2023 | ജനുവരി 26 | വ്യാഴം


കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതുകൊണ്ട് ആലത്തിയൂര്‍ എന്ന് പേരുവന്നു എന്ന് പറയപ്പെടുന്നു. അതുമാത്രമല്ല, ആലസ്തികം എന്നാല്‍ പ്രകാശം എന്ന അര്‍ത്ഥത്തില്‍ സ്ഥലപ്പേരുണ്ടായി എന്നും ഹനുമാന്റെ ദിവ്യപ്രകാശത്തെ പരാമര്‍ശിച്ചുകൊണ്ടാവാം സ്ഥലത്തിന് ഈ പേരു വന്നതെന്ന് പറയുന്നവരുണ്ട്. ഐതിഹ്യപ്രകാരം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് വസിഷ്ഠ മഹർഷിയാണ് ഈ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചത്.
കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലത്തിയൂർ, ഇതിനു പിന്നിൽ മനോഹരമായൊരു ഐതിഹ്യമുണ്ട്. സീതയെത്തേടി ലങ്കയിലേക്ക് പോകുന്നതിനായി ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കാനായി ഇവിടെ പുരാതനമായ ഒരു തിട്ട സംരക്ഷിച്ചു വരുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമ സ്വാമിയുടേതാണ്. എന്നാൽ ക്ഷേത്രം അറിയപ്പെടുന്നതാകട്ടെ ഹനുമാന്റെ ക്ഷേത്രമെന്നും. അതുതന്നെയാണ് ഈ ഐതിഹ്യത്തിന്റെ പെരുമയും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ ക്ഷേത്ര പരിസരത്തു വസിച്ചാണ് എന്ന് ഐതിഹ്യം പറയുന്നു. ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവും കാണാനാകും. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യസംഭാഷണത്തിനു വഴിയൊരുക്കി, ആ അവസരത്തിൽ ലക്ഷ്മണൻ അല്പം മാറി നിന്നതിനെ അനുസ്മരിച്ച് അല്പം അകലെയായി ലക്ഷ്മണക്ഷേത്രം പണിതിരിക്കുന്നത്.
ഷേത്രത്തോടനുബന്ധിച്ച് പണ്ട്, ഹനുമാൻ ലങ്കയിലേക്ക് ചാടിയത് എന്ന സങ്കൽപ്പത്തിൽ ഒരു തിട്ട കാണാനാകും. ഈ തിട്ടയുടെ ഒരറ്റത്തായി കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്നു. ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്നാണ് ഭക്തരുടെ വിശ്വാസം.
വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.അതിനാൽ തന്നെ ആലത്തിയൂർ ഹനുമാൻ ദർശനത്തിനായി എത്തുന്ന ആരും ഈ ചടങ്ങുഒഴിവാക്കാറില്ല.
ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയ വിഷ്ണുവിന്റെ രൂപത്തിലാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ തുടങ്ങിയ ഉപദൈവങ്ങളെയും ഇവിടെ ആരാധിച്ചു പോരുന്നു. ക്ഷേത്രം ഹനുമാന്റെ പേരിലാണ് പ്രസിദ്ധം എങ്കിലും ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിനു സഹായിക്കുമെന്നാണ് വിശ്വാസം. ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ചുള്ള പറഞ്ഞുകേട്ട അറിവുകൾ വച്ചാണ് ആളുകൾ ഇവിടെ ദർശനത്തിനായി എത്തുന്നത്. കുഴച്ച പൊതി അവല്‍ നിവേദ്യം ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്‌ഘോഷിക്കുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു. കുഴച്ച അവിൽ , പാൽപ്പായസം ,ഗദ സമർപ്പണം,ചതുശ്ശത , തിരുവോണ ഊട്ട് , തിരുവോണ പൂജ എന്നിവയാണ് പ്രധാനവഴിപാടുകൾ.
No Comment.