സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ ഡ്രോൺ ഉപയോഗിച്ച് തകർക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി
തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ ഡ്രോൺ ഉപയോഗിച്ച് തകർക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കൊച്ചി ആസ്ഥാനത്താണ് ശനിയാഴ്ച ഉച്ചയോടെ ഇ-മെയിൽ ഭീഷണി ലഭിച്ചത്.
ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലും ആക്രമണമുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ സുരക്ഷാസേനയുടെയും വിമാനകമ്പനികളുടെയും വിമാനത്താവള അധികൃതരുടെയും നേതൃത്വത്തിൽ സുരക്ഷാവിഭാഗം യോഗം ചേർന്നു.
തുടർന്ന് തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തി. ഒന്നരയോടെ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തി. ബി.സി.എ.എസ്. അധികൃതരുടെ നിർദേശപ്രകാരം അടുത്ത 24 മണിക്കൂർവരെ കനത്ത സുരക്ഷാപരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിനുള്ളിലും പുറത്തുമായി സുരക്ഷാസേനയുടെ നേതൃത്വത്തിൽ കനത്ത കാവലേർപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയുടെ പുനർനിർമാണം കഴിഞ്ഞ ജനുവരി 14-ന് ആരംഭിച്ചിരുന്നു. അതിനാൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറുവരെ റൺവേ അടച്ചിടുന്നുണ്ട്. ഈ സമയം വിമാനസർവീസ് ഉണ്ടാകില്ല.
ഭീഷണി ഒഴിവായെങ്കിലും തിരുവനന്തപുരം വിമാനത്താവളം അടക്കമുള്ള സംസ്ഥാനത്തെയും ചെന്നൈ, ബെംഗ്ലുരു എന്നീ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
No Comment.