ലേഖനം

മഹനീയമായ പ്രവർത്തനമാണ് ചാരിറ്റി അല്ലെങ്കിൽ കാരുണ്യ പ്രവർത്തനം. നിത്യജീവിതത്തിൽ നമ്മുടെ കണ്മുന്നിൽ കാണുന്ന സങ്കടകരമായ, മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകൾ ധാരാളമുണ്ട്.ആശ്രയമില്ലാത്ത, ആലംബഹീനരായ, ഒരു നേരത്തെ ഭക്ഷണത്തിന് മാർഗ്ഗമില്ലാത്ത, നിർധനരായ, തെരുവിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യജന്മങ്ങൾ. മാറാരോഗങ്ങൾക്കടിമപ്പെട്ടവർ, ചികിത്സയ്ക്ക് പണമില്ലാത്തവർ
അങ്ങനെ വിവിധതലത്തിൽ ആയിരക്കണക്കിന് മനുഷ്യർ ഇന്നും കേരളത്തിലുണ്ട്. അതിന് പുറമേ വീടില്ലാത്തവർ, വീടുണ്ടായിട്ടുംവാസയോഗ്യമല്ലാത്തത്, ജപ്തി ഭീഷണി നേരിടുന്നവർ, മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ സാമ്പത്തികമില്ലാത്തവർ, പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കാൻ ബുദ്ധിമുട്ടുന്നവർഎന്നിങ്ങനെ ലക്ഷക്കണക്കിന് ആളുകൾ വേറെയും.
ഏത് ഭരണം വന്നാലും ഇതിനെയെല്ലാം സമ്പൂർണ്ണമായി തുടച്ചുമാറ്റുവാൻ കഴിയില്ല. കാരണം നമ്മുടെ നാടും അതിന്റെ വ്യവസ്ഥിതികളും അങ്ങനെയാണ്. എങ്കിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ രംഗത്ത് ഏറെക്കുറെ മുന്നിലാണ് എന്ന സത്യവും വിസ്മരിക്കുന്നില്ല.
ഒരു കാലത്ത് കലാസാഹിത്യ സാമൂഹിക സാംസ്കാരിക കായിക പ്രസ്ഥാനങ്ങളും ക്ലബ്ബുകളും, വായനശാലകളും ധാരാളം ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് അവയെല്ലാം മാറ്റിനിർത്തികൊണ്ട് കൂണുപോലെ ചാരിറ്റി സംഘടനകൾ പിറവികൊണ്ടിരിക്കുകയാണ്. പുതിയതായി ഏതൊരു സംഘടനയ്ക്ക് രൂപം കൊടുത്താലും അതെല്ലാം ചാരിറ്റിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.ഇത്തരം ചാരിറ്റി സംഘടനകൾ ക്രിയാത്മകമായി പ്രവൃത്തിക്കുന്നുണ്ടോ എന്നുള്ളത് ചിന്തിക്കേണ്ടകാര്യമാണ് .പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സംഘടനകളുണ്ട്. അതും സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും കിട്ടാതെ പൊതുജനങ്ങളുടെ സഹായസഹരണത്തോടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ വൃദ്ധസദ നങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവ സന്ദർശിച്ചുംരോഗികൾക്ക് സാമ്പത്തിക സഹായംചെയ്തും, വിശക്കുന്നവർക്ക് ഭക്ഷണം കൊടുത്തും മാധ്യമങ്ങളിൽ പേരെടുക്കാത്ത സംഘ ടനകളുംവ്യക്തികളുംകർമ്മം തുടരുന്നു. സ്വന്തം അധ്വാനത്തിന്റെ ഒരു വിഹിതം കാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നവരുമുണ്ട്. ചില സംഘടനകളിലെ ഭാരവാഹികളും ജനങ്ങൾ നൽകുന്ന സംഭാവനയോടൊപ്പം തങ്ങളുടെ ഒരു വിഹിതം കൂടി ചേർത്ത് സഹായം നൽകുന്നു. ജനങ്ങളിൽനിന്നും വാങ്ങുന്നപണം അർഹതപ്പെട്ട കൈകളിൽ എത്തുകയെന്നുള്ള ലക്ഷ്യത്തോടെതന്നെയാണ്പ്രവർത്തിക്കേണ്ടത്. എന്നാൽ ഇതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ട് ചാരിറ്റിപ്രവർത്തനത്തിന്റെ പേരിൽ ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. സംഘടനകൾക്ക് രൂപംകൊടുത്ത് ചാരിറ്റബിൾ എന്ന ലേബലിൽ ജനങ്ങളിൽ നിന്നും പണം തട്ടിയെടുക്കുന്ന വൻകിട ബിനാമികൾവരെയുണ്ട്. ഇങ്ങനെ കോടികൾ സമ്പാദിച്ച് ഈ രംഗത്തെ ബിസിനസാക്കിമാറ്റിയിട്ടുള്ളവരുമുണ്ട്. ചാരിറ്റിയുടെ മറവിൽ കണക്കില്ലാത്ത സാമ്പാദ്യങ്ങൾ നേടുന്നവർ സ്വദേശത്തുനിന്നും വിദേശങ്ങളിൽനിന്നും പലരുടേയും കൈകളിൽ നിന്ന് പല പദ്ധതികളുടേയും പേരിൽ ധാരാളം പണം സമ്പാദിക്കുന്നു.എന്നാൽ ഇതിന്റെയൊന്നും ശ്രോതസ് കണ്ടെത്തുവാൻ ആരുംതന്നെ ശ്രമിക്കാറില്ല. വിവിധ സർക്കാർ സഹായങ്ങൾപോലും തന്ത്രപൂർവ്വം ഇവർ കൈക്കലാക്കുന്നു. ചില പ്രമുഖർ നയിക്കുന്ന ചാരിറ്റി പ്രസ്ഥാനങ്ങളുമുണ്ട്. പലരുടേയും ഉദ്ദേശം ഇതിന്റെ മറവിൽ പണവും പ്രശസ്തിയും തന്നെയാണ്.ഇവരുടെയൊക്കെ ചാരിറ്റി പ്രവർത്തനങ്ങളുടെ വാർത്തകൾ കണ്ടും കേട്ടും സഹായം അഭ്യർത്ഥിച്ച് വീട്ടിൽ എത്തുന്നവരെ ആശ്വസിപ്പിക്കാൻ പോലും ഇവർ തയാറാകുന്നില്ല.എന്നാൽ വാർത്തകളിൽ ഇടം പിടിക്കുമെന്നുകണ്ടാൽ, ജനങ്ങൾ ചില നിർധനർക്ക് സാമ്പത്തികസഹായംനൽകാൻ കൈകോർക്കുമ്പോൾ പ്രത്യക്ഷരാകുന്നചില പ്രമുഖ അഭിനവ കാരുണ്യ പ്രവർത്തകർ അവധൂതൻമാരായി അവിടെ അവതരിക്കുകയായി. പിന്നെ എല്ലാം അവർ ഏറ്റെടുക്കുകയാണ്. എളുപ്പത്തിൽ നന്മമരമായി നവമാധ്യമങ്ങളിൽ നിറയുമ്പോൾ രാപകലില്ലാതെ കഷ്ടപ്പെട്ടവർ പുറത്തുമായി. കോടിക്കണക്കിനു ബിനാമി ഇടപാടുകളുള്ള ഇവർക്കെല്ലാം തങ്ങളുടെ മുഖം രക്ഷിക്കാൻ ഇതുപോലെ പൊതുജനങ്ങളുടെ ഇടയിലിറങ്ങി നാടകം കളിക്കണം. അതിന് കൈ നനയാതെ മീൻ പിടിക്കുന്ന സൂത്രപ്പണികളെ ഇവർ ചെയ്യൂ. വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരംവാങ്ങി നൽകിയാലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നവരുണ്ട് .പക്ഷേ,സ്വന്തം അച്ഛനുമമ്മയ്ക്കും കുടുംബത്തിനും അന്നം കൊടുക്കാത്തവരും ചാരിറ്റിചെയ്യുന്നു.അത് സേവന തല്പരതകൊണ്ടല്ല. പണം സമ്പാദനത്തിനും പ്രശസ്തിക്കുംവേണ്ടി മാത്രം. ഇങ്ങനെയുള്ള പുഴുക്കുത്തുകൾ സമൂഹത്തിലുണ്ടെങ്കിലും നല്ല രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവ്യക്തികളുമുണ്ട് . മാരകമായ രോഗങ്ങൾക്കടിമപ്പെട്ട രോഗികളുടെ ചികിത്സകൾ, കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, ഹാർട്ട് ഓപ്പറേഷൻ, വൃക്കമാറ്റിവെയ്ക്കൽ തുടങ്ങി…നിർധനരായവരെ സഹായിക്കുവാൻ സുമനസ്സുകളായ മനുഷ്യർ ചാരിറ്റി പ്രവർത്തനത്തിലൂടെ പണം കണ്ടെത്തി ചികിത്സയിലൂടെ രോഗം ഭേദപ്പെടുത്തി, സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളതും,അർപ്പണമനോഭാവത്തോടെ നിർധനർക്ക് വീടുനിർമ്മിച്ചുകൊടുത്തിട്ടുള്ള ചാരിറ്റിസംഘടനകളുമുണ്ട്.സ്വന്തം ജീവിതത്തേക്കാൾ ഉപരി അപരന്റെ നന്മകൾക്കായി പ്രവർത്തിക്കുന്ന ഇത്തരക്കാർക്കു നേരെ അപവാദ പ്രചരണം നടത്തുന്നവരേയും കാണാം .തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുന്നതിലൂടെ അവർക്ക് സമൂഹത്തിൽ, സാധാരണക്കാർക്കിടയിൽ ലഭിക്കുന്ന പരിഗണന യിൽ അസൂയാലുക്കളായി മാറുന്നവരും,ചാരിറ്റി എന്ന പേരിൽ പലവിധ തട്ടിപ്പുകൾ നടത്തുന്നവരോ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു.സോഷ്യൽ മീഡിയയിൽ സജീവമായി സൈബർ അറ്റാക്ക് നടത്തുന്ന അവർക്ക് നേരെ നടപടിയെടുക്കുവാൻ ആരും തയ്യാറാവില്ല എന്നതാണ് സത്യം. രോഗികളുടെ ചികിത്സയ്ക്കുവേണ്ടിഎന്ന ലേബലിൽ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിൽ കുട്ടിയുടെ ഫോട്ടോ പ്രദർശിപ്പിച്ച് ഗാനമേള നടത്തി ബക്കറ്റ് പിരിവ് നടത്തുകയും. കിട്ടുന്നതിന്റെ മുക്കാൽ ഭാഗവും സ്വന്തം പോക്കറ്റിലാക്കുകയും ബാക്കി മിച്ചംവരുന്ന ചെറിയ ഭാഗം ആ കുട്ടിയുടെ ചികിത്സയ്ക്ക് കൊടുക്കുകയും,ബാക്കി തുക ചിലവിന്റെ ഭാഗമായി സംഘാടകർ കൈക്കലാക്കുകയും ചെയ്യുന്നു.സമസ്ത മേഖലകളിലും ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്യന്റെ വേദനയിൽ പങ്കുചേരാനും, അപരന്റെ കണ്ണുനീരൊപ്പാനും, അവർക്കൊരു കൈത്താങ്ങാകാനുംഎല്ലാപേർക്കും സാധിക്കുന്ന കാര്യമല്ല. സേവനം ചെയ്യാനുള്ള മനസും സത്യസന്ധതയും കരുണയുള്ളൊരു ഹൃദയവും കൈമുതലായി ഉണ്ടായിരിക്കണം. ഇന്ന് സമൂഹത്തെ കാർന്നുതിന്നുന്ന വലിയൊരു വിപത്തായി തീർന്നിട്ടുണ്ട് ചില വൻകിട ചാരിറ്റബിൾ പ്രസ്ഥാനങ്ങളുടെ പേരിലുള്ള തട്ടിപ്പുകൾ. കോടിക്കണക്കിനു രൂപയുടെ തിരിമറികളാണ് നടക്കുന്നത്. ചില ബിനാമികളും ഇതിന്റെ ഭാഗമായി പിന്നിലുള്ളതുകൊണ്ട് യാതൊരു വിധ നിയമ നടപടികളും ഇവരുടെ പേരിൽ ഉണ്ടാവുകയില്ല.
എന്നാൽ ചില ചെറിയ സംഘടനകൾ ഒട്ടേറെ ക്ഷേമകാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അവയെ പലരും പുച്ഛിച്ചു തള്ളുന്ന അവസ്ഥയും നിലനിൽക്കുന്നു.
എന്തായാലും നല്ല രീതിയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന ചാരിറ്റി സംഘടനകൾ അനിവാര്യമാണ് എന്നുള്ള കാര്യത്തിൽ തർക്കമില്ല. പക്ഷേ.. ചാരിറ്റി മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിയുകയും വേണം.
കാരുണ്യ പ്രവർത്തനം എന്നത് ഒരു സമർപ്പണമാണ്. അത് പണം സമ്പാദിക്കാനുള്ള കുറുക്കുവഴിയല്ല. ഇതിനോടകം നിരവധി ചാരിറ്റി സംഘടനകളുടെ പ്രവർത്തനഫലമായി നിരവധി പേരുടെ ജീവൻ സംരക്ഷിക്കുന്നതിനും പാർപ്പിടവും ജീവിതമാർഗ്ഗങ്ങളും കണ്ടെത്തി കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
“ജീവകാരുണ്യ പ്രവർത്തനം”എന്നത് യാതൊരു ലാഭേച്ഛയും കൂടാതെ ‘ശ്രേഷ്ഠതയോടെ, അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കാൻ കഴിയുന്നവരുടെ മേഖലയായി മാറട്ടെ എന്നാഗ്രഹിക്കുന്നു..
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.