ഷഹബാസിന്റെ വീട്ടിൽ സൈബർ സെൽ പരിശോധന നടത്തി.
താമരശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന് ഷഹബാസിന്റെ വീട്ടില്‍ സൈബര്‍ സെല്ലിന്റെ പരിശോധന നടത്തി.
കേസന്വേഷിക്കുന്ന താമരശേരി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും സൈബര്‍ സെല്ലിനൊപ്പം ഇവിടെയെത്തി.
ഷഹബാസ് ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കം പരിശോധിച്ചു ഫോണ്‍ വഴി കുട്ടിക്ക് ഭീഷണിയോ മറ്റോ ഉണ്ടായോ എന്നറിയാനാണ് പരിശോധന. കുറ്റാരോപിതര്‍ ഷഹബാസുമായി ആശയവിനിമയം നടത്തിയിരുന്നോ എന്നും പരിശോധിക്കും.
ഷഹബാസിന്റെ മരണത്തില്‍ പ്രായപൂർത്തിയാകാത്ത ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്. കൂടുതല്‍ പേർ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ഗൂഢാലോചനയിലും മർദനത്തിലും പങ്കുണ്ടെങ്കില്‍ ഇവരെയും പ്രതി ചേർക്കും. സംഘട്ടനമുണ്ടായതിനു സമീപത്തെ കൂടുതല്‍ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി.
സംഭവത്തില്‍ മുതിർന്നവരുടെ ഗൂഢാലോചനയും പ്രേരണയും അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. പ്രതികളില്‍ ഒരാളുടെ പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തില്‍ ഇയാളുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്
No Comment.