Skip to content

chithrodayamflashnews.com

Asnap 1409

ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ.ജാഫര്‍ അന്തരിച്ചു

കേരളത്തിന്റെ ആദ്യ മൂന്നുസന്തോഷ് ട്രോഫി കിരീടനേട്ടങ്ങളിലും സുപ്രധാനപങ്കുവഹിച്ച ഫുട്ബോൾ താരവും പരിശീലകനുമായ  ടി.എ. ജാഫർഅന്തരിച്ചു.77വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നു.

കേരള ടീമിന്റെ മധ്യനിരയിലെ ഫയര്‍ എന്‍ജിന്‍, പ്രീമിയര്‍ ടയേഴ്സിന്റെ ഭാഗ്യതാരം, എതിര്‍ മുന്നേറ്റ നിരയിലെ തീ ശമിപ്പിച്ച കളിക്കാരന്‍, സ്വന്തം ടീമിന്റെ കുതിപ്പുകള്‍ക്ക് അഗ്നി പകര്‍ന്ന പടക്കുതിര. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ടായിരുന്നു ഫോർട്ട്കൊച്ചി തൊണ്ടുപറമ്പിൽ അസീസ് ജാഫറിന്.

1973ല്‍ കേരളം ആദ്യ സന്തോഷ് ട്രോഫി നേടുമ്പോള്‍ കളിക്കാരനായിരുന്നു ജാഫര്‍ . 92ലും, 93ലും സന്തോഷ് ട്രോഫി നേടുമ്പോള്‍ മുഖ്യ പരിശീലകനും. എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്കു പഠിക്കുമ്പോൾ കോളജ് ടീമിൽ സ്ഥാനംപിടിച്ച ജാഫര്‍ 1968ൽ എഫ്എസിടിയുടെ കളിക്കാരനായി. 69ൽ ആദ്യമായി കേരള ടീമിലെത്തി. 75വരെ കേരളനിരയിലെ കരുത്തുറ്റ പ്രതിഭ.

71ൽ പ്രീമിയർ ടയേഴ്സ് ടീമിനായി കളിച്ചുതുടങ്ങിയ ജാഫർ ടീമിന്റെ ഒട്ടേറെ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. എഫ്എസിടി ടീമിലൂടെയും പ്രീമിയർ ടയേഴ്സിലൂടെയുമാണു ജാഫർ കേരളത്തിന്റെ ശ്രദ്ധനേടിയത്. എഫ്എസിടിയിൽ ഒളിംപ്യൻ സൈമൺ സുന്ദർരാജും പ്രീമിയറിൽ ഒളിംപ്യൻ റഹ്മാനുമായിരുന്നു അക്കാലത്തു പരിശീലകർ . 1984 മുതൽ കേരള സ്പോർട്സ് കൗൺസിലിൽ ഫുട്ബോൾ പരിശീലകനായി. 1999ൽ വിരമിച്ചു. 78,80 വർഷങ്ങളിൽ കേരള ജൂനിയർ ടീമിനെയും പരിശീലിപ്പിച്ചു.  കേരള പൊലീസ്, ടൈറ്റാനിയം, കെഎസ്ഇബി, ടാറ്റാ ടീ ടീമുകളുടെയും പരിശീലകനായി.  യുഎഇ സന്ദർശനത്തിനിടെയുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് അവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജാഫറിനെ കഴിഞ്ഞ .സെപ്റ്റംബർ 17നാണ് കൊച്ചിയിലെത്തിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6