കൊല്ലം നഗരമധ്യത്തില് പട്ടാപ്പകല് സൈക്കിള് യാത്രികനായ വയോധികൻ കാറിടിച്ച് മരിച്ച സംഭവം അരക്കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്നുള്ള ക്വട്ടേഷൻ കൊലപാതകം.അപകടമരണമെന്ന് കരുതിയ കേസാണിത്. സാമ്പത്തിക തട്ടിപ്പ് നടത്തിയശേഷം ക്വട്ടേഷൻ നല്കിയ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് വനിതാ മാനേജർ ഉള്പ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളി നഗർ കുളിർമയില് ബി.എസ്.എൻ.എല് റിട്ട. ഡിവിഷനല് എൻജിനീയർ പാപ്പച്ചനാണ് (82) മരിച്ചത്.പാപ്പച്ചൻ സഞ്ചരിച്ച സൈക്കിളില് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ക്വട്ടേഷൻ നല്കുകയും സഹായിക്കുകയും ചെയ്തവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ ഏറ്റെടുത്ത കൊല്ലം പോളയത്തോട് അനിമോൻ മൻസിലില് അനിമോൻ (44), സഹായി കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രി നഗറില് വയലില് പുത്തൻവീട്ടില് മാഹിൻ (47), ക്വട്ടേഷൻ നല്കിയ കൊല്ലം ഓലയില് മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജർ തേവള്ളി കാവില് ഹൗസില് താമസിക്കുന്ന സരിത (45), കൊല്ലം ഓലയില് മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യുട്ടിവ് മരുത്തടി വാസുപ്പിള്ള ജങ്ഷനില് കെ.പി. അനൂപ്(37), കാർ നല്കിയ പോളയത്തോട് ശാന്തി നഗർ കോളനിയില് സല്മ മൻസിലില് ഹാഷിഫ്(27) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപം നടത്താനെന്ന് വിശ്വസിപ്പിച്ച് പാപ്പച്ചന്റെ കൈയില്നിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിച്ച സരിതയും അനൂപും ഈ തുക സംബന്ധിച്ച് പാപ്പച്ചൻ ചോദ്യമുയർത്തിയതോടെയാണ് കൊലപാതകം നടത്താൻ പദ്ധതിയിട്ടത്. കഴിഞ്ഞ മേയ് 23ന് ഉച്ചക്ക് 12.30ഓടെ കൊല്ലം ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് സമീപം സൈക്കിളില് കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് പാപ്പച്ചൻ മരിച്ചത്.
ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഓടിച്ച അനിമോനെ പിന്നീട് പൊലീസ് കണ്ടെത്തി. ജൂണ് ഒന്നിന്, പാപ്പച്ചന്റെ സാമ്പത്തിക ക്രയവിക്രയങ്ങളിലും മുത്തൂറ്റ് മിനി മാനേജറുടെ പെരുമാറ്റത്തിലും സംശയമുന്നയിച്ച് മകള് റെയ്ച്ചല് ഈസ്റ്റ് പൊലീസില് നല്കിയ പരാതിയാണ് വഴിത്തിരിവായത്. അന്വേഷണത്തില് അനിമോനും സരിതയുമായി ബന്ധമുള്ളതായി കണ്ടെത്തി. വിശദമായ അന്വേഷണത്തില് ക്വട്ടേഷൻ കൊലപാതകം ആണെന്ന് പൊലീസ് ഉറപ്പാക്കി.
പൊലീസ് പറയുന്നത്: മകൻ ജേക്കബ് ഗള്ഫിലും മകള് റെയ്ച്ചല് ഉത്തർപ്രദേശിലും ഭാര്യ മെറ്റില്ഡ കോട്ടയത്ത് കെയർ ഹോമിലും കഴിയുന്നതിനാല് കൊല്ലത്ത് ഒറ്റക്കാണ് പാപ്പച്ചൻ കഴിഞ്ഞത്. സരിതയും അനൂപും ചേർന്ന് പാപ്പച്ചനില്നിന്ന് 36 ലക്ഷം രൂപ സ്ഥിരനിക്ഷേപം സ്വീകരിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് പിന്നീട്, മറ്റ് ബാങ്കുകളില് ഉള്ള നിക്ഷേപങ്ങള് പിൻവലിപ്പിച്ച് തുക ഇരുവരും കൈക്കലാക്കി.
80 ലക്ഷം രൂപ നിക്ഷേപം നടത്തിയെന്ന വ്യാജരേഖയും നല്കി. എന്നാല്, 53 ലക്ഷംരൂപ ഇരുവരും തട്ടിയതായാണ് പ്രാഥമിക വിവരം. നിക്ഷേപത്തിനനുസരിച്ച് പലിശ വരാത്തതിനെ കുറിച്ച് പാപ്പച്ചൻ ചോദിച്ചതോടെ ഇവർ കൊലപാതകത്തിന് ക്വട്ടേഷൻ നല്കി. ഈ കേസില് പൊലീസ് അന്വേഷണം നടക്കവെ, സ്ഥാപനത്തിലെ ഓഡിറ്റിങ്ങില് മറ്റു ചില സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തി. ഇതോടെ ജൂണ് 25ന് ഇരുവരെയും സസ്പെൻഡ് ചെയ്തു.
No Comment.