Skip to content

chithrodayamflashnews.com

Asnap 1409

“ഓവർ സ്മാർട്ടാകാൻ ശ്രമിച്ചു; ഗുണ്ടകളേക്കാൾ സ്മാർട്ടാണ് കേരള പൊലീസ്” — അർജുൻ ആയങ്കിക്കെതിരെ എഡിജിപി പി. വിജയൻ

അർജുൻ ആയങ്കി പൊലീസിനെ വെല്ലുവിളിച്ച് ‘ഓവർ സ്മാർട്ട്’ ആകാൻ ശ്രമിച്ചുവെന്ന് എഡിജിപി പി. വിജയൻ. ഗുണ്ടകളേക്കാൾ സ്മാർട്ടായ പൊലീസാണ് കേരള പൊലീസെന്നും ‘റീൽ ഗുണ്ടകളെ’ നിലയ്ക്ക് നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു ഗുണ്ടയ്ക്കും പൊലീസിനെ വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടാകരുത്. ആയങ്കി മാത്രമല്ല, ആരായാലും ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ല” എന്ന നിലപാടാണ് എഡിജിപി വ്യക്തമാക്കിയത്.

ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടലുകൾ തന്നെയാണ് പലപ്പോഴും അവരെ കുരുക്കുന്നതെന്നും സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് കർശനമായി നിരീക്ഷിക്കുമെന്നും പി. വിജയൻ പറഞ്ഞു. അർജുൻ ആയങ്കി തന്നെയാണോ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചതെന്ന കാര്യം പരിശോധിച്ചുവരികയാണ്. ചില പോസ്റ്റുകൾ അർജുൻ തന്നെയാണ് ഇട്ടതെന്ന് കണ്ടെത്തിയതായും എഡിജിപി പറഞ്ഞു.

അർജുനെ തേടി പൊലീസ് വെറുതെ കറങ്ങി നടക്കുകയായിരുന്നില്ലെന്നും പൊലീസിനെ ഭയന്നാണ് അർജുൻ വിവിധ സ്ഥലങ്ങളിലൂടെ കറങ്ങി നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വിവിധ പൊലീസ് സംഘങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അർജുനെ പിടികൂടാൻ കഴിഞ്ഞതെന്നും പി. വിജയൻ വ്യക്തമാക്കി.

അർജുനെതിരെയുള്ള കേസുകൾ വിശദമായി പരിശോധിച്ചശേഷം കോടതിയിൽ ഹാജരാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനമെടുക്കും. നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ജാമ്യം ലഭിക്കാത്ത കേസുകളും ഉണ്ടെന്നും എഡിജിപി പറഞ്ഞു.

‘ഓപ്പറേഷൻ ഗ്രിപ്പ്’ നടപടികളുടെ ഭാഗമായി കുപ്രസിദ്ധ ഗുണ്ടകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനിടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളിയുണ്ടായതെന്നും പി. വിജയൻ വ്യക്തമാക്കി. അർജുനെ പിടികൂടുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല നടപടി. ഇത്തരത്തിലുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയോടെ 55 പേരെ കസ്റ്റഡിയിലെടുത്തതായും എഡിജിപി അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ‘റീൽ ഹീറോ’കളായി ഗുണ്ടായിസം പ്രദർശിപ്പിക്കുന്നവർക്കും വാളുപയോഗിച്ച് പിറന്നാൾ ആഘോഷിക്കുന്നവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സന്ദേശവും പൊലീസ് നൽകുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6