Skip to content

chithrodayamflashnews.com

Asnap 1409

മകളുടെ ആ ഫോൺ കോളിൽ അച്ഛൻ അപകടം മണത്തു.. അന്ന് അച്ഛൻ കൊടുത്ത ആ മറുപടിയിലാണ് ആ മകൾ ഇന്ന് ജീവനോടെ ഇരിക്കുന്നത്! മകളുടെ ഡിവോഴ്സ് ആഘോഷമാക്കി അച്ഛൻ

“അച്ഛാ… എനിക്കിനി വയ്യ…” അന്ന് രാത്രി തൊണ്ടയിടറി അവൾ അത് പറയുമ്പോൾ, മറുതലയ്ക്കൽ ആ അച്ഛൻ “നീ എങ്ങനെയെങ്കിലും അവിടെ പിടിച്ചുനിൽക്ക് മോളെ, കുടുംബമായാൽ അങ്ങനെയൊക്കെയാണ്” എന്ന സ്ഥിരം പല്ലവി പാടിയില്ല. പകരം അദ്ദേഹം പറഞ്ഞു: “മതി, ഇനി ഒരു നിമിഷം നീ അവിടെ നിക്കണ്ട, നിനക്ക് വരാൻ ഇവിടെ ഒരിടമുണ്ട്. നിന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ട്!”

അതൊരു സാധാരണ മറുപടിയായിരുന്നില്ല. മരണത്തിലേക്ക് വഴുതി വീഴുമായിരുന്ന ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ വാക്കുകളായിരുന്നു അത്. ന്യൂഡൽഹി പാലം എയർപോർട്ടിലെ എൻജിനീയർ ആയ ഉർവി കഴിഞ്ഞ 8 വർഷമായി ഭർത്താവിന്റെ വീട്ടിൽ പീഡനമനുഭവിക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ അവൾ ആ വീട്ടിൽ അനുഭവിക്കാത്ത അപമാനങ്ങളില്ല. അങ്ങനെയാണ് അന്ന് രാത്രി അവൾ അച്ഛനെ വിളിച്ചത്. അച്ഛന്റെ ആ വാക്കിന്റെ പുറത്താണ് അവൾ ഇന്ന് ജീവനോടെ ഇരിക്കുന്നത്.

കോടതി അവൾക്ക് വിവാഹമോചനം നൽകി. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഡിവോഴ്സ് കഴിഞ്ഞ് മകൾ വീട്ടിലേക്ക് വരുന്ന ദിവസം. സാധാരണ ഗതിയിൽ ഇരുട്ടിന്റെ മറവിൽ, അയൽക്കാർ കാണാതെ മകളെ വീട്ടിൽ കയറ്റുന്ന മാതാപിതാക്കളെയാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ ഉർവിയുടെ അച്ഛൻ, ബി.എസ്.എൻ.എൽ ജീവനക്കാരനായ അനിൽ കുമാർ അവിടെയും വ്യത്യസ്തനായി.

പെരുംപറ കൊട്ടുന്ന ബാന്റ് മേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് അദ്ദേഹം മകളെ സ്വീകരിക്കാൻ എത്തിയത്. നാട്ടുകാർ അന്തംവിട്ടു നോക്കിനിൽക്കെ അദ്ദേഹം വിളിച്ചു പറഞ്ഞു:

“മകളെ കല്യാണം കഴിച്ച് അയച്ചപ്പോൾ എനിക്ക് എത്രത്തോളം സന്തോഷമുണ്ടായിരുന്നോ, അതേ അഭിമാനത്തോടെ ഞാൻ അവളെ തിരികെ സ്വീകരിക്കുന്നു. അവൾ തലയുയർത്തിത്തന്നെ ഈ വീട്ടിലേക്ക് കയറണം.”

നിരവധി പെൺകുട്ടികൾ സ്ത്രീധന പീഡനത്താൽ ജീവനൊടുക്കുമ്പോൾ നാം പലപ്പോഴും ചോദിക്കാറുണ്ട്, “അവർക്ക് തിരികെ സ്വന്തം വീട്ടിലേക്ക് പൊയ്ക്കൂടായിരുന്നോ?” എന്ന്.
പോകാം.. പക്ഷേ, അവിടെ അവരെ സ്വീകരിക്കാൻ അനിൽ കുമാറിനെപ്പോലെയുള്ള അച്ഛൻമാരുണ്ടാകണം. “സഹിക്കൂ” എന്ന് ഉപദേശിക്കുന്നതിന് പകരം “തിരികെ പോരൂ” എന്ന് പറയാൻ മാതാപിതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ, ഒരു പെൺകുട്ടിയും ഭർതൃവീട്ടിലെ ഫാനിൽ തൂങ്ങിയാടില്ല. ജീവനില്ലാത്ത വെറും ശരീരമായി മകൾ തിരികെ വരുന്നതിനേക്കാൾ നല്ലതല്ലേ അവൾ ‘ഡിവോഴ്സായി’ ജീവനോടെ കൂടെയുള്ളത്!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6