Skip to content

chithrodayamflashnews.com

Asnap 1409

വഖഫ് ബിൽ രാജ്യസഭയിൽ പാസായതിൽ മുനമ്പത്ത് ആഹ്ലാദ പ്രകടനം, പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ച് സമരസമിതി

വഖഫ് ബിൽ രാജ്യസഭയിൽ പാസായതിൽ മുനമ്പത്ത് ആഹ്ലാദ പ്രകടനം, പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ച് സമരസമിതി
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാരുടെ ആഘോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ച് സമരക്കാർ ആഹ്ലാദ പ്രകടനം നടത്തി. പടക്കം പൊട്ടിക്കുകയും ചെയ്‌തു. ബിൽ പാസായെങ്കിലും റവന്യു അവകാശം പുഃനസ്ഥാപിച്ച് കിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
പുതിയ സംഭവവികാസങ്ങൾ രാഷ്ട്രീയ മാറ്റത്തിന്റെയും തുടക്കമാണെന്നും, ആരാണ് ഒറ്റുകാർ എന്നു ബോദ്ധ്യമായ സാഹചര്യത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുമെന്നും സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു. മുങ്ങിത്താഴുന്നവരെ താങ്ങിനിറുത്തുന്ന സമീപമാണ് നരേന്ദ്ര മോദി സർക്കാരിന്റേത്. രാജ്യസഭയിലെ അടക്കം കേരളത്തിലെ 28 എം പിമാർ ബില്ലിനെ എതിർത്തപ്പോൾ ബി ജെ പിയിലെ സുരേഷ് ഗോപി മാത്രമാണ് ശക്തമായ നിലപാടെടുത്തത്. കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകും വരെ സമരം ശക്തമായി തുടരുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ച നാട്ടുകാർ സമരപന്തലിലെ ടെലിവിഷനിൽ ലൈവായി കണ്ടിരുന്നു. ബിൽ പാസായതിന് പിന്നാലെ പുലർച്ചെ മൂന്ന് മണിയോടെ ആഹ്ലാദ പ്രകടനം നടത്തി.
ഭരണ – പ്രതിപക്ഷ വാക്പോരിനും ബഹളത്തിനുമിടെയിലാണ് കേന്ദ്രം രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഇത് നിയമമാവും. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. കേരളത്തിലെ എം.പിമാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.രാജ്യത്തെ ശക്തമാക്കുന്നതാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഖാർഗെയും സോണിയാ ഗാന്ധിയും ബില്ലിനെതിരെ ആഞ്ഞടിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഖാർഗെ പറഞ്ഞു. സമുദായ ധ്രൂവീകരണമാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് സോണിയ ആരോപിച്ചു.അതേസമയം, ലോക്‌സഭയിലെ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാത്തതിലും, പ്രിയങ്കാ ഗാന്ധി എത്താതിരുന്നതിലും മുസ്ലിം ലീഗിന് അതൃപ്‌തിയുണ്ടെന്നാണ് സൂചന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6