Skip to content

chithrodayamflashnews.com

Asnap 1409

എന്റെ ദുബായ് യാത്രാവിവരണ അനുഭവ ഡയറിക്കുറിപ്പ്- 4- മാലിനി ജയരാജ്‌ ( തൃശ്ശൂർ)

ഹാവൂ…… ഒടുവിൽ റൂം കിട്ടി

18-11-22 (വെള്ളി )

ഒരുപാട് അന്വേഷിച്ചു റൂമിനു വേണ്ടി. ജയേട്ടന്റെ ഫ്രണ്ട്‌സ് എല്ലാം നോക്കുന്നുണ്ടത്രേ.ഷാർജയിൽ റൂം ഉണ്ടെന്ന് പറഞ്ഞു. ജയേട്ടന്റെ ഓഫീസ്മേറ്റ് അവരുടെ ഫ്ലാറ്റ് തരാമെന്നു പറഞ്ഞു. പക്ഷേ അവിടുന്ന് ദുബായിയിലേയ്ക്ക് ജയേട്ടന് ഓഫീസിൽ എത്താൻ ട്രാഫിക് കാരണം ബുദ്ധിമുട്ടാവുമെന്നുള്ളത് അറിയാവുന്നതുകൊണ്ട് അത് വേണ്ടെന്നുവെച്ചു. അത് മാത്രമല്ല ബർ ദുബായ് പോലെ അത്ര ഫ്രീയായി, സന്തോഷായി ഞങ്ങൾക്ക് നടക്കാൻ പറ്റില്ലെന്ന് ജയേട്ടൻ. അവസാനം ഞാൻ പറഞ്ഞു, ഞാനൊന്നു ട്രൈ ചെയ്യാം എന്റെ ഫ്രണ്ട്‌സും ബന്ധുക്കളും ഇവിടെയുണ്ട് അവരോടൊക്കെ ചോദിയ്ക്കട്ടെ എന്ന്.

സീസൺ ആയ കാരണവും പിന്നെ ഖത്തറിൽ വേൾഡ് കപ്പ്‌ തുടങ്ങുന്ന കാരണവുമാണ് റൂം കിട്ടാൻ ഇത്രയും ബുദ്ധിമുട്ട്. എല്ലാവരും റൂം അന്വേഷിയ്ക്കുന്ന തിരക്കിലാണ്, ജയേട്ടന്റെ മൊബൈലിൽ റൂമുകളെപ്പറ്റിയുള്ള മെസ്സേജുകൾ വന്നു കൊണ്ടിരിയ്ക്കുന്നു. കിട്ടുന്നതാണെങ്കിലോ ഒരു മാസത്തെ വാടക താങ്ങാവുന്നതിലും കൂടുതൽ( 6500 ദിർഹം ) (6500*21 = നാട്ടിലെ 1,36,500 രൂപ ) അല്ലെങ്കിൽ മിനിമം മൂന്ന് മാസത്തേക്ക് എടുക്കണമത്രേ. ഇത് രണ്ടും ഞങ്ങൾക്ക് പ്രായോഗികമല്ല. സ്റ്റുഡിയോ ഫ്ലാറ്റ് കിട്ടുമെന്ന് പറഞ്ഞു. പിന്നെ നിറയെ ഹോട്ടലുകളും ഉണ്ട്. അക്കാര്യം ഞങ്ങൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അവസാനം എന്റെ വളരെ അടുത്ത സുഹൃത്ത്‌ വഴി ഞങ്ങൾക്ക് ബർ ദുബായിയിൽ തന്നെ ടെക്സ്റ്റൈൽ മാർക്കറ്റിനുള്ളിലുള്ള ഹോറിസോൺ ഹോട്ടൽ അപ്പാർട്ട്മെന്റിൽ ഒരു മാസത്തേക്ക് റൂം ശരിയായി. രണ്ട് റൂമുകൾ കാണിച്ചുതന്നു. കിച്ചണും , ബാത്രൂമും ഷയറിങ് ഉള്ളതിനോട് അത്ര താല്പര്യം തോന്നിയില്ല. കാരണം. നമുക്ക്, ഉള്ള ആ ഒരുമാസമെങ്കിലും സ്വാതന്ത്ര്യത്തോടെ അവിടെ കഴിയാൻ പറ്റണമെന്നുള്ളതുകൊണ്ട്. “മുട്ടുവിൻ തുറക്കപ്പെടും” എന്ന് പഴമൊഴി ഉണ്ടെങ്കിലും ബാത്‌റൂമിന്റെ കാര്യത്തിൽ അത് ശരിയായിക്കൊള്ളണമെന്നില്ലല്ലോ . തൊട്ടടുത്ത റൂമിലെ ആൾക്കാർ പ്രഭാതകൃത്യങ്ങൾക്കായി ബാത്രൂമിന് മുന്നിൽ വന്ന് വാതിലിൽ തട്ടി വിളിയ്ക്കും. ഇനിയിപ്പോ ഈ തട്ടൽ വിദഗ്ദ്ധൻ ഒരു മലയാളി ആണെങ്കിൽപ്പിന്നെ പറയണോ പൂരം. എല്ലാവരെയുമല്ലാട്ടോ ഉദ്ദേശിച്ചത്.

മുമ്പത്തെ ഒരു സംഭവം പറയാം. 2016 ൽ ആദ്യമായി ദുബായിയിൽ വന്നപ്പോൾ നല്ലൊരു ഫ്ലാറ്റ് കിട്ടി താമസിയ്‌ക്കാൻ. തൊട്ടടുത്ത റൂമിൽ ഒരു നോർത്ത് ഇന്ത്യൻ സഹോദരനും സഹോദരിയും ഉണ്ട്. രണ്ടുപേരും ജോലിക്കാർ. ഭക്ഷണം പാകം ചെയ്യൽ റൂമിൽ വെച്ച് ഇൻഡക്ഷൻ കുക്കറിൽ. ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും കൂടി ഒരു ബാത്രൂം. അവരെ ഞങ്ങൾ കാണുന്നത് തന്നെ വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഡ്രസ്സ്‌ അലക്കാനും മറ്റും നിൽക്കുമ്പോൾ. ഒരു ദിവസം അവർ ഞങ്ങളോട്, ബാത്‌റൂമിലുള്ള അവരുടെ വാഷിംഗ്‌ മെഷീൻ ആവശ്യമെങ്കിൽ യൂസ് ചെയ്തോളു എന്ന് പറഞ്ഞ് ഞങ്ങൾക്ക് അതിന്റെ പ്രവർത്തന രീതിയെല്ലാം പറഞ്ഞുതന്നു.അങ്ങനെയുമുണ്ട് ആൾക്കാർ. രാവിലെ ജോലിയ്ക്കു പോകേണ്ടവർ പോയിക്കഴിഞ്ഞതിന് ശേഷം കുളിയ്ക്കാനും മറ്റും പോയാൽ മതിയെന്ന് ജയേട്ടൻ ഞങ്ങളോട് പറഞ്ഞിരുന്നു. അല്ലെങ്കിൽ വളരെ നേരത്തെ എണീറ്റ്‌ ബാത്രൂം ഒഴിവാക്കിക്കൊടുത്താലും മതി. ജയേട്ടൻ അങ്ങനെയാ ചെയ്യാറത്രേ . 4 മണിയ്ക്കുതന്നെ അലാറം ഇല്ലാതെതന്നെ ഉണരും. റൂമിലുള്ളവർ എണീയ്ക്കുന്നതിനുമുന്നേ പല്ലുതേപ്പും കുളിയും കഴിയും. അത് കൊണ്ട് അവർക്കാർക്കും ശല്യമൊന്നും ഉണ്ടാവില്ല. ഞങ്ങളുടെ നേരെ ഓപ്പോസിറ്റ് റൂമിൽ നാലോ അഞ്ചോ ആണുങ്ങൾ താമസിയ്ക്കുന്നു. മലയാളികൾ തന്നെ.

റൂമിൽ സെറ്റ് ആയ ശേഷം ജയേട്ടൻ 5 ദിർഹത്തിന്റെ നെറ്റ് റീചാർജ് ചെയ്തു തന്നു. അതാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓപ്പോസിറ്റ് റൂമിൽ നിന്ന് ഒരാൾ വന്ന് വാതിലിൽ തട്ടി. ജയേട്ടൻ വാതിൽ തുറന്നു. കാര്യം തിരക്കി. നെറ്റ് use ചെയ്യുന്നുണ്ടോ എന്നയാൾ. ഉണ്ടെന്ന് പറഞ്ഞപ്പോൾ തിരിച്ചുപോയി. വൈകുന്നേരം അയാൾ വീണ്ടും വന്ന് ഇക്കാര്യം തന്നെ ചോദിച്ചു. ജയേട്ടൻ പറഞ്ഞു 5 ദിർഹത്തിന്റെ റീചാർജ് ചെയ്തിട്ടുണ്ട്, അത് കഴിഞ്ഞാൽ വീണ്ടും ചെയ്യും . അയാളുടെ നെറ്റ് ഞങ്ങൾ യൂസ് ചെയ്യുന്നുണ്ടോ എന്നാണ് അയാൾക്ക്‌ സംശയം. “അതിന് പാസ്സ്‌വേർഡ്‌ വല്ലതും ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടോ? എന്നാലല്ലേ അതിന് കഴിയൂ” എന്ന് ജയേട്ടൻ ചോദിച്ചു.
.ഈ വരവും ചോദ്യവും ഉത്തരവും നാലഞ്ചു തവണ തുടർന്നു. ആറാമതും വന്നപ്പോൾ ജയേട്ടന്റെ ക്ഷമ നശിച്ചു. ഞാൻ ആദ്യമായാണ് ജയേട്ടന് ഇത്രയും ദേഷ്യം വരുന്നത് കാണുന്നതുതന്നെ. ഞാനും മക്കളും റൂമിന്റെ സൈഡിലേയ്ക്ക് മാറി നിൽക്കുന്നകാരണം അയാൾ ആരാണെന്നൊന്നും അറിഞ്ഞില്ല. “കുറേ പ്രാവശ്യമായി നിങ്ങളോട് പറയുന്നു. എന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ? ഇനി ഇക്കാര്യവും പറഞ്ഞു വന്നാൽ നല്ല അടികൊള്ളും”. എന്ന് ദേഷ്യത്തോടെ ജയേട്ടൻ പറഞ്ഞത് കേട്ടുകൊണ്ട് അയാൾ തിരിച്ചുപോയപ്പോൾ ഞങ്ങൾ ജയേട്ടനോട് ചോദിച്ചു ഇനിയും അയാൾ വന്നാൽ ശരിയ്ക്കും അടിയ്ക്കുമോ? ” ഏയ്‌ ഇല്യാ ഞാൻ ചുമ്മാ പറഞ്ഞതാ അയാളെ തല്ലിയിട്ട് എന്റെ കൈയ്യെന്തിനാ നാശമാക്കുന്നത്, ഇനി വന്നാൽ വാതിൽ തുറക്കേണ്ട, നമുക്ക് കംപ്ലൈന്റ് കൊടുക്കാം” എന്ന്. അതിന് ശേഷം അയാൾ വന്നതേയില്ല.


എടപ്പാൾകാരനായ ബഷീറിക്ക ഹോട്ടലുകാരോട് സംസാരിച്ച് ദിവസം 180 ദിർഹത്തിന് ഒരു വലിയ റൂമിൽ രണ്ട് ഡബിൾകോട്ട് കട്ടിൽ സെറ്റ് ചെയ്ത് തിരിച്ചുതന്നു. നല്ലൊരു അടുക്കളയും ടോയ്‌ലെറ്റും ഉണ്ടായിരുന്നു. സീസൺ ആയതുകൊണ്ട് എല്ലാവരിൽ നിന്നും 200 ദിർഹമാണത്രെ വാങ്ങുന്നത്. ഇതേചൊല്ലി റിസെപ്ഷനിൽ പാർട്ണർസ് തമ്മിൽ സംസാരമുണ്ടായത്രേ, ഞങ്ങളിൽനിന്നും 200 വാങ്ങിയ്ക്കാൻ പറഞ്ഞുവെന്നും, അതുപറ്റില്ല ഞാനവരോട് 180 പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു, ഇനി മാറ്റാൻ പറ്റില്ല. അത് എന്റെ നാട്ടുകാരും കൂടിയാണ് എന്നും ബഷീറിക്ക പാർട്ണർസിനോട് പറഞ്ഞുവത്രേ. മറ്റൊന്നുകൂടി ബഷീറിക്ക ഞങ്ങളോട് പറഞ്ഞു. പൈസ മുഴുവനും കൊടുക്കേണ്ട കുറേശ്ശെ കൊടുത്ത് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ എപ്പോൾ വേണമെങ്കിലും റൂം വേക്കറ്റ് ചെയ്യാം, ഇവിടെ ആരുടെ ശല്യവും ഉണ്ടാവില്ല, ബന്ധുക്കൾക്കും മറ്റും വരുന്നതിൽ കുഴപ്പമൊന്നുമില്ല എന്നുകൂടി ഓർമ്മപ്പെടുത്തി.

ദുബായ് അമ്പലവും (ശ്രീകൃഷ്ണ ), ക്രീക്കും, മ്യൂസിയവും, മെട്രോ സ്റ്റേഷനും, ആസ്റ്റർ ഹോസ്പിറ്റലും എല്ലായിടത്തേയ്ക്കും നടന്നുപോകാവുന്ന ദൂരത്തിലാണ് എന്നുള്ളതുകൊണ്ട് ബർദുബായിയിൽ തന്നെ റൂം വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അത് സാധിച്ചതിൽ കുറച്ചൊന്നുമല്ല സന്തോഷം. അമ്പലവും പള്ളിയും ഒക്കെ ഇത്രയും അടുത്തടുത്ത് ഉള്ളതൊക്കെ ഇവിടത്തെ എടുത്തുപറയാവുന്ന പ്രത്യേകതകൾ ആണ്. നാളെ അവിടേയ്ക്കു ഷിഫ്റ്റ്‌ ചെയ്യണം. അതുകഴിഞ്ഞേ കറങ്ങാൻ പോകാൻ പറ്റൂ.

വൈകീട്ട് ജയേട്ടൻ എത്തിയശേഷം ആദ്യം പോയത് ഷൂ വാങ്ങാനാ. ഞങ്ങൾ കുറേ കടകളിൽ കയറിയിറങ്ങി.അവസാനം മൂന്നു പേർക്കും ഒരു കടയിൽ നിന്ന്തന്നെ ഇഷ്ടപ്പെട്ടത് കിട്ടി. പക്ഷേ കുറച്ച് നടന്നപ്പോഴാണ് എനിയ്ക്ക് ബുദ്ധിമുട്ട് തോന്നിയത്. കാരണം നടക്കുമ്പോൾ കാലിന്റെ ഉപ്പൂറ്റിയിൽനിന്ന് ഷൂ ലൂസ് ആകുന്നു. അതിന്റെ പ്രയാസം എനിക്കല്ലേ അറിയൂ. മൂന്നുപേരും ഞാൻ വലിച്ചു വലിച്ച് നടക്കുന്നതുനോക്കി വായപൊത്തിചിരിയ്ക്കുന്നത് കണ്ടപ്പോൾ എനിയ്ക്ക് കലിയാണ് വന്നത്.പിന്നെ ഞാൻ അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. റൂമിൽ വന്ന് ജയേട്ടൻ ഒരു കറുത്ത ചരടുകൊണ്ട് ലേസ് കെട്ടി അഡ്ജസ്റ്റ് ചെയ്ത് തന്നു.അപ്പോഴാണ് സമാധാനമായത്.

നാട്ടിൽനിന്നും കൊണ്ടുവന്ന സാധനങ്ങളെല്ലാം കൊണ്ടുപോകാൻ സുഹൃത്ത്‌ വന്നിരുന്നു. അതിൽനിന്നു കുറച്ച് ജയേട്ടന്റെ റൂം മേറ്റ്‌ ന് കൊടുക്കാനായി മാറ്റിവെച്ചു. ബാക്കിയെല്ലാം കൊടുത്തുവിട്ടപ്പോൾ ഒരു വലിയ പെട്ടിയാണ് കാലിയായത്. ഇനി ഈ കാലിപ്പെട്ടി വെറുതേ ചുമക്കണ്ടേ നാട്ടിലേയ്ക്ക് എന്ന് ജയേട്ടൻ ചോദിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു അതിൽ നിറയ്ക്കാൻ സാധനങ്ങൾ ഇവിടുന്നു വാങ്ങിത്തന്നാ മതിയെന്ന്.ശരി അങ്ങനെ ആവാം എന്ന് ജയേട്ടൻ പറഞ്ഞപ്പോഴാ ഞങ്ങൾക്ക് സന്തോഷമായത്.

തുടരും……

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6