
ജീവിതത്തിൽ ഏവരും അഭിമുഖീകരിക്കുന്നതാണ് പ്രശ്നങ്ങൾ. പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും ഇല്ലെന്നു സാരം. അങ്ങനെ ജീവിതം സംഘർഷപരമാകുമ്പോൾ അതിൽ നിന്നും കരകയറാനുള്ള മാർഗ്ഗത്തെ മനസ്സും ശരീരവും അന്വേഷിക്കും. അങ്ങനെ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരിക്കും. പരിഹരിക്കുന്നതോടെ തൃപ്തിയും സന്തോഷവും വന്നു ചേരുകയും ജീവിതത്തിനു സുഖം തോന്നുകയും ചെയ്യുന്നു. ജീവിതത്തെ നല്ല രീതിയിൽ കൊണ്ടു പോകുക എന്നത് ഏവരുടേയും ആഗ്രഹമത്രെ. നമ്മുടെ ചിന്തകളും പ്രവൃത്തികളും നല്ലതെങ്കിൽ അവിടെ ഉണ്ടാകുന്ന ഫലവും നല്ലതായിരിക്കും. നന്മ വിതച്ചാൽ നന്മ കൊയ്യാനാകും. ഈശ്വരവിശ്വാസം കൊണ്ട് ഒരുവനു ലഭിക്കാവുന്ന മന:ശാന്തി അമൂല്യമാണ്. ഇവിടെയാണ് പ്രതിഭയുടെ ശ്രേഷ്ഠത. പ്രതിഭാശാലികൾ ഏതു പ്രശ്നങ്ങളേയും അതിജീവിക്കുക മാത്രമല്ല പ്രശ്നങ്ങളെ കീറി മുറിച്ചു പഠിക്കുകയും അവിടെ കണ്ടെത്തുന്ന പരിഹാരങ്ങൾ മറ്റുള്ളവർക്ക് ഉപദേശ രൂപേണ വാക്കുകളായിട്ടോ പ്രസംഗമായിട്ടോ പുസ്തകങ്ങളായിട്ടോ മറ്റു മീഡിയങ്ങളായിട്ടോ പകർന്നു നൽകും. പ്രതിഭയുടെ സ്വാധീനം മനുഷ്യനെ സ്വഭാവസവിശേഷതയിൽ മികവുറ്റവനാക്കുന്നു. ഏതു പ്രതിഭാശാലികളും നമ്മളിൽ നിന്നും ഉയർന്നു നിൽക്കുന്നു. അത്തരക്കാരുടെ ചിന്തകളും പ്രവൃത്തികളും കൂടുതൽ ശ്രേഷ്ഠത പുലർത്തുകയും ജനങ്ങൾക്കു് ഉപകാരപ്രദമാകുകയും ചെയ്യുന്നു. ഏതു പ്രതിഭാശാലികളിലും മനുഷ്യത്വം നിറഞ്ഞു നിൽക്കും. അവരുടെ ചെയ്തികളിൽ മാനുഷിക മൂല്യങ്ങൾക്കു് പ്രാധാന്യം നൽകിയിരിക്കും. സേവന സന്നദ്ധതയുടെ മുഖമുദ്രയായിരിക്കും അവരുടേത്. നാം അവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതം മരണം വരെയുള്ള കാലഘട്ടമത്രെ. മരണാനന്തരമെന്തുമാകട്ടെ മരിക്കും വരെ അപരന് ദോഷം വരാത്ത വിധം വാക്കിലും പ്രവൃത്തിയിലും നിലനിൽക്കുക മാനുഷീക ഗുണങ്ങളുടെ പരിവേഷമായി മാറും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം .

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.