Skip to content

chithrodayamflashnews.com

November 30, 2026 2:51 am

ഇന്നത്തെ കവികളും കവിതകളും

സന്ധ്യാ ജയേഷ് പുളിമാത്ത്

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ എഴുത്തുകാർ കവിതാരംഗത്താ ണുള്ളത് ..
ഇതിൽ അൻപതു ശതമാനം.. കവിതയുടെ യാതൊരു തത്വങ്ങളും നോക്കാതെ, തോന്നിയത് കുത്തിക്കുറിക്കുന്നവരാണ്. കവിതയുടെ ധർമ്മമോ, കർമ്മമോ പ്രതിബദ്ധതയോ ഒന്നും നോക്കാതെ തങ്ങളുടെ മനസ്സിൽ തോന്നിയത് പകർത്തി “കവിത ” എന്ന് നാമകരണം ചാർത്തിയാൽ അവരുടെ പണി കഴിഞ്ഞു. പിന്നെ അതു സോഷ്യൽ മീഡിയവഴി പറത്തുകയാണ്…
കവിതയുമല്ല കഥയുമല്ലാത്ത ഒരു വക നപുംസക സാഹിത്യം.. ഇതിനെ ഉയർത്തി കാണിക്കാനും ലൈക്ക് അടിക്കാനും നിരവധി കവിത എഴുത്ത് തൊഴിലാളികളുണ്ട് . അതും പരസ്പരം ധാരണയിലാണ്. ലൈക്ക് ചെയ്യുന്ന “മഹാ”കവികൾ എഴുതുമ്പോൾ തിരിച്ചും കിട്ടണം ലൈക്കുകൾ… അറിവുള്ളവർ ആരെങ്കിലും ഈ എഴുത്തിനെ വിമർശിച്ചാൽ ഉടൻ മറുപടി എത്തി.”എഴുതി കഴിഞ്ഞാൽ എഴുത്തുകാരന്റെ ചുമതല കഴിഞ്ഞു “.എത്ര വേഗം കയ്യൊഴിഞ്ഞു… സൃഷ്ടി കർത്താവിന് യാതൊരു ഉത്തരവാദിത്വവുമില്ല .എല്ലാം വായനക്കാരനു വിട്ടുകൊടുക്കുകയാണ്… ഇവരുടെയൊക്കെ തോന്ന്യാസങ്ങൾ വായിക്കാൻ വിധിക്കപ്പെടുന്നത് വായനക്കാരനും . ഇതാണ് ഇന്നത്തെ അവസ്ഥ. ആംഗലേയ സാഹിത്യത്തിന്റെ ചുവടുപിടിച്ചുകൊണ്ട് കവിതയ്ക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ള യാതൊരു മാനദണ്ഡവും നോക്കാതെയാണ് ഇക്കൂട്ടരുടെ എഴുത്ത്.കവിത ഗദ്യമോ പദ്യമോ ആയിക്കോട്ടെ. അതിന് അതിന്റേതായ ഒരു രൂപഭാവമുണ്ട്.. മുൻപ് ഒരു പ്രദേശത്ത് അവിടെയും ഇവിടെയുമൊക്കെയായി ഒന്നോ രണ്ടോ കവികൾ ഉള്ള സ്ഥാനത്ത്, ഇന്ന് ഒരു പഞ്ചായത്തിൽതന്നെ മുപ്പതോളം കവികളുണ്ട് . വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളായതുപോലെ….അതിനു മുഖ്യകാരണം “കപിത”എഴുത്താണ്. നവമാധ്യമങ്ങൾ അതു പ്രചരിപ്പിക്കുവാൻ അവസരമൊരുക്കിയപ്പോൾ കാത്തിരിക്കേണ്ടആവശ്യമില്ല … ഉടനെ പ്രതികരണങ്ങളും കിട്ടും. ചങ്കു ബ്രോകൾ ധാരാളം സുഹൃത്തുക്കളായി നവമാധ്യമങ്ങളിൽ ഉള്ളതുകൊണ്ട്, വരുന്ന സംഗതി വായിച്ചുപോലും നോക്കാതെ നിമിഷങ്ങൾക്കകം അഭിപ്രായങ്ങൾ… കമന്റായി എത്തുകയായി…
ചങ്ങമ്പുഴയ്ക്കും വയലാറിനും ശേഷം വന്ന കവിയും കവിതയും അതാണെന്നുവരെ അഭിപ്രായപ്പെടും.എന്നാൽ കവിതകൾ മനോഹരമായി, അർത്ഥസമ്പുഷ്ടമായി എഴുതുന്നവരുമുണ്ട്. പക്ഷേ അവർക്ക് ഇതുപോലെ അഭിപ്രായം പറയാനോ, ലൈക്കിടാനോ ആളുണ്ടാവില്ല. എന്നുമാത്രമല്ല ഇത്തരം എഴുത്തിലെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ “കപിത”എഴുത്തുകാരുടെ കൂട്ടാളികൾ ഉണ്ടാകും. മറ്റൊന്ന് എടുത്തുപറയേണ്ടത് കവി സ്ത്രീയാണെന്ന് ബോധ്യപ്പെട്ടാൽ ലൈക്കടിക്കാനും പുകഴ്ത്താനും തയാറാകുന്ന ഞരമ്പ് രോഗികളും കൂട്ടത്തിലുണ്ട് . അതിൽ ഭ്രമിച്ചുപോകുന്ന കവികളുടെ കാര്യമാണ് അതിലും കഷ്ടം…

ഈ പ്രവണത മാറണം. ഏതൊരു എഴുത്തും സമൂഹത്തിനു ഗുണകരമാകണം. എഴുത്തുകാർക്ക് വ്യക്തമായ ഒരു ലക്ഷ്യബോധം വേണം…

തന്റെ സൃഷ്ടി എത്രമാത്രം കൃത്യതയോടെ അനുവാചകരിലേക്ക് എത്തിക്കുവാൻ കഴിയുമെന്നും
, അവർക്ക് മനസ്സിലാകുന്ന രീതിയിലാവണമെന്നും, അതിലൊരു നല്ല സന്ദേശം വേണമെന്നും ഉറപ്പാക്കണം. ഈ ഉത്തരവാദിത്വംഎഴുത്തുകാർ പാലിക്കണം.
അതല്ലാതെ കവിതയ്ക്ക് നിയതമായ ഒരു രൂപമില്ല, ഏതു പാത്രത്തിലും കൊള്ളിക്കാം, ഏതു രീതിയിലും എഴുതാം, ചൊൽക്കവിതകൾ എഴുതുന്നവരെല്ലാം പഴഞ്ചനാണ്. എന്നൊക്കെയുള്ള വാദഗതികൾ ശരിയല്ല. കവിത വൃത്തത്തിലോ ഗദ്യത്തിലോ ആയിക്കോട്ടെ.അതിൽ കവിത്വം ഉണ്ടെങ്കിൽ അതു കവിത തന്നെയാണ്. ലേഖനംപോലെ കുറേ എന്തൊക്കെയോ എഴുതിവച്ചിട്ട് കവിതയാണെന്ന് പറഞ്ഞാൽ കവിത എന്താണെന്നു മനസിലാക്കിയിട്ടുള്ളവർ അംഗീകരിക്കില്ല. കവിതയ്ക്ക് കൃത്യമായ ഒരു വീക്ഷണമുണ്ട്. അതു സമൂഹത്തിൽ നടമാടുന്ന ഒട്ടേറെ നന്മതിന്മകളെ വെളിച്ചത്തു കൊണ്ടുവരാൻ ഉപകരിക്കുന്ന ഒരു മേഖലയാണ്. അതുകൊണ്ടുതന്നെയാണ് എത്രയോ നൂറ്റാണ്ടുകൾക്കുമുൻപ് “കവിത” എന്ന തട്ടകം സമൂഹത്തിൽ ഇടംപിടിച്ചത്. നമ്മുടെ ഭാരതത്തിൽ കവിതകൾക്ക് അത്രമേൽ പ്രാധാന്യമുണ്ട്… പണ്ട് രാജഭരണ കാലംതൊട്ട് സമൂഹത്തിൽ നടമാടുന്ന പല മൂല്യച്ചുതികളേയും, അധികാരികളുടെ കണ്ണു തുറപ്പിക്കുവാനും ജനങ്ങളിലേക്ക് എത്തിക്കാനും കവികൾ കവിതയിലൂടെ പ്രതികരിക്കുകയും മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.കാലങ്ങളായി തുടരുന്ന ആ പ്രവണത ഇന്നും ചില കവികൾ തുടരുന്നുവെങ്കിലും. കുറേയേറെപ്പേർ ജാതിമത രാഷ്ട്രീയ ചട്ടക്കൂടുനുള്ളിൽ തളയ്ക്കപ്പെട്ട രീതിയിലാണ് കവിതകൾ കുറിക്കുന്നതെന്നത് ഏറെ കഷ്ടം തന്നെയാണ്. ഈ പറഞ്ഞവർക്കുവേണ്ടി സത്യങ്ങൾ മൂടിവച്ചുകൊണ്ടുള്ള ഇവരുടെ കപടമായ എഴുത്തുകൾ ജനങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പകർത്തുവാനും അരക്ഷിതാവസ്ഥ ഉണ്ടാക്കുവാനും മാത്രമേ ഉപകരിക്കു…
ഒരു കാലത്ത് മുഖ്യധാരയിൽ നിന്നുകൊണ്ട് നല്ല എഴുത്തുകാർക്ക് ധാരാളം പ്രോത്സാഹനം നൽകികൊണ്ട്, മികവുറ്റ സൃഷ്ടികൾക്ക് തങ്ങളുടെ പ്രസിദ്ധീകരങ്ങളിൽ ഇടംകൊടുത്തിരുന്നുവെങ്കിൽ ഇന്ന് അതിന്റെ സർവ്വ അന്തസ്സും കളഞ്ഞുകൊണ്ട്, കവിതയുടെ ഏഴയലത്തുപോലും എത്താൻ കഴിയാത്ത രചനകൾ പ്രസിദ്ധീകരിക്കുവാൻ ഇടംകൊടുക്കുന്നു മുഖ്യ ധാരാമാധ്യമങ്ങൾ..അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനു കോപ്പികൾ വിതരണം ചെയ്തിരുന്ന ആഴ്ചപ്പതിപ്പുകളും മാസികകളും കേവലം ആയിരങ്ങളിലേക്ക് ചുരുങ്ങി.ഇതിനാരാണ് ഉത്തരവാദികൾ?തീർച്ചയായും പ്രസിദ്ധീകരങ്ങളും കലാസാഹിത്യ സാംസ്കാരികമേഖലയും ഉത്തരവാദികളാണ്. യഥാർത്ഥ കവികൾ പ്രശസ്തരാകണം എന്ന ലക്ഷ്യത്തോടെ വരില്ല, താൻ സമൂഹത്തിന്റെ ഭാഗമാണെന്നും . ഇവിടെ നടക്കുന്ന നന്മതിന്മകളെ, തന്റെ കാഴ്ചപ്പാടുകളെ, സമൂഹത്തിനു ഗുണകരമാകാൻ, വായനക്കാരിലും കേൾവിക്കാരിലും എത്തിക്കുവാൻ മാത്രമേ ആഗ്രഹിക്കു.. മറ്റു ബഹുമതികൾ തേടിയെത്തുന്നത് അവരിലെ പ്രതിഭയ്ക്കുള്ള അംഗീകാരമായി മാത്രമേ കാണൂ.. സാഹിത്യം ഒരു സർഗ്ഗകലയാണ് അല്ലാതെ അയൽപക്കത്തെ ഒരാൾ കവിയാണെന്നുകരുതി നാളെ താനും എന്തെങ്കിലും കുത്തിക്കുറിച്ചാൽ അത് കവിതയായി അംഗീകരിക്കപ്പെടും എന്നത് തെറ്റായ ധാരണയാണ്. കവിതയെഴുത്ത് ഒരു തപസ്യയാണ്, സമർപ്പണമാണ്. അതിനെ അതിന്റെ മൂല്യത്തോടെ കാണണം. എങ്കിലേ നല്ല കവിയുണ്ടാകൂ, നല്ല കവിതയുണ്ടാകൂ…
അങ്ങനെയാകാനാവണം ഓരോ കവിയും ശ്രമിക്കേണ്ടതും.
തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ ഓരോ സൃഷ്ടിയിലും കൊണ്ടുവരുവാൻ ശ്രമിക്കണം. അല്ലാതെ ചിലർ ചെയ്യുന്നതുപോലെ മറ്റു കവികളെ അന്ധ മായി അനുകരിച്ച്, അവരെ പ്രകീർത്തിച്ചു കവിത എഴുതുകയല്ല വേണ്ടത്. അങ്ങനെ എഴുതുന്നവയിൽ ഒന്നും സ്വത്വബോധമോ മറ്റു ഗുണഗണങ്ങളോ ഉണ്ടാകില്ല. കവിത അനുവാചകന് മനസ്സിലാകുന്ന രീതിയിൽ എഴുതണം മാധ്യമങ്ങളിലും വായനക്കാരിലും എത്തിക്കണം.
അതിലൂടെ കവിതയ്ക്ക് വായനക്കാർ ഉണ്ടാകുകയും കവിയെ ജനം തിരിച്ചറിയുകയും ചെയ്യും.

വായിക്കുവാൻ ക്ലിക്ക് ചെയ്യുക
FOR MORE DETAILS CLICK ON IMAGE
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6