Skip to content

chithrodayamflashnews.com

Asnap 1409

പൊലീസുകാരനെ മകൾ കാമുകനു വേണ്ടി വിഷം കൊടുത്തു കൊന്നു; പ്രേമം പൊളിഞ്ഞപ്പോൾ പൊലീസുകാരിയുടെ ക്രൂരത പുറത്ത്

മഹാരാഷ്ട്ര: ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമെന്ന് കരുതി എഴുതിത്തള്ളിയ കേസിൽ മൂന്ന് വർഷത്തിനുശേഷം വഴിത്തിരിവ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജയന്ത് ബല്ലവാർ (45) ആണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥൻ മരിച്ചത് മകൾ നൽകിയ മിൽക്ക് ഷേക്കിൽ വിഷം കലർന്നതിനാലാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയായ മകൾ ആര്യ ബല്ലവാർ, ഭർത്താവ് ആശിഷ് ഷെഡ്മാകെ, ബന്ധു ചൈതന്യ ഗെദം എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോലിക്കിറങ്ങുന്നതിന് മുൻപ് മകൾ ആര്യ പിതാവിന് ഒരു ഗ്ലാസ് മിൽക്ക് ഷേക്ക് നൽകിയിരുന്നു. ഇത് കുടിച്ച് ഓഫീസിലെത്തിയ ജയന്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. അന്ന് അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.
ആര്യയും ആശിഷും തമ്മിലുള്ള പ്രണയത്തെ ജയന്ത് ശക്തമായി എതിർത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പിതാവിനെ ഒഴിവാക്കാൻ ഇവർ ആസൂത്രിതമായി നീങ്ങുകയായിരുന്നു. വിഷം എത്തിക്കാൻ ബന്ധുവായ ചൈതന്യയ്ക്ക് ആര്യ 5000 രൂപ നൽകി. ലഭിച്ച വിഷം മിൽക്ക് ഷേക്കിൽ കലർത്തിയാണ് പിതാവിന് നൽകിയത്.

പിതാവിന്റെ മരണശേഷം ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ താമസിയാതെ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. അച്ചടക്കലംഘനത്തിന് ആശിഷിനെ പൊലീസ് പരിശീലനത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ദമ്പതികൾക്കിടയിൽ വഴക്ക് പതിവായതോടെ കഴിഞ്ഞ ആഴ്ച ആശിഷ് തന്നെ പൊലീസിനെ സമീപിച്ച് സത്യം വെളിപ്പെടുത്തുകയായിരുന്നു. തന്റെ ഭാര്യ പിതാവിനെ വിഷം നൽകി കൊന്നതാണെന്നും താനും അതിൽ പങ്കാളിയാണെന്നും ഇയാൾ സമ്മതിച്ചു. നിലവിൽ നാല് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്. അന്ന് പോസ്റ്റ്‌മോർട്ടം നടക്കാതിരുന്ന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6