സ്വപ്നങ്ങളുടെ നഗരത്തിലേക്ക് ചേക്കേറി ഒരു വർഷം തികയും മുൻപേ, അപ്രതീക്ഷിതമായി എത്തിയ അഗ്നിബാധയിൽ പൊലിഞ്ഞത് ശർമിള എന്ന 34 കാരിയുടെ ജീവൻ. ബെംഗളൂരു സുബ്രഹ്മണ്യ ലേഔട്ടിലെ വാടക വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിൽ മംഗളൂരു സ്വദേശിനിയും ആക്‌സെൻചറിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ശർമിളയാണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 3ന് രാത്രിയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ശർമിള താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുടമ ഉടൻ തന്നെ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ വാതിൽ തകർത്ത് അകത്തു കടന്നെങ്കിലും വീടിനുള്ളിൽ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.
മുറിക്കുള്ളിലാകെ പടർന്ന പുകയിലും, തീയിലും പെട്ട് ശർമിള ബോധരഹിതയായി വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ആ ജീവൻ നഷ്ടമായിരുന്നു. ശർമിളയുടെ കൂടെ താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം നാട്ടിലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. അടുത്തുള്ള സുഹൃത്തിന്റെ മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ജോലിക്കായി ഒരു വർഷം മുൻപ് ബെംഗളൂരുവില്‍ എത്തിയ ശർമിളയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും, സുഹൃത്തുക്കൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. പുറത്തേക്ക് രക്ഷപ്പെടാൻ പോലുമാകാതെ ആ മുറിക്കുള്ളിൽ ശർമിള അനുഭവിച്ച നിമിഷങ്ങൾ പ്രിയപ്പെട്ടവരുടെ ഉള്ളിൽ കനലായി അവശേഷിക്കുന്നു..
No Comment.