2023 | മെയ് 23|ചൊവ്വ |
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശ്യമല്ല ഉള്ളത്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായെന്നും മന്ത്രി പറഞ്ഞു
കേരളത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വ്യാജവാർത്ത ചമക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിക്ക് നിരക്കുന്നതല്ലെന്ന് വയനാട്ടിലെ കോഴ്സുകളെ സംബന്ധിച്ച പരാമർശം ഒരു വാർത്താ ചാനൽ വാർത്തയാക്കിയതും എഡിറ്റർ മാപ്പുപറഞ്ഞതും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

No Comment.