ബലാത്സംഗം എന്ന ക്രൂരതയിൽ നിന്നും രക്ഷപ്പെടാൻ വീടിന് മുകളിൽ നിന്നും എടുത്തുചാടിയ ആ 25-കാരിക്ക് ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ബാഴ്സിലോണയിലെ നൊയേലിയ കാസ്റ്റിലോ എന്ന യുവതി കഴിഞ്ഞ വ്യാഴാഴ്ച ദയാവധത്തിലൂടെ ഈ ലോകത്തോട് വിടപറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശരീരം തളർന്നു കിടപ്പിലായ അവൾക്ക്, കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കോടതി ദയാവധത്തിന് അനുമതി നൽകിയത്.
ജീവിതത്തിന്റെ വസന്തകാലത്ത് വീൽചെയറിലായിപ്പോയ നൊയേലിയയുടെ അപേക്ഷ 2024-ൽ സർക്കാർ അംഗീകരിച്ചിരുന്നുവെങ്കിലും, സ്വന്തം പിതാവ് തന്നെ അതിനെതിരെ നിയമയുദ്ധം തുടങ്ങിയതോടെയാണ് വിധി വൈകിയത്. മകളുടെ ജീവൻ നിലനിർത്താൻ സുപ്രീം കോടതിയും ഭരണഘടനാ കോടതിയും കടന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി വരെ ആ അച്ഛൻ പോരാടി. എന്നാൽ, തന്റെ മകൾ അനുഭവിക്കുന്ന നിശബ്ദമായ വേദനയേക്കാൾ വലുതല്ല മറ്റൊന്നുമെന്ന കോടതിയുടെ നിരീക്ഷണം ആ പോരാട്ടത്തെ പരാജയപ്പെടുത്തി.
സ്പെയിനിൽ ദയാവധം നിയമവിധേയമാക്കിയ ശേഷം കോടതിയുടെ ഇടപെടലിലൂടെ ഇത്തരമൊരു തീരുമാനം വരുന്നത് ഇതാദ്യമായാണ്. മരിക്കുന്നതിന് മുൻപ് തന്റെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ മരണം വരിക്കുമ്പോൾ ആ മുറിയിൽ അവൾ തനിച്ചായിരുന്നു. വേദനകളില്ലാത്ത, പേടിപ്പെടുത്തുന്ന ഓർമ്മകളില്ലാത്ത മറ്റൊരു ലോകത്തേക്ക് അവൾ ശാന്തമായി നടന്നുനീങ്ങി.
മനുഷ്യന്റെ നിസ്സഹായാവസ്ഥയും നിയമത്തിന്റെ സങ്കീർണ്ണതകളും ചർച്ചയാകുമ്പോഴും, നൊയേലിയ എന്ന പെൺകുട്ടി ഒരു നോവായി അവശേഷിക്കുന്നു. നീതി തേടിയുള്ള യാത്രയിൽ ശരീരം തളർന്നുപോയവൾക്ക് മരണമെങ്കിലും സമാധാനം നൽകട്ടെ.
No Comment.