാണ് ആശാൻ അവസാനമായി ഏർപ്പെട്ടിരുന്നത്.

1897-ൽ സർക്കാർ ഗ്രാന്റ് ഏർപ്പെടുത്തി ആശാനെ പരവൂരിലെ ആദ്യത്തെ സർക്കാർ വൈദ്യനായി നിയമിച്ചു. ആരോഗ്യ സന്ദായിനി എന്ന പേരിൽ ആശാൻ അവിടെ ഒരു വൈദ്യശാലയുടെ ആരംഭിച്ചു. തിരുവനന്തപുരത്തെ ആയുർവേദ പാഠശാലയിൽ ഈഴവർക്ക് പ്രവേശനം ലഭ്യമാക്കാനായി ശ്രീമൂലം പ്രജാസഭാ മെമ്പർ എന്ന നിലയിൽ ആശാൻ ഏറെ വാദിച്ചിരുന്നു. സ്വന്തമായി ഒരു ആയുർവേദ കോളേജ് തുടങ്ങാനും ആശാൻ ആലോചിച്ചിരുന്നു.

കൊ.വ. 1065-ൽ കണ്ടത്തിൽ വർഗീസ് മാപ്പിള മലയാളമനോരമക്കമ്പനി സ്ഥാപിച്ച് പത്രം പുറത്തിറക്കിയ മാതൃക പിന്തുടർന്ന് കേശവനാശാനും കേരളഭൂഷണക്കമ്പനി ക്ളിപ്തം എന്ന പേരിൽ കൊ.വ. 1066-ൽ 10,000 ഉറുപ്പിക മൂലധനത്തിൽ ഒരു കമ്പനി ആരംഭിച്ചു. അതിലൂടെ 1067-ൽ സുജനാനന്ദിനി എന്നൊരു പ്രതിവാര വൃത്താന്തപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. അതോടൊപ്പം സാഹിത്യാഭിവൃദ്ധി ലക്ഷ്യമാക്കി ഒരു പ്രത്യേക കോളവും ആരംഭിച്ചു. വലിയ കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കുണ്ടൂർ നാരായണമേനോൻ, സി.എസ്. സുബ്രഹ്മണ്യൻപോറ്റി, മൂലൂർ എസ്. പദ്മനാഭപ്പണിക്കർ എന്നിവർ അതിലെ എഴുത്തുകാരായിരുന്നു. പത്രം പിന്നീട് നിന്നുപോയി. 1078-ൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും മൂന്നുകൊല്ലത്തിനുള്ളിൽ വീണ്ടും പ്രവർത്തനം നിന്നു. 1080-ൽ നടന്ന നായർ-ഈഴവ ലഹളക്കാലത്ത് കേരളഭൂഷണം പ്രസ് തീവച്ചു നശിപ്പിക്കപ്പെട്ടു. ഈഴവരുടെ ആദ്യപത്രമായതിനാൽ ഇത് ഈഴവപത്രം എന്നും അറിയപ്പെട്ടിരുന്നു.

ഈ സംഭവത്തെ കുമാരനാശാൻ തന്റെ കവിതയിൽ ഇങ്ങനെ സൂചിപ്പിച്ചു.

“ ‘മുറിവേല്പിക്കിലും ധൂർത്തർ പത്രം ചുട്ടുപൊടിക്കിലും
മുഷ്ക്കിന്നു കീഴടങ്ങാതെ മരിപ്പോളം തടുക്കുവിൻ’

”
1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.

സന്യാസം സ്വീകരിച്ച് ശ്രീനാരായണഗുരുവിനൊപ്പം ലോകസേവനം മനസ്സിൽ ലക്ഷ്യമാക്കിയിരുന്നെങ്കിലും 50-ആം വയസ്സിൽ 1917 ജനുവരി 10-ന് കേശവനാശാൻ അന്തരിച്ചു.

കുറിപ്പ്

പന്തളത്തു കേരള വർമ്മത്തമ്പുരാൻ അയച്ച സന്ദേശത്തിൽ ആശാനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു:- സൽക്കവിയും സഹൃദയാഗ്രേസരനുമായ ആശാനവർകൾ സാഹിത്യ ലോകത്തിൽ ചിരപരിചിതനായിട്ടുള്ളതിനാൽ ആ പണ്ഡിതാഗ്രേസരന്റെ വിയോഗം അസ്മാദൃശന്മാർക്ക് ഹൃദയശല്യമാണ്.
സവർണ്ണ കവിയായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ആശാന്റെ വിയോഗത്തെക്കുറിച്ച് ഇങ്ങനെ എഴുതി:- വിദ്വാനും സാഹിത്യകലാകുശലനും ഉത്സാഹിയും ആയിരുന്ന ആ മഹാപുരുഷന്റെ നിര്യാണം കേരള സാഹിത്യ ലോകത്തിനും കേരളത്തിനു തന്നെയും ഒരു വലിയ നഷ്ടമാണെന്നുള്ളതിനു സംശയമില്ല.
മാധവനിദാനത്തിന്റെ സാരചന്ദ്രികയെന്ന പേരിൽ ആശാൻ എഴുതിയ വ്യാഖ്യാനം കൊല്ലം വിദ്യാഭിവർദ്ധിനി അച്ചൂകൂടത്തിൽ അച്ചടിപ്പിച്ച് 1921-ൽ (കൊ.വ.-1097) എസ്.ടി. റെഡ്ഢ്യാർ ആൻറ് സൺസ് ആണ് പ്രസിദ്ധീകരിച്ചത്.

എം.ഐ. മാർക്കോസ് – ജന്മദിനം 10-01-1923

നാലാം കേരളനിയമസഭയിൽ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.ഐ. മാർക്കോസ് (10 ജനുവരി 1923 – 20 ജനുവരി 2012). ഇത്താപ്പൈരി-ശോശാ ദമ്പതികളുടെ മകനായി 1923 ജനുവരി 10 ന് ജനിച്ചു. അന്നമ്മയാണ് ഭാര്യ രണ്ട് ആൺമക്കളും മൂന്ന് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ട്. 1970-ൽ നാലാം കേരളനിയമസഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.

1947-ൽ കോൺഗ്രസിലൂടെയാണ് എം.ഐ. മാർക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമൗഷ്ഠിച്ച ഇദ്ദേഹം 1964-ൽ കേരളകോൺഗ്രസിൽ അംഗമായി. 2012 ജനുവരി 20ന് കോതമംഗലത്തുവച്ച് ഇദ്ദേഹം നിര്യാതനായി.

ബിനോദ് ബിഹാരി ചൗധരി – ജന്മദിനം 10-01-1911

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകരിൽ ഒരാളും വിപ്ലവകാരിയുമായിരുന്നു ബിനോദ് ബിഹാരി ചൗധരി (10 ജനുവരി 1911 – 10 ഏപ്രിൽ 2013).

ജീവിതരേഖ

അഭിഭാഷകനായിരുന്ന കാമിനി കുമാർ ചൗധരിയുടെയും റോമാ റാണി ചൗധരിയുടെയും മകനായി ഇപ്പോഴത്തെ ബംഗ്ലാദേശിലെ ചിറ്റഗോങിൽ ജനിച്ചു. സ്കോളർഷിപ്പോടെ മട്രിക്കുലേഷൻ പരീക്ഷ പാസായി. സ്കൂൾ പഠനകാലത്തുതന്നെ സ്യാതന്ത്ര സമര പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ബിനോദ് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ ഗ്രൂപ്പായ ജുഗോന്തറിൽ ചേർന്നു പ്രവർത്തിച്ചു.ഇക്കാലത്താണ് ആയുധപ്പുര ആക്രമണത്തിന്റെ നായകനായിരുന്ന സ്വാതന്ത്ര്യസമരസേനാനി “മാസ്റ്റർ ദാ” (സൂര്യ സെൻ)യുടെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിൽ അംഗമാകുന്നത്. പ്രീതി ലതാ വടേദാർ, കൽപ്പന ദത്ത, കാളിപാദ ചക്രവർത്തി, അംബികാ ചക്രവർത്തി, താരകേശ്വർ ചക്രവർത്തി എന്നിവരോടൊപ്പം ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇതിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. ബ്രിട്ടീഷുകാർ രജപുത്താനയിൽ ജയിലിലാക്കി. ബിരുദ -ബിരുദാനന്ദര പഠനങ്ങളെല്ലാം തടവറയിലായിരുന്നു.പിന്നീട് നിയമത്തിൽ ബിരുദമെടുത്തു.

സ്വാതന്ത്ര്യലബ്ദിക്കുശേഷം കിഴക്കൻ പാകിസ്താനിൽ താമസമാക്കി. 1947ൽ അദ്ദേഹം പ്രവിശ്യാ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1954 വരെ ആ സ്ഥാനത്ത് തുടർന്നു. 1954ൽ അവിടെ നടന്ന മാതൃഭാഷാ പ്രക്ഷോഭത്തിലും 1971ൽ നടന്ന ബംഗ്ലാദേശ് വിമോചനപോരാട്ടത്തിലും സജീവമായിരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായശേഷം സർക്കാർ അദ്ദേഹത്തിന് ദേശീയ ബഹുമതി നൽകി ആദരിച്ചു.

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ്ങിൽ താമസിക്കുകയായിരുന്ന അദ്ദേഹത്തെ ചികിത്സയ്ക്കായി കൊൽക്കത്തയിൽ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് മരിച്ചത്.

കൃതികൾ

“അഗ്നിജോർ ദിൻഗുലി” (ആ തീ പിടിച്ചദിനങ്ങൾ) – ചിറ്റഗോങ് സമരത്തിന്റെ ഓർമക്കുറിപ്പുകൾ

പുരസ്കാരങ്ങൾ

ബംഗ്ലാദേശ് സർക്കാരിന്റെ സ്വാതന്ത്ര്യ ദിന പുരസ്‌കാരം

ഐശ്വര്യ രാജേഷ് – ജന്മദിനം 10-01-1990

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു

ആദ്യകാല ജീവിതം

1990 ജനുവരി 10ന് ചെന്നൈയിൽ ജനിച്ചു. ഐശ്വര്യയുടെ പിതാവ് 54 തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുത്തച്ഛനും ചലച്ചിത്ര അഭിനേതാവായിരുന്നു. മറ്റൊരു കുടുംബാംഗമായ ശ്രീലക്ഷ്മി, ഒരു തെലുഗു ഹാസ്യ നടിയാണ്. 500ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഏതിരാജ് വനിതാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി. തുടർന്ന് നൃത്തം അഭ്യസിക്കാൻ ആരംഭിക്കുകയും സാംസ്കാരികോത്സവത്തിലെ അവതരണത്തിന്റെ നൃത്തസംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ശേഷം കലൈഞ്ജർ ടി.വിയിലെ മാനാട മയിലാട എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ഈ പരിപാടിയുടെ മൂന്നാമത്തെ സീസണിലെ വിജയിയാവുകയും ചെയ്തിരുന്നു.

ചലച്ചിത്ര ജീവിതം

2014ൽ രണ്ടാഴ്ചയുടെ ഇടവേളയിൽ പുറത്തിറങ്ങിയ വിജയ് സേതുപതിയുടെ റമ്മി, പന്നൈയാരും പത്മിനിയും എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യത്തെ ചലച്ചിത്രം 1980-കളിൽ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയായിരുന്നു. ഒരു വൃദ്ധനായ മനുഷ്യനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രീമിയർ പത്മിനി എന്ന കാറും തമ്മിലുള്ള ബന്ധത്തെയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുടെയും കഥയായിരുന്നു ഇത്. ഇതേ പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ചലച്ചിത്രത്തിന്റെ കഥയ്ക്ക് ആസ്പദമായത്. തമിഴ് ചലച്ചിത്ര നിരൂപകർ, റമ്മി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയെ അഭിനന്ദിക്കുകയുണ്ടായി. ഹിന്ദുസ്ഥാൻ ടൈംസ് എന്ന ദിനപത്രം ഐശ്വര്യ ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗനും ഐശ്വര്യയുടെ അഭിനയത്തെ പ്രശംസിക്കുകയുണ്ടായി. തുടർന്ന് ആ വർഷത്തിൽ ആർ. പാർത്ഥിപൻ സംവിധാനം ചെയ്ത കഥൈ തിരൈക്കഥൈ വസനം ഇയക്കം എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അഭിനയിക്കുകയുണ്ടായി. കൂടാതെ 2014ൽ തന്നെ പുറത്തിറങ്ങിയ തിരുടൻ പോലീസ‌് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തുടർന്ന് മലയാള ചലച്ചിത്രം മെമ്മറീസിന്റെ തമിഴ് റീമേക്കിലും അഭിനയിച്ചിരുന്നു.

2015 ൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം കാക്കാ മുട്ടൈ ആയിരുന്നു. രണ്ട് മക്കളുടെ അമ്മയും ഒരു ചേരി നിവാസിയുമായ യുവതിയെയാണ് ഈ ചലച്ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. “it features stunning performances from everyone… especially Aishwarya Rajesh, who plays the kids’ mother with a world-weariness that belies her years” എന്നാണ് നിരൂപകനായ ഭരദ്വാജ് രംഗൻ അഭിപ്രായപ്പെട്ടത്. മറ്റ് നിരൂപകരും ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയത്തെയും ചിത്രത്തിന്റെ ഉള്ളടക്കത്തെയും പ്രശംസിക്കുകയുണ്ടായി. അതേ വർഷം തന്നെ സിൻഡ്രല്ല എന്ന സംഗീത നൃത്ത നാടകത്തിൽ അഭിനയിച്ചു. സിൻഡ്രല്ല എന്ന പേരിൽ തന്നെ പുറത്തിറങ്ങിയ ഒരു കഥയാണ് ഈ സംഗീത നൃത്ത നാടകത്തിന് ആധാരമായത്.

2015ന്റെ അവസാനത്തിൽ സീനു രാമസ്വാമി സംവിധാനം ചെയ്ത ഇടം പൊരുൽ ഏവൽ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി. ഈ ചലച്ചിത്രത്തിൽ സംവാദങ്ങളിൽ പ്രസംഗിക്കുന്ന ഒരു വനിതയെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. കാക്കാ മുട്ടൈയുടെ സംവിധായകനായ മണികണ്ഠൻ സംവിധാനം ചെയ്ത കുറ്റമേ ദണ്ഡനൈ എന്ന ചലച്ചിത്രത്തിലും പ്രധാനപ്പെട്ട വേഷം അവതരിപ്പിച്ചു. തുടർന്ന് ഹലോ നാൻ പേയ് പേസുരേൻ എന്ന ചലച്ചിത്രത്തിൽ ഒരു ടെലി-ഷോപ്പിങ് സെയിൽ ഗേളിന്റെ വേഷം അവതരിപ്പിക്കുകയുണ്ടായി. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചലച്ചിത്രമായ മെമ്മറീസ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആറാതു സിനത്തിലും അഭിനയിച്ചു. കൂടാതെ നവാഗത സംവിധായകനായ ഭുവൻ നുല്ലന്റെ മോ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു.

2017 ൽ ആദ്യത്തെ മലയാള ചലച്ചിത്രമായ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചജോമോന്റെ സുവിശേഷങ്ങളിൽ അഭിനയിച്ചു. ഒരു കമ്പനിയിലെ അക്കൗണ്ടന്റായ വൈദേഹി എന്ന കഥാപാത്രത്തെയാണ് ജോമോന്റെ സുവിശേഷങ്ങളിൽ ഐശ്വര്യ അവതരിപ്പിച്ചത്.

പാലാ തങ്കം – ചരമദിനം 10-01-2021

മലയാളത്തിലെ ഒരു നാടക ചലച്ചിത്ര അഭിനേത്രിയാണ് പാലാ തങ്കം. മൂവായിരത്തോളം വേദികളിൽ നാടകത്തിലും 400-ലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

കോട്ടയം ജില്ലയിലെ പാലാ അരുണാപുരത്ത് രാഘവൻ നായരുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകളായി ജനിച്ചു. പുലിയന്നുരിലുള്ള വിജയൻ ഭാഗവതരുടെയടുത്ത് സംഗീതം അഭ്യസിച്ചു. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ എ.പി.ആർ. വർമ്മയുടെ കീഴിലും സംഗീതം അഭ്യസിച്ചു. 12-ആം വയസ്സിൽ ആലപ്പി വിൻസന്റിന്റെ കെടാവിളക്ക് എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. ഗായികയായാണ് ഈ ചിത്രത്തിലേക്കു ക്ഷണിക്കപ്പെട്ടതെങ്കിലും സത്യന്റെ പെങ്ങളുടെ വേഷം അവതരിപ്പിക്കുകയും രണ്ട് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മദ്രാസിൽ നിന്നും തിരിച്ചെത്തി പാലായിലെ നിരവധി ക്ലബ്ബുകളിലും നാടകസമിതികളിലും പാടി. അന്നുമുതലാണ് പാലാ തങ്കം എന്നറിയപ്പെട്ടത്.

എൻ.എൻ. പിള്ളയുടെ വിശ്വകേരള എന്ന നാടകസമിതിയിലാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. തുടർന്ന് ചങ്ങനാശ്ശേരീ ഗീഥാ തീയറ്റേഴ്‌സിൽ നാലുവർഷം അഭിനയിച്ചു. പി.ജെ. ആന്റണി, ഗോവിന്ദൻ കുട്ടി എന്നിവരുടെ നാടകസമിതികളിലും അഭിനയിച്ചു. കുഞ്ചാക്കോയുടെ നിർദ്ദേശപ്രകാരം സത്യന്റെ കടലമ്മ എന്ന ചലച്ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. തുടർന്ന് ഉദയായുടെ തന്നെ റബേക്കയിൽ സത്യന്റെ അമ്മയുടെ വേഷം അഭിനയിച്ചു. തുടർന്നാണ് കെ.പി.എ.സി.യിൽ പ്രവേശിച്ചതും നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സർവ്വേക്കല്ല്, മൂലധനം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചതും. പിന്നീട് പൊൻകുന്നം വർക്കിയുടെ നാടകത്തിൽ അഭിനയിക്കവേയാണ് ഭർത്താവ് വാഹനാപകടത്തിൽ മരണമടഞ്ഞത്.

പി. ഭാസ്‌ക്കരന്റെ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ഇന്നല്ലങ്കിൽ നാളെ, നിറകുടം, കലിയുഗം, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയിരുന്നു. ബോബനും മോളിയും സിനിമയിൽ ബോബൻ, കൃഷ്ണാ ഗുരുവായൂരപ്പായിൽ ബേബി ശാലിനി എന്നിവർക്കു വേണ്ടിയും ശബ്ദം നൽകി. പക്ഷികൾക്കും മൃഗങ്ങൾക്കും ഒക്കെ അക്കാലത്ത് തങ്കം ശബ്ദം നൽകിയിരുന്നു. ഷീല, ജയഭാരതി, ശാരദ തുടങ്ങിവർക്കൊക്കെ ശബ്ദം നൽകി.

പ്രേംനസീർ, മധു, ഉമ്മർ, സുകുമാരൻ, ജയൻ, കമലഹാസൻ, ശാരദ, ജയഭാരതി, ശ്രീദേവി ഉൾപ്പെടെയുള്ള അഭിനേതാക്കൾക്കൊപ്പം അമ്മ വേഷങ്ങളിൽ അഭിനയിച്ചു. വിശ്വകേരള കലാസമിതി, ജ്യോതി തിയേറ്റേഴ്‌സ്, കെ.പി.എ.സി. ഉൾപ്പെടെയുള്ള നാടക സമിതികളിൽ മൂവായിരത്തോളം വേദികളിൽ അഭിനയിച്ചു. ചലച്ചിത്ര അഭിനയത്തോടൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. അമ്മ സംഘടനയിൽ വിശിഷ്‌ടാംഗത്വം ലഭിച്ചിട്ടുണ്ട്. ബാലൻ കെ. നായരുടെ യാഗാഗ്നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

16-ആം വയസ്സിൽ കൈതമുക്ക് സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ ശ്രീധരൻ തമ്പിയുമായുള്ള വിവാഹം നടന്നു. മൂന്നു മക്കൾ. 2021 ജനുവരി 10 ന് പത്തനാപുരം ഗാന്ധിഭവനിൽ അന്തരിച്ചു.

ചലച്ചിത്രങ്ങൾ

റെബേക്ക – 1963
കള്ളിച്ചെല്ലമ്മ – 1969
മറുനാട്ടിൽ ഒരു മലയാളി – 1971
ഗംഗാസംഗമം – 1971
നൃത്തശാല – 1972
ആറടിമണ്ണിന്റെ ജന്മി – 1972
തീർത്ഥയാത്ര – 1972
അക്കരപ്പച്ച – 1972
മറവിൽ തിരിവ് സൂക്ഷിക്കുക – 1972
പണിമുടക്ക് – 1972
പൊയ്മുഖങ്ങൾ – 1973
ഉദയം – 1973
അഴകുള്ള സെലീന – 1973
കലിയുഗം – 1973
ചഞ്ചല – 1974
തുമ്പോലാർച്ച – 1974
കന്യാകുമാരി – 1974
രഹസ്യരാത്രി – 1974
അഭിമാനം – 1974
ശ്രീദേവി – 1975
മിനിമോൾ – 1977
ഓർമ്മകൾ മരിക്കുമോ – 1977
ജഗദ്ഗുരു ആദിശങ്കരൻ – 1977
അനുഗ്രഹം – 1977
ബലപരീക്ഷണം – 1978
ലൗലി – 1979
ചന്ദ്രഹാസം – 1980
തടാകം – 1982

ചരിത്രസംഭവങ്ങൾ

314 – അന്തരിച്ച പോപ്പ് മിൽറ്റിയാഡ്‌സിന്റെ പിൻഗാമിയായി സിൽവസ്റ്റർ ഒന്നാമൻ മാർപാപ്പ സ്ഥാനമേറ്റു .

1747 – ആദ്യ ലൈംഗിക രോഗ ക്ലിനിക്ക് ലണ്ടൻ ലോക്ക് ഹോസ്പിറ്റലിൽ തുറന്നു.

1865 – യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് അടിമത്തം നിർത്തലാക്കി യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ പതിമൂന്നാം ഭേദഗതി പാസാക്കി, അത് സംസ്ഥാനങ്ങൾക്ക് അംഗീകാരത്തിനായി സമർപ്പിക്കുന്നു.

1945 – രണ്ടാം ലോകമഹായുദ്ധം: സ്റ്റട്ട്‌തോഫ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് ഏകദേശം 3,000 അന്തേവാസികളെ പാംനിക്കനിലെ (ഇപ്പോൾ യന്താർണി, റഷ്യ) ബാൾട്ടിക് കടലിലേക്ക് നിർബന്ധിതമായി മാർച്ച് ചെയ്‌ത് വധിച്ചു.

1946 – യുഗോസ്ലാവിയയുടെ പുതിയ ഭരണഘടന, സോവിയറ്റ് യൂണിയന്റെ മാതൃകയാക്കി, ആറ് ഘടക റിപ്പബ്ലിക്കുകൾ (ബോസ്നിയ ആൻഡ് ഹെർസഗോവിന, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടിനെഗ്രോ, സെർബിയ , സ്ലൊവേനിയ) സ്ഥാപിക്കുന്നു.

1949 – ദിസ് ആർ മൈ ചിൽഡ്രൻ, ആദ്യത്തെ ടെലിവിഷൻ ഡേടൈം സോപ്പ് ഓപ്പറ, ചിക്കാഗോയിലെ എൻബിസി സ്റ്റേഷൻ സംപ്രേക്ഷണം ചെയ്യുന്നു.

1950 – പ്രസിഡന്റ് ട്രൂമാൻ തെർമോ ന്യൂക്ലിയർ ആയുധങ്ങൾ വികസിപ്പിക്കാൻ ഉത്തരവിട്ടു.

1951 – കൊറിയൻ യുദ്ധവുമായി ബന്ധപ്പെട്ട യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ പ്രമേയം 90 അംഗീകരിച്ചു.

1958 – ശീതയുദ്ധം: സ്‌പേസ് റേസ്: ആദ്യത്തെ വിജയകരമായ അമേരിക്കൻ ഉപഗ്രഹം വാൻ അലൻ റേഡിയേഷൻ ബെൽറ്റ് കണ്ടുപിടിക്കുന്നു.

1966 – സോവിയറ്റ് യൂണിയൻ ലൂണ പ്രോഗ്രാമിന്റെ ഭാഗമായി ആളില്ലാത്ത ലൂണ 9 പേടകം വിക്ഷേപിച്ചു.

1968 – നൗറു ഓസ്‌ട്രേലിയയിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1929 – ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.

1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.

1989 – അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു.

1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.

2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.

2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.

5 Comments
Camryn2483 April 29, 2025
| |
Brooke518 April 28, 2025
| |
Miranda4015 April 26, 2025
| |
Armando3712 April 26, 2025
| |
Monica715 April 25, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6