10 ഏക്കറിലെ വലിയ ലോജിസ്റ്റിക് പാർക്കുകള്ക്കും അഞ്ച് ഏക്കറില് മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നതടക്കമുള്ള വ്യവസ്ഥകള് ഉള്പ്പെടുത്തി കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നല്കി.ഈ പാർക്കുകളില് ചരക്ക് കൈകാര്യം ചെയ്യല്, ഇൻറർ മോഡല് ട്രാൻസ്ഫർ സൗകര്യങ്ങള്, ആഭ്യന്തര റോഡ് ശൃംഖല പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങള്, ഡോർമിറ്ററികള്, മെഡിക്കല് സെന്ററുകള് തുടങ്ങിയ നോണ്-കോർ ഘടകങ്ങള് എന്നിവ ഉള്പ്പെടും.
നയം പ്രകാരം ചീഫ് സെക്രട്ടറി നേതൃത്വം നല്കുന്ന ഒരു ലോജിസ്റ്റിക്സ് കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും. ഈ കമ്മിറ്റിക്കായിരിക്കും മേഖലയിലെ തീരുമാനങ്ങള് കൈക്കൊള്ളാനുള്ള അധികാരം.
വ്യവസായ വകുപ്പ് പ്രിൻസിപ്പല് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ല് രൂപവത്കരിക്കാനും നയം നിർദേശിക്കുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പാക്കുക.
ഇതിനു പുറമെ, പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോഓഡിനേഷൻ കമ്മിറ്റികളും നഗരതലത്തില് ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള് വികസിപ്പിക്കുന്നതിനായി രൂപവത്കരിക്കും.
ലോജിസ്റ്റിക്സ് പാർക്കുകള്ക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകള്ക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപവത്കരിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി ഏഴു കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് മൂന്നു കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടാകും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്ബോഴും ലീസിനെടുക്കുമ്പോഴും സ്റ്റമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നല്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും സംസ്ഥാനത്ത് ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകള് ആരംഭിക്കാൻ നയത്തിലൂടെ അനുമതി നല്കുന്നുണ്ട്.
No Comment.