ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ
മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം. പൊലീസ് കസ്റ്റഡിയിലായിരുന്ന മകൻ വിജയൻ കുറ്റം സമ്മതിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടും പൂർണമായി കത്തിയ നിലയിലാണ്. വിജയനൊപ്പമാണ് മാതാപിതാക്കൾ താമസിച്ചിരുന്നത്.
വിജയൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് അയൽക്കാരും ബന്ധുക്കളും ഉൾപ്പെടെ പറഞ്ഞിരുന്നത്. സ്വത്തുമായി ബന്ധപ്പെട്ട് വിജയനും മാതാപിതാക്കളും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. രണ്ട് ദിവസം മുമ്പും വിജയൻ വൃദ്ധ ദമ്പതികളെ മർദിച്ച് അവശരാക്കിയിരുന്നുവെന്ന് വിജയന്റെ സഹോദരിയുടെ മകൻ വിഷ്ണു മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
No Comment.