Skip to content

chithrodayamflashnews.com

November 30, 2026 2:51 am

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിൽ കോട്ടയം പട്ടണത്തിൽ നിന്നും 10 KM അകലെ, കോട്ടയം- ചങ്ങനാശേരി എംസീ റോഡിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന “ദക്ഷിണ മൂകാംബിക” എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേത് ആണെങ്കിലും, ദുർഗ്ഗാസങ്കല്പത്തിലുള്ള സരസ്വതീക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്.

സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ദേവിയാണ് സരസ്വതി. യഥാർഥ പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠ കാണാൻ കഴിയുകയില്ല. മലമുകളിൽ നിന്ന് ഒലിച്ചുവരുന്ന ഒരു നീർച്ചാലിൽ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീർച്ചാൽ കിഴക്കോട്ടൊഴുകി ഒടുവിൽ ഒരു നദിയിൽ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടർന്നു നിൽക്കുന്നതു കൊണ്ട് ഭഗവതീ വിഗ്രഹം പൂർണ്ണമായും മറഞ്ഞിരിക്കുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നവരാത്രിയോടനുബന്ധിച്ചുള്ള സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത് (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി മഹോത്സവത്തിന് ധാരാളം ഭക്തർ ദേവിയെ തൊഴാൻ എത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ പനച്ചിക്കാട് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അതിങ്ങനെ: ഏകദേശം മൂവായിരം വർഷം പഴക്കം അവകാശപ്പെടാവുന്ന ഈ ക്ഷേത്രത്തിൽ ആദ്യം ഭഗവാൻ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഇവിടെ മൂന്ന് ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ ആ മൂന്ന് കുടുംബക്കാർക്കായിരുന്നു ക്ഷേത്രത്തിൽ ഊരായ്മസ്ഥാനം. ഇതിൽ കിഴുപ്പുറത്തില്ലത്തെ ഒരു നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും പുരുഷസന്താനങ്ങളുണ്ടായില്ല. ഇതിൽ വിഷമിച്ച അദ്ദേഹം ഗംഗാസ്നാനത്തിനായി പുറപ്പെട്ടു. പോകുന്ന വഴിയിൽ അദ്ദേഹം പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും ദർശനം നടത്തി. കുറച്ചുദിവസം പരാശക്തിയെ ഭജിച്ച് അവിടെത്തന്നെ ചെലവഴിച്ചു. അവസാനദിവസം രാത്രി അദ്ദേഹത്തിന് ദേവിയുടെ സ്വപ്നദർശനമുണ്ടായി. അതിൽ ജഗദംബിക ഇങ്ങനെ പറഞ്ഞു: ‘അല്ലയോ ഭക്താ, നീ നാളെത്തന്നെ സ്വദേശത്തേയ്ക്ക് മടങ്ങണം. നിന്റെ നാട്ടിലെ കരുനാട്ടില്ലത്തെ അന്തർജനം ഗർഭിണിയാണ്. അവർക്ക് അധികം കഴിയാതെ രണ്ട് ഉണ്ണികളുണ്ടാകും. അവരിലൊന്നിനെ നീ ദത്തെടുത്ത് വളർത്തണം.” ഈ സ്വപ്നത്തിൽ പൂർണമായും വിശ്വസിച്ച നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ലോകമാതാവായ മൂകാംബികയെ വന്ദിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴുപ്പുറം നമ്പൂതിരി സംഭവങ്ങൾ മുഴുവൻ കരുനാട്ട് നമ്പൂതിരിയെ അറിയിച്ചു. ഈ കഥ കേട്ട കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികളുണ്ടായാൽ ഒന്നിനെ ദാനം ചെയ്യാമെന്ന് കിഴുപ്പുറം നമ്പൂതിരിയോട് പറഞ്ഞു. സന്തോഷവാനായ കിഴുപ്പുറം നമ്പൂതിരി ഉടനെത്തന്നെ മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളത്തിലെത്തി തന്റെ ഓലക്കുട കരയിൽ വച്ചശേഷം കുളിച്ചു. കുളി കഴിഞ്ഞ് കുടയെടുക്കാൻ ശ്രമിച്ചപ്പോൾ അത് അനങ്ങിയില്ല. അപ്പോൾ അവിടെ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം നമ്പൂതിരിയോട് ഇങ്ങനെ പറഞ്ഞു: ‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, സാക്ഷാൽ ആദിപരാശക്തിയായ മൂകാംബികാദേവി അങ്ങയുടെ കുടയിൽ കുടികൊണ്ടിരിയ്ക്കുകയാണ്. അതിനാൽ ഭഗവതിയെ ഈ കുടയിൽ നിന്നുമാവാഹിച്ച് തൊട്ടടുത്ത കാട്ടിൽ കാണപ്പെടുന്നതും വർഷങ്ങൾക്കുമുമ്പ് ഇവിടെ താപസിരുന്ന ഋഷീശ്വരന്മാർ പൂജിച്ചിരുന്നതുമായ ദേവിയുടെ ഒരു ശിലാവിഗ്രഹത്തിൽ കുടിയിരുത്തണം. എന്നാൽ, ഇന്നത് പൂജിയ്ക്കാൻ ശക്തിയുള്ളവരാരുമില്ല. അതിനാൽ അതിനുനേരെ പടിഞ്ഞാട്ട് അഭിമുഖമായി മറ്റൊരു അർച്ചനാബിംബം കൂടി പ്രതിഷ്ഠിച്ച് അതിൽ പൂജയും നിവേദ്യവും നടത്തിവേണം മൂലപ്രതിഷ്ഠയെ വന്ദിയ്ക്കാൻ. മൂലവിഗ്രഹത്തിന്റെ കാവലാളായി ഒരു യക്ഷിയുണ്ട്. ആ യക്ഷിയ്ക്ക് വറപൊടിയും ശർക്കരയും ഇളനീരും കൂട്ടിക്കുഴച്ച് നേദിച്ചുവേണം വിഗ്രഹമെടുക്കാൻ.’ നമ്പൂതിരി പറഞ്ഞപ്രകാരം തന്നെ ചെയ്തു. അങ്ങനെയാണ് പനച്ചിക്കാട്ട് അതിദിവ്യമായ സരസ്വതീസാന്നിദ്ധ്യം വന്നത്. കാലാന്തരത്തിൽ, മഹാവിഷ്ണുക്ഷേത്രം മഹാസരസ്വതീക്ഷേത്രമായി മാറുകയും ചെയ്തു.

ഭക്തനായ കിഴുപ്പുറം നമ്പൂതിരിയോടൊപ്പം കൊല്ലൂരിൽ നിന്ന് ഇവിടെയെത്തിയ സരസ്വതീദേവി മഹാവിഷ്ണുക്ഷേത്രത്തിന്റെ തെക്കേ നടയിൽ കുടികൊണ്ടുവെന്നാണ് ഐതിഹ്യം. ദേവിയുടെ യഥാർത്ഥ വിഗ്രഹം ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു കുഴിയിൽ കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, അതിൽ പൂജകൾ നടത്താൻ ശക്തിയുള്ളവർ ഇന്നില്ലെന്ന് വിശ്വസിച്ചുവരുന്നതിനാൽ, കുളത്തിന്റെ മറുകരയിൽ മൂലവിഗ്രഹത്തിന് അഭിമുഖമായി (പടിഞ്ഞാറോട്ട് ദർശനമായി) ഒരു അർച്ചനാബിംബം പ്രതിഷ്ഠിച്ച് അതിൽ പൂജകൾ നടത്തിവരികയാണ് ചെയ്യുന്നത്. മൂലവിഗ്രഹം വള്ളിപ്പടർപ്പിനിടയിൽ മറഞ്ഞിരിയ്ക്കുകയാണ്. ഈ വള്ളിപ്പടർപ്പ് മറ്റൊരിടത്തും കാണാത്ത സരസ്വതീലതയാണെന്ന് വിശ്വസിച്ചുവരുന്നു. മൂലവിഗ്രഹത്തിന്റെ പാദങ്ങളിൽ നിന്ന് ഒരു നീരുറവ ഒഴുകി കുളത്തിലെത്തുന്നുണ്ട്. ഇത് ഒരു അന്തർവാഹിനിയിലൂടെ കൊടൂരാറ്റിലും തുടർന്ന് മീനച്ചിലാറ്റിലും വേമ്പനാട്ട് കായലിലുമെത്തി അറബിക്കടലിൽ ചെന്നുചേരുന്നുവെന്ന് പറയപ്പെടുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട്, സരസ്വതി എന്ന പേരിനെ അന്വർത്ഥമാക്കി പനച്ചിക്കാട്ട് കുടികൊള്ളുന്ന വിദ്യാദേവതയുടെ തിരുസന്നിധിയിൽ നിത്യേന ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിയ്ക്കുന്നുണ്ട്. സാരസ്വതം നെയ്യ്, കൂട്ടുപായസം, വിദ്യാമന്ത്രാർച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ശ്രീ പനച്ചിക്കാട്ടപ്പൻ (മഹാവിഷ്ണു) തിരുത്തുക
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ക്ഷേത്രത്തിൽ ആദ്യമുണ്ടായിരുന്ന പ്രതിഷ്ഠയായതിനാൽ പനച്ചിക്കാട്ടപ്പന് പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ഷേത്രനിർമ്മിതി നടത്തിയിരിയ്ക്കുന്നത്. മൂന്നടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാന്റെ തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ കാണാം.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) കന്നി, തുലാം മാസങ്ങളിലൊന്നിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു.

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.

പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്.

എത്താനുള്ള വഴി

ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പനച്ചിക്കാട് എത്താം. ഇരവിനല്ലൂർ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റർ ആണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6