ജോലിക്കും പഠനത്തിനുമായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന സ്ത്രീകള്‍ സുരക്ഷിതരായി തിരികെ എത്തുക എന്നത് ഈ കാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 2010ല്‍ ചണ്ഡീഗഡില്‍ നടന്ന, ഒരു എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം പിന്നീട് നാടിനെ നടുക്കിയ ഒരു പരമ്ബര കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായി. നേഹ എന്ന 21 വയസ്സുകാരിയായ പെണ്‍കുട്ടി മൊഹാലിയിലെ കോളേജില്‍ നിന്നും കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നവഴിയാണ് കാണാതാകുന്നത്. രാത്രി വൈകിയിട്ടും മകള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് വിളിച്ചപ്പോള്‍ അപരിചിതനായ ഒരാള്‍ ഫോണ്‍ എടുക്കുകയും, താന്‍ 500 രൂപയ്ക്ക് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ആ ഫോണ്‍ എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ടാക്‌സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കാടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ നേഹയുടെ മൃതദേഹം കണ്ടെത്തി. തലയില്‍ കല്ലുകൊണ്ട് ശക്തമായി ഇടിച്ചായിരുന്നു കൊലപാതകം നടത്തിയത്. അന്ന് മഴ പെയ്തതിനാല്‍ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ സാരമായി ബാധിച്ചു. ഫോണ്‍ കൈവശം വച്ചിരുന്ന ആളെ കണ്ടെത്തിയെങ്കിലും, മുഖം മറച്ച ഒരാളില്‍ നിന്നാണ് താന്‍ ഫോണ്‍ വാങ്ങിയതെന്ന മൊഴി അന്വേഷണം വഴിമുട്ടിച്ചു.
വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ആ കേസ് തെളിയാത്ത ഒന്നായി അവശേഷിച്ചു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം, 2022 ജനുവരിയില്‍ മന്ദീപ് കൗര്‍ എന്ന 40 വയസ്സുകാരിയായ സ്ത്രീ സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കാടിനുള്ളില്‍ തലക്കേറ്റ ക്ഷതങ്ങളോടെയാണ് ഇവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ നേഹയുടെ കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച ഡി.എന്‍.എയും (DNA), മന്ദീപ് കൗറിന്റെ ഘാതകന്റെ ഡി.എന്‍.എയും ഒന്നാണെന്ന് തെളിഞ്ഞതോടെ ഇതൊരു സീരിയല്‍ കില്ലറുടെ കൃത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനിടയില്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം ദേവി എന്ന 30 വയസ്സുകാരിയും സമാനരീതിയില്‍ കൊല്ലപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയും വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ കണ്ടെത്തിയ മൂന്നു സ്ഥലങ്ങള്‍ക്ക് സമീപവും ടാക്‌സി സ്റ്റാന്‍ഡുകള്‍ ഉണ്ടെന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ പ്രദേശത്തെ സ്ഥിരം ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി പോലീസ് ഒരു തന്ത്രം പ്രയോഗിച്ചു. ഒരു മെഡിക്കല്‍ ക്യാമ്ബ് എന്ന വ്യാജേന സംശയിക്കാവുന്ന എണ്ണൂറോളം പേരുടെ രക്തസാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ മോനു കുമാര്‍ എന്ന ഓട്ടോ ഡ്രൈവറുടെ ഡി.എന്‍.എ, കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുമായി പൂര്‍ണ്ണമായും യോജിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ മോനു കുമാര്‍ തന്റെ ഇരുപതാം വയസ്സിലാണ് നേഹയെ കൊലപ്പെടുത്തുന്നത്. ഇരയെ ദിവസങ്ങളോളം നിരീക്ഷിച്ച്, അവസരം കാത്തുനിന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയും, അതിനുശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാണിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കൊലപാതകങ്ങള്‍ നടത്തിയത്. പിടിക്കപ്പെടുമ്ബോള്‍ ഇയാള്‍ക്ക് 35 വയസ്സായിരുന്നു. ഉത്തര്‍പ്രദേശില്‍ വച്ച് മുമ്ബും ഇയാള്‍ സമാനമായ കുറ്റകൃത്യം നടത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു. കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
No Comment.