ഭർത്താവ് കിണറ്റിൽ വീണു; രക്ഷിക്കാൻ കയറിൽ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തിൽ; രക്ഷകരായി അഗ്നിരക്ഷാ സേ
പിറവം∙ കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റിൽ വീണ ഭർത്താവിനെ രക്ഷപ്പെടുത്താൻ ഭാര്യ സാഹസികമായി കയറിൽ തൂങ്ങി ഇറങ്ങി. രക്ഷാപ്രവർത്തനത്തിനിടെ കയറിൽ നിന്ന് പിടിവിട്ട് വെള്ളത്തിൽ വീണ ഭാര്യയെയും ഭർത്താവിനെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി.
പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലഞ്ഞിക്കാവിൽ രമേശൻ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. രമേശൻ കിണറ്റിൽ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയർ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാർ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ പത്മം തന്നെ കിണറ്റിൽ ഇറങ്ങി. പകുതി ഇറങ്ങിയപ്പോൾ കയർ വഴുതി പത്മവും കിണറ്റിലേക്കു പതിച്ചു.
വീഴ്ചയിൽ തലയ്ക്കു പരുക്കേറ്റ രമേശനെ അഗ്നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിർത്തി. കിണറ്റിൽ 5 അടി ഉയരത്തിൽ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതൽ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No Comment.