80 വയസ്സുകാരിയുടെ മാലയും വളകളും നോട്ടമിട്ട് നടത്തിയ കൊലപാതകം; കണ്ണില്‍ മുളകുപൊടി വിതറി കഴുത്തും കൈത്തണ്ടയും മുറിച്ചു; ഫ്രില്ലിയുടെ മൊഴികളിലെ വൈരുദ്ധ്യത്തില്‍ സംശയം, തിരിച്ചും മറിച്ചുമുള്ള ചോദ്യംചെയ്യലില്‍ 23കാരിയുടെ കുറ്റസമ്മതം
സ്വർണാഭരണങ്ങള്‍ കവർന്നെടുക്കുന്നതിനായി റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും ബന്ധുവുമായ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ.
പാതിരപ്പള്ളി മാഞ്ഞാലിക്കാട് വീട്ടില്‍ ഫ്രില്ലി ഫ്രാൻസിസിനാണ് ആലപ്പുഴ അഡീഷനല്‍ സെഷൻസ് കോടതി (3) ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്.

2010 ഓഗസ്റ്റ് 12നാണ് തുമ്പോളി ആലക്കാട്ടുശേരില്‍ ഏലിയാമ്മ സെബാസ്റ്റ്യൻ (ചിന്നമ്മ-80) കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ ഫ്രില്ലിക്ക് 23 വയസ്സായിരുന്നു. ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നതിനാല്‍ ഏലിയാമ്മ വീട്ടില്‍ തനിച്ചായിരുന്നു.
സംഭവദിവസം പുറത്തുപോയി തിരിച്ചെത്തിയ വീട്ടുജോലിക്കാരിയാണ് ഏലിയാമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനിടെ ഏലിയാമ്മയുടെ വീട്ടില്‍നിന്ന് തമിഴ് നാടോടികള്‍ പോകുന്നത് കണ്ടെന്ന പ്രചാരണം ഫ്രില്ലി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഒരു നാടോടി സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പ്രദേശത്ത് അത്തരത്തില്‍ ആരെയും കണ്ടതായി മറ്റാർക്കും വിവരം ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ഫ്രില്ലിയിലേക്ക് നീണ്ടത്.
പ്രോസിക്യൂഷൻ വാദമനുസരിച്ച്, വരാന്തയില്‍ ഇരിക്കുകയായിരുന്ന ഏലിയാമ്മയെ ഫ്രില്ലി നിർബന്ധിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് മുഖത്ത് മുളകുപൊടി വിതറി താഴെയിട്ടശേഷം കത്തികൊണ്ട് കഴുത്തിലും കൈത്തണ്ടകളിലും മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഏലിയാമ്മയുടെ മാലയും വളകളും കവർന്നു.
അന്വേഷണത്തിനിടെ ആലപ്പുഴയിലെ സ്വർണക്കടയില്‍ പഴയ സ്വർണം നല്‍കി ഫ്രില്ലി പുതിയ ആഭരണങ്ങള്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേക്കുറിച്ച് വീട്ടുകാരോട് ഫ്രില്ലി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്നാണ് കേസ്.
ഏലിയാമ്മയുടെ സ്വർണാഭരണങ്ങള്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ബാക്കി സ്വർണവും പണയംവെച്ച് ലഭിച്ച പണവും ഫ്രില്ലിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
കൊലപാതകം, കവർച്ച, അതിക്രമിച്ച് കടക്കല്‍, ക്രിമിനല്‍ ലക്ഷ്യത്തോടെയുള്ള ഭവനഭേദനം എന്നീ നാല് കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും, കവർച്ചയ്ക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, അതിക്രമിച്ച് കടക്കലിന് പത്ത് വർഷം കഠിനതടവും 10,000 രൂപ പിഴയും, ക്രിമിനല്‍ ലക്ഷ്യത്തോടെയുള്ള ഭവനഭേദനത്തിന് മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ഷാരി ഹാജരായി.
No Comment.