അച്ഛനും അമ്മയും മക്കളും തമ്മിൽ മാനസികമായ അകൽച്ചയിലായിരുന്നു. ചോറുണ്ടോ, കുളിച്ചോ എന്നൊക്കെ ചോദിക്കുന്നത് വാട്ട്സ് ആപ്പിലൂടെ, മഴു കൊണ്ട് വെട്ടി എങ്ങനെയാണ് കൊല്ലുന്നതെന്ന് ഓൺലൈനിലൂടെ മനസിലാക്കി ഡമ്മിയിൽ വെട്ടി പരിശീലിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്.
തിരുവനന്തപുരം: കേരളമാകെ ഞെട്ടലുണ്ടാക്കിയ കൂട്ടക്കൊലപാതകമായിരുന്നു തിരുവനന്തപുരം നന്തൻകോട്ടേത്. 2017 ഏപ്രിൽ 5, 6 തീയതികളിലാണ് കൊലപാതകങ്ങള്‍ നടന്നത്. ക്ലിഫ് ഹൗസിനു സമീപത്തെ ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 8 വർഷങ്ങൾക്കിപ്പുറം പ്രതി ശിക്ഷിക്കപ്പെടുന്നത്. കേരളംകണ്ട അപൂര്‍വമായ കുറ്റകൃത്യങ്ങളിലൊന്നായി കേഡല്‍ ജിന്സണ് രാജയുടെ ക്രൂരത ചരിത്രത്തിൽ ഇടംനേടിയിട്ടുണ്ട്.
അച്ഛനും അമ്മയും മക്കളും തമ്മിൽ മാനസികമായ അകൽച്ചയിലായിരുന്നു. വാട്ട്സ് ആപ്പ് വഴിയാണ് ഇവർ സംസാരിച്ചത്. ചോറുണ്ടോ, കുളിച്ചോ എന്ന കാര്യങ്ങൾ വരെ ചോദിച്ചിരുന്നത് വാട്ട്സ് ആപ്പ് വഴിയായിരുന്നു എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
അച്ഛനോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിദേശത്തേക്ക് അയക്കുന്നു. പഠനത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് തിരികെ വരുന്നു, ബന്ധുക്കളിൽ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നു. അതിന് കാരണം തന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കാത്ത രക്ഷിതാവാണെന്ന് കേദൽ കരുതി.
പിതാവിന്റെ മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളിൽ പരാതി പറഞ്ഞിട്ടും അമ്മ തന്നെ സഹായിക്കുന്നില്ലെന്ന തോന്നലും അമ്മയോടുള്ള വിരോധവും കേദലിനുണ്ടായി. തുടർന്നാണ് കൊലപാതകം നടത്താനും ഒളിച്ചോടാനും കേദൽ തീരുമാനിക്കുന്നത്
വീട്ടിനുള്ളിൽവെച്ചായിരുന്നു എല്ലാ കൊലപാതകങ്ങളും നടത്തിയത്. കുറ്റകൃത്യം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്സണ് രാജ നിരവധി തവണ ഡമ്മിയില്‍ ട്രയല്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്ടോപ്പ് പരിശോധിച്ചപ്പോള്‍ അന്വേഷണ സംഘം കണ്ടെത്തി.
അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്. താൻ നിർമിച്ച വിഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ച് കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലക്ക് പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്കത്തെയും സഹോദരി കാരോലിനെയും അമ്മയെ കൊന്നപോലെ തലക്ക് പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു.
വീട്ടിലുണ്ടായിരുന്ന ബന്ധുവായ ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് ചോദിച്ചപ്പോൾ അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡൽ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടിക്കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു.
കൊലയ്ക്ക് പിന്നാലെ അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കേഡൽ കത്തിച്ചു. കൂട്ടക്കൊലയ്ക്കു ശേഷം വീടിന് തീയിട്ട് ചെന്നൈയിലേക്ക് പോയി. അന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചത്. അവരെത്തി നോക്കിയപ്പോളാണ് നാല് മൃതദേഹങ്ങള്‍ കണ്ടത്.
കൊലപാതകത്തിന് നാലാം നാള് കേഡല്‍ പിടിയിലായി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങവേ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. എങ്കിലും മാനസിക ആരോഗ്യപ്രശ്നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളം വൈകിച്ചത്. എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. ഇതോടെയാണ് കോടതിയിൽ വിസ്താരം തുടങ്ങിയത്.
ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന് എന്ന വിചിത്ര പരീക്ഷണത്തിനാണ് ഈ അരുംകൊല ചെയ്തതെന്ന റിപ്പോർട്ടുകൾ തുടക്കത്തിലുണ്ടായിരുന്നു. ഇത് രാജ്യമാകെ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത്തരം അന്ധവിശ്വാസമല്ല കൊലയ്ക്ക് കാരണമെന്നും കുടുംബത്തോടുള്ള അടങ്ങാത്ത പകയാണ് പിന്നിലെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദലിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 302 വകുപ്പ് പ്രകാരമാണ് നാല് കൊലപാതകങ്ങൾക്കും ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട 4 പേർക്കും 3 ലക്ഷം രൂപ വീതം പിഴയുമൊടുക്കണം. പിഴത്തുക കേദലിന്റെ അമ്മാവനായ ജോസ് സുന്ദരത്തിനാണ് നൽകേണ്ടത്. 4 കൊലപാതകത്തിൽ 3 ലക്ഷം വീതം 12 ലക്ഷം രൂപയും 436ാം വകുപ്പ് പ്രകാരം7 വർഷം തടവും 2 ലക്ഷം രൂപ പിഴയും വകുപ്പ് 201 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും എന്നിങ്ങനെയാണ് കേദലിനെ ശിക്ഷിച്ചിരിക്കുന്നത്.
ഈ കേസ് കോടതി അപൂർവ്വങ്ങളിൽ അപൂർവമായി വിലയിരുത്തിയിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് വിധി പ്രസ്താവത്തിന്റെ പൂർണരൂപം പുറത്തു വന്നാൽ മാത്രമേ വ്യക്തമാകൂ.
No Comment.