Skip to content

chithrodayamflashnews.com

Asnap 1409

പെയ്തൊഴിയാത്ത പ്രണയമേഘം

നോവൽ :പെയ്തൊഴിയാത്ത പ്രണയമേഘം

നോവലിസ്റ്റ് : സന്ധ്യ ജയേഷ് പുളിമാത്ത്

ആസ്വാദനം
തയാറാക്കിയത് : ജ്യോതി ലക്ഷ്മി നമ്പ്യാർ, മുംബൈ

“പച്ചയായ “ജീവിതാവിഷ്ക്കാരം


അവർ എന്നും മലയാളഭാഷയ്ക്ക് പ്രിയപ്പെട്ടവൾ, നിത്യഹരിതയായവൾ……

“കഥയുടെ ഓപ്പോൾ” എന്നറിയപ്പെടുന്ന മാധവികുട്ടിക്കുശേഷം നിരവധി മഹിളാ എഴുത്തുകാർക്ക് മലയാളം ജന്മം നൽകിയിട്ടുണ്ട് . എന്നിരുന്നാലും മാധവികുട്ടി മലയാളസാഹിത്യലോകത്ത് സ്ഥാനംപിടിച്ച ആ സിംഹാസനത്തിലിരിക്കാൻ ശക്തയായ മറ്റൊരു എഴുത്തുകാരി ജനിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം ഉച്ചനീചത്വവും, ജാതീയതയും, അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാധവികുട്ടി ഒരു സ്ത്രീയുടെ പച്ചയായ വികാരവിചാരങ്ങളുടെയും, വൈകാരികകളുടെയും യഥാർത്ഥ നിറങ്ങൾ സദാചാരത്തിന്റെ യവനിക മാറ്റി സമൂഹത്തിനു കാണിച്ചുകൊടുക്കുവാൻ ധൈര്യം കാണിച്ചു . എഴുതുന്ന വിഷയം പ്രണയമോ, ലൈംഗികതയോ, സ്ത്രീ പുരുഷ ബന്ധങ്ങളുടെ പ്രകടമായ ഭാവങ്ങളോ, സമൂഹം മറച്ചുപിടിച്ച കാപട്യങ്ങളോ എന്തുതന്നെയാകട്ടെ അവ തുറന്നെഴുതാൻ അവർ യാതൊരു മടിയോ, സങ്കോചമോ കാണിച്ചില്ല. പുരുഷന്റെ മാനസികാവസ്ഥക്കനുസരിച്ച് ചരടുവലിച്ചാൽ ആടുന്ന ഒരു പാവകളായിമാത്രം വിലകല്പിച്ചിരുന്ന ഒരു സമൂഹത്തിനു മുന്നിലും ‘സ്ത്രീ’ അവളിലും സ്നേഹിക്കപ്പെടാനും, ലാളിക്കപ്പെടാനും ഇഷ്ടപ്പെടുന്ന, വ്യക്തമായ അഭിപ്രായങ്ങളുള്ള ഒരു മനസ്സ് ജീവിക്കുന്നു എന്നത് അവരുടെ പല കഥാപാത്രങ്ങളിലൂടെയും സമൂഹത്തോട് സംവദിച്ചു.

ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്ക് ഒഴുകിയിരുന്ന ആത്മാർത്ഥമായ സ്നേഹത്തിൽനിന്നും ഉരുത്തിരിയുന്ന അഭൗമമായ പ്രണയത്തെക്കുറിച്ച് മാധവിക്കുട്ടി വാചാലയാകുമ്പോൾ വായനക്കാർ അവരെ നെഞ്ചിലേറ്റി. ജീവിതാനുഭവത്തിൽ നിന്നും പ്രണയത്തെക്കുറിച്ച് മാധവിക്കുട്ടിക്ക് ഇനിയും കുറെ പറയാനുണ്ടായിരുന്നില്ലേ എന്ന വ്യത്യസ്ത ചിന്തയിലൂടെ ഭാവനാലോകത്തെത്തിയ സന്ധ്യ ജയേഷ് ” പെയ്തൊഴിയാത്ത പ്രണയമേഘം” എന്ന മനോഹരമായ ഒരു കൃതിക്ക് ജന്മംനൽകി . ഇത് വെറും ഒരു സാങ്കൽപ്പിക രചന എന്നുപറഞ്ഞു അവസാനിപ്പിക്കാൻ കഴിയില്ല. വസുന്ധര എന്ന കഥാപാത്രസൃഷ്ടിയിലൂടെ മാധവിക്കുട്ടിയുടെ ആത്മാവ് നമ്മോട് സംവദിക്കുകയാണോ എന്നുതന്നെ വായനക്കാർക്ക് അനുഭവപ്പെടും. “വസുന്ധരാദാസ് എന്ന കഥാപാത്രം എന്നെ കൈപിടിച്ച് എഴുതിക്കുകയായിരുന്നോ? അറിയില്ല. പലരും പറഞ്ഞുപോയ കഥകളുടെ വലിയൊരു കൂമ്പാരമുണ്ടായിരുന്നുവെങ്കിലും അതൊന്നുമല്ല വസുന്ധരാദാസ് എനിക്കുതോന്നി” എന്ന് എഴുത്തുകാരിതന്നെ പറയുന്നു. മാധവികുട്ടി എന്ന എഴുത്തുകാരിയുടെ ആത്മാവിൽ പറയാതെപ്പോയ കുറെ സത്യങ്ങളിലൂടെ ഒരു യാത്രയായിരുന്നില്ലേ സന്ധ്യ ജയേഷ് എന്ന് ഈ പുസ്തകം വായിച്ചാൽ നമ്മൾ അതിശയിച്ചുപോകും.

“ഞാൻ വസുന്ധരയാണ് …..മോഹങ്ങളും, മഹഭംഗങ്ങളുമായി ജീവിച്ചവർ ….തിലകം ചാർത്തിയ തിരുനെറ്റിയിൽ ‘നിസ്കാരത്തഴമ്പ് ‘ ചോദിച്ചു വാങ്ങിയവൾ ….എന്നിട്ടോ ഭസ്മംകൊണ്ട് ആരും കാണാതെ അത് മറയ്ക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടവൾ . അടക്കാനാവാത്ത പ്രണയഭാവത്തെ കാമഭ്രാന്തെന്നു തെറ്റിദ്ധരിക്കപ്പെട്ടവൾ ….ഞാനൊരു പച്ചയായ സ്ത്രീയായിരുന്നു……പ്രണയവും, കാമവും ആവോളം ആസ്വദിക്കാൻ ആഗ്രഹിച്ചവൾ….ലോകത്തിന്റെ നെറുകയിൽ മുഖം മൂടിയില്ലാതെ ജീവിച്ചതിൽ ഞാനിന്നും സന്തുഷ്ടയാണ്. പക്ഷെ എവിടയോക്കെയോ എനിക്ക് പിഴച്ചുപോയില്ലേ?” പുസ്തകത്തിന്റെ തുടക്കത്തിൽത്തന്നെ കുറ്റബോധത്താൽ സ്വന്തം മനസ്സിനെ ചോദ്യം ചെയ്യുന്ന വസുന്ധരയെയാണ് സധൈര്യം എഴുത്തുകാരി അവതരിപ്പിക്കുന്നത്. ഇതുതന്നെ മാധവിക്കുട്ടിയുടെ എരിഞ്ഞടങ്ങാത്ത ആത്മാവിന്റെ ചോദ്യം തന്നെയാണോ എന്ന് തോന്നിപ്പോകും.

“അമ്മുക്കുട്ടിയായി എഴുതിത്തുടങ്ങിയ ഞാൻ വസുന്ധരയായി ….വസുന്ധരാദാസായി ….കാലത്തിന്റെ നിയോഗംകൊണ്ട് വസുന്ധര സുഹ്റയായി…..എല്ലാം ഞാനായിരുന്നു … എത്രയോ വേഷങ്ങൾ കെട്ടി ….കെട്ടേണ്ടിവന്നു അപ്പോഴും എന്നിലെ സ്ത്രീത്വം പ്രണയത്തിനായി ദാഹിച്ചുകൊണ്ടിരുന്നു ” ഈ വരികളിൽനിന്നും പ്രണയ ദാഹത്താൽ പല വഴികളിലൂടെ സഞ്ചരിക്കേണ്ടിവന്ന മാധവിക്കുട്ടിയുടെ ഉപബോധമനസ്സിന്റെ അപഹർഷതാബോധത്തെ എഴുത്തുകാരി കണ്ടെത്തിയിരിക്കുന്നു എന്ന് മനസ്സിലാകും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മാവിൽ മുങ്ങിത്തപ്പുമ്പോൾ കൈവന്ന ആശങ്ങളെ വസുന്ധരയിലൂടെയാണ് എഴുത്തുകാരി സംവദിക്കുന്നത്. “വികാരത്തെ വിവേകംകൊണ്ട് അടിച്ചമർത്താൻ ഞാൻ ശ്രമിച്ചില്ല” എന്നെഴുതുമ്പോൾ സ്ത്രീയിലെ വൈകാരികതയെ മറച്ചുകൊണ്ട് സദാചാരത്തോടൊപ്പം അഭിനയിക്കുന്നവളായിരുന്നില്ല എന്ന് എഴുത്തുകാരി വസുന്ധരയെക്കൊണ്ട് പറയിപ്പിക്കുന്നു

കുട്ടിക്കാലത്ത് വസുന്ധര മുത്തശ്ശിയോട് ചോദിച്ചു ‘ഞാൻ ആരെയാണ് വിവാഹം കഴിക്കുക ? മുത്തശ്ശി പറഞ്ഞു “എന്താ സംശയം ഉണ്ണിക്കണ്ണനെ ” പിന്നീട് എന്റെ സങ്കൽപ്പങ്ങളിൽ സ്വപ്നങ്ങളിൽ ….ഞാൻ രാധയായി ….കൃഷ്ണന് പ്രിയപ്പെട്ടവൾ ” എന്ന് വസുന്ധര പറയുന്നതിൽനിന്നും രാധാകൃഷ്‍ണൻമാരെപ്പോലെ അഭൗമമായ പ്രണയത്തിൽ എത്രമാത്രം ആസക്തി അവർക്കുണ്ടായിരുന്നു എന്നതാണ് എഴുത്തുകാരി പറയാൻ ആഗ്രഹിച്ചത്.

കേരളത്തിന് പുറത്ത് ജീവിക്കുമ്പോഴും തന്റെ ഉള്ളിൽ കേരളവും, മലയാളവും, നാലപ്പാട്ട് തറവാടും, മുത്തശ്ശിയും, മറ്റുള്ളവരും ജീവിച്ചിരുന്നു എന്ന് പറയുന്നു. നാലപ്പാട്ട് പൂത്തുലഞ്ഞ നീർമാതളപ്പൂവിനെ തന്നിൽ പ്രായപൂർത്തിയായപ്പോൾ സംഭവിച്ച ശാരീരിക മാറ്റങ്ങളായാണ് വസുന്ധര ഓർക്കുന്നത്. ” ബുദ്ധികൊണ്ട് ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടുന്ന സന്ദർഭങ്ങളിലും ഞാൻ ഹൃദയംകൊണ്ട് തീരുമാനിച്ചു . കാരണം എനിക്ക് അതിനെക്കാളും വലുത് ഹൃദയമായിരുന്നു എന്ന് വസുന്ധരയെക്കൊണ്ട് എഴുത്തുകാരി പറയിപ്പിക്കുന്നു .

“വിശ്വസാഹിത്യകാരി എന്ന ലേബലിനപ്പുറം ഞാൻ എന്താണ് നേടിയത്?” ജീവിതത്തിൽ ഒരു നല്ല എഴുത്തുകാരി എന്നതിലുപരി സംതൃപ്തിയടയാത്ത വസുന്ധര സ്വയം ചോദിക്കുന്നു അതേസമയം അനാഥത്വം,സ്നേഹം, പ്രേമം, രതി, അപമാനം, ഒറ്റപ്പെടൽ തുടങ്ങിയ എല്ലാ അനുഭവങ്ങളും ജീവിതത്തിലുണ്ട് എന്നും സ്വയം വസുന്ധര സമാധാനിക്കുന്നു. .

വസുന്ധര ഭർത്താവ് ദാസിനെ കുറിച്ച് പരാമർശിക്കുന്നു.
“എന്റെ മനസ്സിനേക്കാളേറെ ശരീരത്തെ സന്തോഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ സ്നേഹത്തിനുവേണ്ടി കേഴുന്ന ഒരു വേഴാമ്പലായിരുന്നു ഞാൻ” “സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറയുന്നവരുണ്ടാകാം ….വ്യഭിചാരിണിയായി എന്നെ മാറ്റിനിർത്തുന്നവരുണ്ടാകാം …പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” ഇത്തരം വാചകങ്ങൾ വസുന്ധര പറയുന്നത് തന്നിലുണ്ടായിരുന്നത് പച്ചയായ ഏതൊരു സ്ത്രീയിലും ഉണ്ടാകുന്ന വികാരവിചാരങ്ങൾ മാത്രമാണെന്നാണ് .

വാർദ്ധക്യത്തിലും നശിക്കാത്ത പ്രണയത്തെ തൊട്ടുണർത്താൻ ഗസലിന്റെ ഈണവുമായെത്തിയ ‘സമദ് അലി’ എന്നയാളെക്കുറിച്ചും, മതം മാറുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വസുന്ധരയിലൂടെ വിശദീകരിച്ച് തരുമ്പോൾ വസുന്ധരയിലൂടെ ആ ആത്മാവ് നമ്മോട് സംവദിക്കുന്നതായി ഏതൊരു വായനക്കാരനും അനുഭവപ്പെടും. അത്രമാത്രം ആ മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുകൊണ്ടാണ് എഴുത്തുകാരി ഇത് അവതരിപ്പിക്കുന്നത്. ചതിയിലൂടെ തന്റെ ചാരിത്ര്യം കവർന്ന ആ വ്യക്തിയോട് അയാളിലെ കലാകാരനോട് പ്രണയാസക്തിമൂലം എല്ലാം മറന്ന് വീണ്ടും ഒട്ടിച്ചേർന്ന സാഹചര്യം വസുന്ധര ഗീതയോട് വ്യക്തമാക്കുന്നു. തന്നെ ചതിക്കുകയാണെന്ന യാഥാർഥ്യത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അയാളെവിട്ടു കേരളത്തിൽ വരുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന പ്രണയവും, വേർപാടിൻറെ ദുഖവും എത്രയോ നിഷ്കളങ്കമായാണ് വസുന്ധര പറയുന്നത്! ഇത്രയും പ്രണയിച്ച ഒരാൾ “ഇനിയും നിന്റെ കാമഭ്രാന്ത് മാറിയില്ലേ……”എന്ന ചോദ്യവുമായി നിഷ്കരുണം തള്ളിക്കളഞ്ഞ സാഹചര്യങ്ങൾ വളരെ വേദനയോടെയാണ് വസുന്ധര ഗീതയോട് പറയുന്നത്. ഇതേ തുടർന്നുണ്ടായ മതപരമായ പ്രശ്നങ്ങളും, സാമൂഹിക അവസ്ഥയെയും വസുന്ധരയിലൂടെ എഴുത്തുകാരി വിശദീകരിക്കുമ്പോൾ യാഥാർത്ഥ്യമായി മാത്രമേ വായനക്കാർക്ക് തോന്നുകയുള്ളൂ എന്നതാണ് എഴുത്തുകാരിയുടെ വിജയം.

ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം അമ്പലത്തിൽപോയപ്പോൾ സാമൂഹികപ്രശ്നങ്ങൾ ഓർത്ത് മക്കൾ വളരെ പരുഷമായി പെരുമാറിയ സാഹചര്യങ്ങൾ വസുന്ധര വിശദീകരിക്കുമ്പോൾ സന്ധ്യ ജയേഷ് പുളിമാത്ത് മാധവികുട്ടി എന്ന എഴുത്തുകാരിയുടെ ആത്മാവായി മാറി സംസാരിക്കുകയാണോ എന്ന് സംശയം തോന്നാം.

“എന്റെ ജീവിതത്തിൽ നിന്ന് നിറങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു …ഇനി എന്തിനാണ് ഞാനിതു സൂക്ഷിച്ചുവെച്ചിരിക്കുന്നത് ….” ഗീത എന്ന കൂട്ടുകാരി സമ്മാനിച്ച നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഏതോ ഒരു നിമിഷത്തിലെടുത്ത മതം മാറ്റം എന്ന തീരുമാനം അതിനു വിലങ്ങുതടിയായി നിൽക്കുമ്പോൾ കേഴുന്ന വസുന്ധരയുടെ മനസ്സിനെ നമുക്ക് എഴുത്തിലൂടെ കാണാം.

“മൂന്ന് ആൺകുട്ടികളുടെ അമ്മയായ സ്ത്രീ …..ലോകം അറിയപ്പെടുന്ന സാഹിത്യകാരി….ബന്ധുക്കളെയും, സുഹൃത്തുക്കളെയും, ആരാധകരെയുംകൊണ്ട് സമ്പന്നമായിരുന്നു വസുന്ധരാദാസ് …വസുന്ധര സുഹറയായപ്പോൾ ആർക്കും വേണ്ടാതായിരിക്കുന്നു……അക്കൗണ്ടിൽ പണമുണ്ട് എന്തുപ്രയോജനം?” എന്ന് സ്വയം ചോദിക്കുന്നതിലൂടെ വസുന്ധര സ്വന്തം ജീവിതത്തെ വിചാരണ ചെയ്യുകയാണ്.

ഒരിക്കലും എനിക്ക് ചേരാത്ത വേഷം കെട്ടേണ്ടിവന്നു. വേഷം കെട്ടിയാൽ ആടാതെ തരമില്ലല്ലോ! ഞാൻ ഒരു ഇസ്ലാമിനെ പ്രണയിച്ചതുകൊണ്ട് മുസ്ലീമായി …..ക്രിസ്ത്യാനിയെ പ്രണയിച്ചുവരുന്നെങ്കിൽ ക്രിസ്തുമതം സ്വീകരിക്കുമായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാകുമ്പോൾ പ്രണയാന്ധത ബാധിച്ച് എനിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഞാൻ പ്രണയിച്ചത് ഒരു മനുഷ്യനെയായിരുന്നില്ല ഒരു മതഭ്രാന്തനെയായിരുന്നു ….മതത്തിന്റെ വേലികെട്ടിനുള്ളിൽ ചിറകറ്റുപോയ പക്ഷിയാണ്‌ ഞാൻ…..” ഇവിടെയെല്ലാം പ്രണയത്തിന്റെ പേരിൽ നിർബന്ധിത മതമാറ്റം നടത്തുന്ന മതഭ്രാന്തന്മാരോട് വസുന്ധരക്ക് അമർഷം ഉണ്ടായിരുന്നു എന്നതാണ് എഴുത്തുകാരി പറയുന്നത്. മതംമാറ്റത്തിന് വിധേയയായ വസുന്ധരയുടെ നിസ്സഹായാവസ്ഥ എത്രമാത്രം ഉൾകൊണ്ടുകൊണ്ടാണ് ഇങ്ങിനെ എഴുതാൻ കഴിയുക എന്ന് ഓരോ വാക്കുകളിൽനിന്നും, വാചകങ്ങളിൽനിന്നും സ്പഷ്ടമാണ്

ശാരീരിക അസ്വസ്ഥതയോടെ മകനോടൊപ്പം കഴിയുന്ന വസുന്ധരയെക്കാണാൻ കൂട്ടുകാരി മെർലിൻ വന്നപ്പോൾ ” മെർലിൻ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” എന്ന് വസുന്ധര ചോദിക്കുന്നു. പ്രണയാന്ധത മൂലം ഒരുപാട് കയ്‌പ്പേറിയ അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടും വീണ്ടും വസുന്ധരയുടെ ഹൃദയം സ്നേഹത്തിനായി വെമ്പൽകൊള്ളുന്നു എന്ന് എഴുത്തുകാരി തറപ്പിച്ചുപറയുന്നു.

“വസു നീ മറ്റാരേക്കാളും എത്രയോ ഉയരത്തിലാണ് …..നീ കൊടുത്ത ഔദാര്യമാണ് മുന്നോട്ടുള്ള അയാളുടെ(സമദ് അലിയുടെ )കരിയർ …” ആരോടും പകയോ, വൈരാഗ്യമോ തോന്നാത്ത നിഷ്കളങ്കമായ വസുന്ധരയുടെ മനസ്സിനെ മെർലിൻ എന്ന കൂട്ടുകാരിയുടെ സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നു.

ജീവിതത്തിൽ വന്ന പാകപ്പിഴകളുടെ കാരണം എന്തെന്നുള്ള ഒരു വിശകലനം വസുന്ധര തന്നെ ചെയ്യുന്ന വരികളാണ് “ശരിയാണ് എന്തിനോട് താല്പര്യം തോന്നിയാലും അതിലേക്കുപോകും …..മുഷിച്ചിൽ വന്നാൽ ഉപേക്ഷിക്കും …കുട്ടികൾക്ക് കളിപ്പാട്ടത്തോട് തോന്നുന്ന കൗതുകത്തോടെയാണ് ഞാൻ എല്ലാത്തിനോടും സമീപിച്ചത് ….” ഇത്തരം വാചകങ്ങൾ വായിച്ചാൽ ഇതെല്ലാം സന്ധ്യ ജയേഷ് എന്ന എഴുത്തുകാരിയുടെ അകക്കണ്ണിൽ തത്തികളിച്ച ഭാവനയാണെന്ന് വിശ്വസിക്കാൻപോലും പ്രയാസംതോന്നുന്ന രീതിയിലാണ്. എഴുത്തുകാരിയുടെ വാചക കസറത്ത് അഭിനന്ദനീയംതന്നെ.

സ്റ്റെല്ല എന്ന വേലക്കാരി കൃഷ്ണവിഗ്രഹം ആരും കാണാതെ കൊണ്ടുവന്നുകൊടുത്തപ്പോൾ വസുന്ധരയിൽ പ്രകടമായ ഭാവങ്ങൾ വിശദീകരിക്കുമ്പോൾ പ്രണയത്തിനുവേണ്ടി മതംമാറ്റത്തിന് മനസ്സ് തയ്യാറായെങ്കിലും അന്തരാത്മാവിൽ ഉറച്ചുനിൽക്കുന്ന വിശ്വാസത്തെ ഒരിക്കലും മാറ്റാൻ വസുന്ധരയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തറപ്പിച്ചു പറയാൻ എഴുത്തുകാരി ധൈര്യം കാണിക്കുന്നു.

“മുതിർന്നപ്പോൾ പുതിയ അർത്ഥതലം വന്നു …..പ്രണയമായി മാറി …പ്രണയിച്ചു അതിലേറെ പ്രണയം അനുഭവിച്ചു …എന്നിട്ടും മതിവരാത്ത ഒന്നേയുള്ളു പ്രണയം …ജീവന്റെ അവസാനശ്വാസംവരെ പ്രണയിക്കുക അങ്ങിനെ പ്രണയിച്ച് …പ്രണയിച്ച് …..മരണത്തിലേക്ക് …..” ഈ വരികളിലൂടെ വളരെ ചുരുക്കത്തിൽ യഥാർത്ഥ വസുന്ധരയുടെ മനസ്സ് എന്തായിരുന്നു എന്ന് എഴുത്തുകാരി തുറന്നുകാട്ടുന്നു.

കാലങ്ങൾ കഴിഞ്ഞിട്ടും തറവാടും മുത്തശ്ശിയും ചുറ്റുവട്ടവും വസുന്ധരയുടെ മനസ്സിലെവിടെയോ സ്ഥിരമായി ഇടംപിടിച്ചിരുന്നു എന്നതിന് തെളിവാണ് വസുന്ധര പാമ്പിനെ സ്വപ്നം കണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നത്.

“പ്രണയിക്കുക …..പ്രണയിക്കപ്പെടുക എന്നത് ദിവ്യമായ അനുഭൂതിയാണ് …..” കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ കിടക്കുമ്പോഴും പരിചാരകയുടെ കാമുകനുമായുള്ള സല്ലാപത്തെക്കുറിച്ച് വസുന്ധര പറയുന്നു.

“നീ കരയരുത് എന്റെ ഗർഭപാത്രത്തിൽ ഒരു പെൺകുഞ്ഞിനുകൂടി ജന്മം നൽകാൻ കഴിഞ്ഞില്ല …അല്ലായിരുന്നെങ്കിൽ നീ എനിക്ക് മകളായി ജനിച്ചേനെ …..” ഒരു പണിക്കാരിയായിട്ടുപോലും തന്റെ മാനസിക ഇഷ്ടങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞ അവളോടുള്ള വസുന്ധരയുടെ സ്നേഹത്തിന്റെ മൂർദ്ധന്യ ഭാവമാണ് ഈ വരികളിൽ കാണപ്പെടുന്നത്.

ശ്വാസ തടസ്സം നേരിട്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മക്കളെകുറിച്ചല്ല വസുന്ധര ഓർത്തത്. സ്റ്റെല്ല എന്ന പരിചാരികയുടെ തേങ്ങലായിരുന്നു. തന്നാൽ നാണംകെടപ്പെട്ട മക്കൾ അമ്മയിൽനിന്നും അകലം പാലിക്കുമ്പോഴും അവരുടെ മനസ്സ് ഒരുപാട് നൊമ്പരപ്പെട്ടില്ല. എന്നാൽ തന്നെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റെല്ല എന്ന ചെറിയമനസ്സിനോട് വസുന്ധരയുടെ മനസ്സ് ഒരുപാട് അടുത്തിരുന്നു എന്നാണ് മാത്രമേയുള്ളൂ …ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്നറിയാം ..നിന്റെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞതുതന്നെ മുൻജന്മ ഭാഗ്യം ..എനിക്കുപിറക്കാതെപ്പോയ മകളെ വിട” തുടങ്ങിയ വിവരണവിവരങ്ങളിലൂടെ ഒരു പെൺകുട്ടിയില്ലാത്ത വസുന്ധരക്ക് കിട്ടിയ ഒരു മകളുടെ കരുതലും, വാത്സല്യവുമായി സ്റ്റെല്ലയുടെ വാത്സല്യത്തെ അവർ കണ്ടിരുന്നു എന്നത് വ്യക്തമാക്കുന്ന തരത്തിലാണ്‌ എഴുത്തുകാരിയുടെ എഴുത്തിന്റെ നൈപുണ്യം..

മരണത്തോടടുത്തപ്പോൾ വസുന്ധര മുത്തശ്ശിയെ കാണുന്നതും, അതുപോലെത്തന്നെ “നിന്റെ കൃഷ്ണനെപ്പോലെ തന്നെയാണ് ഞാൻ നീ കാണാൻ ആഗ്രഹിക്കുമ്പോൾ ഞാൻ എത്തും” എന്നുപറഞ്ഞുപോയ മെർലിന്റെ ശബ്ദം അവസാനശ്വാസത്തിൽ കേൾക്കാൻ കഴിഞ്ഞതുമായ ഭാഗം വളരെ അനുജോജ്യമായി. യഥാർത്ഥത്തിൽ വസുന്ധര ആഗ്രഹിച്ചിരുന്നgത് അതായിരുന്നു എന്ന ഉൾവിളി എഴുത്തുകാരി പറയുന്നതായല്ല, അതങ്ങിനെ ആയിരുന്നു എന്നുതന്നെ വായനക്കാർക്ക് തോന്നിപ്പോകും.

മാധവികുട്ടി എന്ന എഴുത്തുകാരിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും തന്റെ ഭാവനയിലൂടെ വസുന്ധര എന്ന കഥാപാത്രത്തിലൂടെ യാഥാർത്യമായ വിധം അവരുടെ ജീവിതത്തോട് ശക്തമായ ഒരു പ്രതികരണം കാഴ്ചവെക്കാൻ ധൈര്യം കാണിച്ച സന്ധ്യ ജയേഷ് പുളിമാത്ത് എന്ന എഴുത്തുകാരി തീർച്ചയായും ഇനിയും അംഗീകാരങ്ങൾ അർഹിക്കുന്നു. അവരുടെ ശക്തമായ തൂലിക മലയാളസാഹിത്യത്തിന് മുതൽകൂട്ടായ കൃതികൾക്ക് ഇനിയും ജന്മം നൽകും അല്ലെങ്കിൽ നൽകണം എന്ന ആശംസകളോടെ ഈ ആസ്വാദനം സമർപ്പിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6