കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ റിസ്‌വാൻ (23), മുഹമ്മദ് സഅദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16, 14 വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 15ന് രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സഹോദരിമാർ വീട്ടിൽനിന്നിറങ്ങിയത്. ഇതിനിടെ റിസ്‌വാനും മുഹമ്മദ് സഅദും ചേർന്ന് പെൺകുട്ടികളെ കാറിൽ കയറ്റി തലപ്പാടിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് പറയുന്നത്.
കുട്ടികളെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും തലപ്പാടിയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനവിവരം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടികളെ മെഡിക്കൽ പരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയരാക്കിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
No Comment.