രാജ്യത്ത് 10 ഇ.എസ്.ഐ മെഡിക്കൽ കോളേജുകൾ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൊല്ലം ഇഎസ്ഐ ആശുപത്രിയേയും മെഡിക്കൽ കോളേജായി ഉയർത്താനുള്ള നീക്കം നടന്നത്. 2026–27 അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
മെഡിക്കൽ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഫെബ്രുവരി മൂന്നിന് മുമ്പ് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കകം സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെ നാഷണൽ മെഡിക്കൽ കമ്മിഷനിൽ അപേക്ഷ നൽകാനുള്ള സാധ്യതയും ഇല്ലാതായി
മെഡിക്കൽ കോളേജിനും അനുബന്ധ ആശുപത്രി വികസനത്തിനുമായി ഏകദേശം 600 കോടി രൂപ മുടക്കാനാണ് ഇ.എസ്.ഐ. കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്. 50 എം.ബി.ബി.എസ്. സീറ്റുകളാണ് നിർദേശിച്ചിരുന്നത്. ഇതിൽ 20 ശതമാനം സീറ്റുകൾ ഇ.എസ്.ഐ.-യിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്യാനായിരുന്നു പദ്ധതി. നിലവിൽ കേരളത്തിൽ പാരിപ്പള്ളിയിൽ ഒരു ഇ.എസ്.ഐ. മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ട്
ആദ്യ വിജ്ഞാപനമനുസരിച്ച് നാഷണൽ മെഡിക്കൽ കമ്മിഷനിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 28 ആയിരുന്നു. ജനുവരി 9-ന് ഇ.എസ്.ഐ. കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി. എന്നാൽ സൗകര്യങ്ങൾ വിലയിരുത്താൻ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനെ ചുമതലപ്പെടുത്തി
മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ കുറവുണ്ടെന്നായിരുന്നു ഡി.എം.ഇ.യുടെ റിപ്പോർട്ട്. ഈ കുറവുകൾ 25-നകം നികത്തി പുതുക്കിയ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചു. ഇതിനിടെ, എല്ലാ സൗകര്യങ്ങളും കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ഒരുക്കാമെന്ന ഉറപ്പുനൽകി ജനുവരി 28-ന് രാവിലെ ഇ.എസ്.ഐ. ഡയറക്ടർ ജനറൽ അണ്ടർടേക്കിങ് സമർപ്പിച്ചു
ജനുവരി 27-ന് ഫയൽ മന്ത്രിയുടെ മേശയിലെത്തിയെങ്കിലും തീരുമാനം കൈക്കൊണ്ടില്ല. അപേക്ഷ സമർപ്പിക്കാനുള്ള തീയതി പിന്നീട് ഫെബ്രുവരി 3 വരെ നീട്ടി. എന്നാൽ മൂന്നാം തീയതി വരെ ഫയൽ കൈവശംവെച്ച മന്ത്രി, വൈകീട്ട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട് ഫയൽ ഇ.എസ്.ഐ. കോർപ്പറേഷനിലേക്ക് മടക്കി

No Comment.