
ഏവരുടേയും ശരീരവും മനസ്സും രൂപപ്പെടുന്നത് അവർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെ ആഹാരം പോഷകാഹാരമായിരിക്കണം, അത് മനസ്സിൻ്റെ ശരീരത്തിൻ്റെ മികവിൽ സ്വാധീനിക്കപ്പെടുന്നു. നല്ല ഭക്ഷണം കഴിച്ച മനസ്സ് നല്ല ചിന്തകളേ ഉണർത്തുന്നു. നല്ല ചിന്തകളിൽ നിന്നും കർമ്മങ്ങൾ ജനിക്കുന്നു. കർമ്മങ്ങൾ നല്ലതെങ്കിൽ ഒരുവൻ്റെ ഭാവിയും നല്ലതായിരിക്കും. അതായത് ഏതൊരുവൻ്റെയും പ്രവൃത്തികളത്രെ ഭാവി നിയന്ത്രണം. ഭാവിയെ നിയന്ത്രിക്കാനാകുമ്പോൾ വ്യക്തിത്വശ്രേഷ്ഠത മികവു പുലർത്തുന്നത് കാണാം. വ്യക്തിത്വമുള്ളിടത്ത് മനോഭാവം തിളങ്ങും. ഈ ഭാവം തന്മയീഭാവമായിരിക്കണം. തന്മയീഭാവത്തിൽ ഒട്ടും തന്നെ സ്വാർത്ഥത കാണില്ല. ഒരുവൻ്റെ മനോഭാവമത്രെ അവൻ്റെ സ്വഭാവഭദ്രത. സ്വഭാവം നല്ലതെങ്കിൽ അവൻ്റെ പ്രവൃത്തികൾ മറ്റുള്ളവർക്കു മാത്രമല്ല സമൂഹത്തിനു മുഴുവൻ ഗുണപ്രദമായി ഭവിക്കും. അതായത് നമ്മുടെ മനോഭാവം നമ്മളെ സൃഷ്ടിക്കുന്നു. നമ്മടെ മനസ്സിനെ ചിട്ടപ്പെടുത്തുവാൻ ആരോഗ്യമുള്ള ശരീരം വേണം. ആരോഗ്യമുള്ള ശരീരത്തിലേ പ്രൗഢമായ മനസ്സിരിപ്പൂ . പ്രൗഢമായ മനസ്സിനു മാത്രമേ ഗുണപരമായ ചിന്തകളെ ജനിപ്പിക്കാനാവൂ. ഗുണമേന്മയുള്ള ചിന്തകൾ പ്രവൃത്തിയെ മികവുറ്റതാക്കുന്നു. പ്രവൃത്തി മികവുറ്റതാകുമ്പോൾ അതിൻ്റെ ലക്ഷ്യവും ലക്ഷ്യപ്രാപ്തിയും കൈവരിക്കാനാകുന്നു. ലക്ഷ്യപ്രാപ്തി ജീവിതത്തെ മനോഹരമാക്കണമെങ്കിൽ ധന്യമാക്കണമെങ്കിൽ വിശ്വാസങ്ങളിൽ ഈശ്വരചൈതന്യം വേണം. ഈശ്വരവിശ്വാസമുള്ളിടത്ത് സർവ്വ ഐശ്വര്യങ്ങളും വന്നു ചേരും. നമ്മുടെ ആത്മധൈര്യത്തെ ഉയർത്തും. ആത്മധൈര്യം വിശ്വാസ പ്രമാണങ്ങൾക്കു് മുതൽക്കൂട്ടാകുകയും പരാജയഭീതികളേ മാറ്റിനിർത്തകയും ചെയ്യുന്നു. തെറ്റായ മാർഗ്ഗങ്ങളെ തിരഞ്ഞെടുക്കാതെ ശരിയിലൂടെ പടവുകൾ കയറുന്നുവെങ്കിൽ അവൻ ലക്ഷ്യപ്രാപ്തിയിൽ എത്തും. അതിന് രണ്ടഭിപ്രായമില്ല. നമ്മൾ നമ്മളെ സൃഷ്ടിക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കണ്ട നന്മകളെ വിസ്മരിക്കരുത്. സത്യവും നീതിയും പുലർത്തുന്ന മനോഭാവം നമ്മളുടെ വ്യക്തിത്വത്തിൻ്റെ ശ്രേഷ്ഠതയ്ക്ക് ഉത്തമമായി ഭവിയ്ക്കും. അത് തന്മയീഭാവത്തിൻ്റെ പൂർണ്ണതയായിരിക്കും. ജീവിതം ചുരുങ്ങിയ കാലഘട്ടങ്ങളെ ഉള്ളുവെന്നും ജീവനോ ഏതു സമയത്തു വേണമെങ്കിലും നഷ്ടപ്പെടാമെന്നുള്ള ബോധം എപ്പോഴും ഉണ്ടായിരിക്കണം. അത്തരം ബോധത്തിൽ നിന്നും സ്നേഹവും വാത്സല്യവും കരുണയും ദയയും സഹനവും പ്രകടമായി നിൽക്കും. അവരുടെ കർമ്മങ്ങൾ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനാകെ ഗുണപ്രദമായി ഭവിക്കുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.