
ആനയെ ആരും തിന്നാറില്ല എന്ന് ഏവർക്കുമറിയാം. അപ്പോൾ ആ വാചകത്തിൻ്റെ പ്രസക്തി എന്താണ്. അതിനു കാര്യമാത്ര പ്രസക്തിയുണ്ട്. ആന മൃഗങ്ങളിൽ വച്ചു ഏറ്റവും വലുതും ശക്തിമാനുമാണ്. അതിലേറെ തിന്നുന്ന ചോറിനു കൂറു കാട്ടുന്നവനാണ്. മനുഷ്യൻ്റെ ദൈവീക ക്ഷേത്ര കാര്യങ്ങളിലും ആയാസ്സമേറിയ തടിപിടിക്കലിലും കാട്ടാനകളെ പിടിക്കുന്നതിലും മെരുക്കുന്നതിലും ഒക്കെയായി മനുഷ്യർ ആനയെ ഉപയോഗിക്കുന്നു. അങ്ങനെയൊക്കെയാകുമ്പോൾ ആനയെ തിന്നുകയെന്ന പ്രയോഗം വലുതായി ചിന്തിക്കുക എന്നതാണ്. പണ്ട് എഴുത്തച്ഛൻ ഭട്ടതിരിക്കു കൊടുത്ത ഉപദേശം പോലെ “മത്സ്യം തൊട്ടുകുട്ടി എഴുതുക. ” അത് പണ്ഡിതനായ ഭട്ടതിരിക്കു മനസ്സിലാകുകയും മത്സ്യം തൊട്ടുള്ള പത്തവതാരകഥകൾ എഴുതി “നാരായണീയം ” എന്ന പേരിൽ ഭഗവാനു സമർപ്പിക്കയും ചെയ്തു. അതുപോലെ ഒരു പ്രയോഗമത്രെ ഇതും. നിങ്ങളുടെ ചിന്തകൾ വലുതാക്കുകയെന്നാൽ ഉന്നതമായി ചിന്തിക്കുക എന്നർത്ഥം. ഉന്നതമായി ചിന്തിക്കാനായി മതിയാം വണ്ണം അറിവും ബോധവും ജ്ഞാനവും സമ്പാദിക്കണം, ഇവകൾ കൈവരിച്ച മനുഷ്യൻ്റെ ചിന്തകളിൽ നന്മയുടെ നിറപ്പകിട്ട് കൂടി നിൽക്കും. തിന്മകളെ വർജ്ജിച്ചും നന്മകളെ വളർത്തിയും ചിന്തിക്കുമ്പോൾ അവനിൽ ഈശ്വരഭാവം വന്നു ചേരുന്നു. ഈശ്വരൻ കരുണാമയനാണ്. അതുപോലെ ഈശ്വരഭാവമുള്ള മനുഷ്യനും കരുണ ദയ സഹനം ത്യാഗം വാത്സല്യം സ്നേഹം ഇത്യാദി ഗുണവിശേഷങ്ങളാൽ സമ്പന്നനായിരിക്കും. കോപവും ദ്വേഷ്യവും അവനിൽ കാണാനാവില്ല. സമഭാവനയും മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദു:ഖമായി നെഞ്ചിലേറ്റി സമൂഹ നന്മകൾക്ക് ചുക്കാൻ പിടിക്കും. ഇത്തരം വലിയ ചിന്തകൾ കൊണ്ട് മനസ്സിനു വന്നു ചേരുന്ന രൂപാന്തരം വലിയ മനസ്സിൻ്റെ ഉടമയായി മാറ്റപ്പെടും, അതാണ് ആനയെ തിന്നുകയെന്ന പ്രയോഗത്തിൽ ഉള്ള സന്ദേശം. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.