Skip to content

chithrodayamflashnews.com

Asnap 1409

അവശ്യ സാധനങ്ങളുടെ വില വർദ്ധനവ് ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ

ചെറുവത്തൂർ : അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ സര്‍ക്കാര്‍ സബ്‌സിഡിയും മുടങ്ങാന്‍ തുടങ്ങിയതോടെ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍. 20 രൂപയ്ക്ക് വയറ് നിറയെ ഊണ് കഴിക്കാന്‍ അവസരമൊരുക്കുന്ന ജനകീയ ഹോട്ടലുകളില്‍ സബ്‌സിഡി മുടങ്ങിയതോടെ സാധനങ്ങള്‍ വാങ്ങാനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനും കടം വാങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്ന് നടത്തിപ്പുകാര്‍ പറയുന്നു. എട്ട് മാസമായി സബ്‌സിഡി മുടങ്ങിയതോടെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. പല ഹോട്ടലുകള്‍ക്കും സബ്‌സിഡിയിനത്തില്‍ അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ ലഭിക്കാനുണ്ട്. ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട വനിതകളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അധികമാണ്. സബ്‌സിഡിക്ക് പുറമെ കെട്ടിട വാടകയും പല തദ്ദേശ സ്ഥാപനങ്ങളും നല്‍കാത്തതും ഇവരുടെ ദുരിതം വര്‍ധിപ്പിക്കുന്നു.

കാസർഗോഡ് ജില്ലയില്‍ നാല്‍പതിലധികം ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 170-ലധികം വനിതകളുടെ ഉപജീവനം കൂടിയാണിത്.

സപ്ലൈകോയില്‍ നിന്ന് ആറ് ക്വിന്‍റല്‍ അരി 10.90 രൂപയ്ക്ക് ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കുന്നുണ്ട്. പ്രതിദിനം 500ന് മുകളില്‍ ഊണ് ചെലവുള്ള നഗരസങ്ങളിലെ ജനകീയ ഹോട്ടലുകള്‍ക്ക് ഈ അരി 12 ദിവസത്തേയ്ക്ക് മാത്രമേ തികയൂ. ബാക്കി അരി പുറമെ നിന്ന് വാങ്ങണം. പ്രതിദിനം ശരാശരി 800 പൊതിച്ചോറുകള്‍ കാസർഗോഡ് ജില്ലയിലെ ജനകീയ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നുണ്ട്. ആഴ്ചയില്‍ ആറ് ദിവസവും 20 രൂപയ്ക്ക് ഊണ് ലഭിക്കും. പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി. ബാധ്യത ഇനിയും കൂടാതിരിക്കാന്‍ വിതരണം ചെയ്യുന്ന ഊണിന്‍റെ എണ്ണം കുറയ്ക്കുകയാണ് പല ഹോട്ടലുകളും. എന്നാല്‍ ഊണ് മാത്രം വിളമ്പുന്ന ഹോട്ടലുകള്‍ക്കാണ് പ്രതിസന്ധിയെന്നും ഇതിനു പുറമെ പ്രഭാതഭക്ഷണം, ചായ, പലഹാരങ്ങള്‍, ബിരിയാണി എന്നിവ സജ്ജീകരിക്കുകയാണെങ്കില്‍ ജനകീയ ഹോട്ടല്‍ നഷ്ടമില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന് പറയുന്നവരുമുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6