ഇടുക്കി ഗ്ലെൻമേരി എസ്റ്റേറ്റിൽ നടന്ന ഈ ഇരട്ടക്കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങളും അന്വേഷണ വിവരങ്ങളുമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. സംശയരോഗത്തെ തുടർന്ന് പ്രിൻസ് എന്ന യുവാവ് സ്വന്തം ഭാര്യ പ്രിയങ്കയെയും ഭാര്യാമാതാവ് നേശത്തിനെയും മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ തടയാൻ ശ്രമിച്ച പ്രിയങ്കയുടെ അച്ഛൻ ഇസ്രവേലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തിരുന്ന പ്രിയങ്ക മൂന്ന് മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ശേഷം പാമ്പനാറിലെ ഒരു പലചരക്ക് കടയിൽ ജോലി നോക്കിയിരുന്ന അവർ അന്ന് വൈകിട്ട് ഏഴേമുക്കാലോടെ ഗ്ലെൻമേരി എസ്റ്റേറ്റിലെ തൊഴിലാളി ലയത്തിന് സമീപമുള്ള താമസസ്ഥലത്ത് എത്തിയപ്പോഴാണ് മുൻകൂട്ടി കാത്തുനിന്നിരുന്ന പ്രിൻസ് ക്രൂരമായി ആക്രമിച്ചത്. പ്രിയങ്കയുടെ കഴുത്തിലും മുഖത്തും ഇയാൾ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ നേശത്തിന് നേരെ തിരിഞ്ഞ പ്രിൻസ് അവരെയും പലതവണ കുത്തിവീഴ്ത്തി.

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അച്ഛൻ ഇസ്രവേലിനും കുത്തേറ്റത്. ക്രൂരമായ ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയും അമ്മ നേശത്തും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഇസ്രവേൽ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെക്കാലമായി പ്രിൻസും പ്രിയങ്കയും തമ്മിൽ വലിയ രീതിയിലുള്ള കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. വിദേശത്തുനിന്ന് പ്രിയങ്ക മടങ്ങിയെത്തിയ ഈ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലാണ് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളായതും ഇരുവരും വേർപിരിഞ്ഞ് മാറിമാറി താമസിക്കാൻ തുടങ്ങിയതും. ഇതിനുമുൻപും ഇയാൾ പ്രിയങ്കയെ നിരന്തരം മർദ്ദിച്ചിരുന്നു. ഇവരുടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പീരുമേട് പോലീസ് സ്റ്റേഷനിൽ മുൻപ് പലതവണ പരാതികൾ നൽകുകയും, ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് ശ്രമിക്കുകയും ചെയ്തതാണ്. ഇതുകൂടാതെ മോഷണക്കേസ് ഉൾപ്പെടെ മറ്റ് നിരവധി ക്രിമിനൽ കേസുകളിലെയും പ്രതിയാണ് പ്രിൻസ്.
ഇരട്ടക്കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട പ്രിൻസിനെ അധികം വൈകാതെ തന്നെ പോലീസ് പിടികൂടിയിരുന്നു. സമീപത്തുള്ള ഒരു ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൊലപാതകം നടന്ന ലയത്തിന് മുന്നിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണത്തിന് ആവശ്യമായ നിർണായക ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പ്രിയങ്കയുടെയും അമ്മ നേശത്തിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി ഈ കേസിലെ തുടർനടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
No Comment.