
ഏതൊരും കർമ്മങ്ങൾ നിറവേറ്റുമ്പോഴും ലക്ഷ്യമുണ്ടായിരിക്കണം. ലക്ഷ്യമില്ലങ്കിൽ ഒരിടത്തും നമുക്ക് എത്തിച്ചേരാനാകില്ല. അത് നൂൽ പൊട്ടിയ പട്ടം പോലെ അലഞ്ഞു നടക്കും. ലക്ഷ്യം നേടണമെങ്കിൽ മതിയായ പദ്ധതികൾ ശരിപ്പെടുത്തണം. പ്ലാൻ ചെയ്യാത്തവയ്ക്ക് ലക്ഷ്യപ്രാപ്തിയിലെത്താനാകില്ല. അടുക്കും ചിട്ടയുമുള്ള ജീവിതം പ്ലാനുകളാൽ സമൃദ്ധമായിരിക്കും. ഏതു പ്ലാൻ ചിട്ടപ്പെടുത്തുമ്പോഴും മനസ്സിൻ്റെ സന്നദ്ധത മുഖ്യവിഷയമാണ്. മനസ്സിൻ്റെ താൽപ്പര്യം ഒരൊരുത്തരുടെയും അഭിരുചിക്കനുസരിച്ച് ആയിരിക്കും. മനസ്സിൽ ഉടലെടുക്കുന്ന ചിന്തകൾ നല്ലതെങ്കിൽ കർമ്മങ്ങളും നല്ലതായി പ്രതിഫലിക്കും. അത് ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കും. കുടുംബ ബന്ധങ്ങളാകട്ടെ വ്യവസായ ബന്ധങ്ങളാകട്ടെ എല്ലാത്തിൻ്റെയും പിന്നിൽ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ധാരണ മനസ്സിനെ ഉണർത്തുകയും ഉണർന്നിരിക്കുന്ന മനസ്സിൽ ചിട്ടപ്പെടുത്തിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുന്നിടത്ത് ലക്ഷ്യം വഴി തുറക്കും. ലക്ഷ്യബോധം ഒരുവനെ മുന്നോട്ടു നയിക്കുന്നു. മൂന്നോട്ടുള്ള ഒരോ ചുവടുകളും വളരെ പ്രാധാന്യമേറിയതത്രെ. അവിടെ പിഴവുകൾ വന്നു കൂടിയാൽ താളം തെറ്റും. ജീവിതത്തിൻ്റെ താളം തെറ്റുന്നിടത്ത് തകർച്ച തുടങ്ങുകയാണ്. ദുശീലങ്ങളായ മദ്യപാനം മയക്കുമരുന്ന് ചീട്ടുകളി മുതലായവയിൽ ജീവിതത്തെ ഹോമിക്കുന്നവർ അവർ മാത്രമല്ല തകരുന്നത് അവരുടെ കൂടെ ഉള്ളവരും നശിക്കുന്നു. കോപം വൈരാഗ്യം വിദ്വേഷം മുതലായ ദുർവികാരങ്ങളും ഒരുവനെ അധഃപതനത്തിലേയ്ക്കു നയിക്കുന്നു. കഴിയുമെങ്കിൽ അറിവും ബോധവും ജ്ഞാനവും യഥാവിധി പരിപാലിച്ച് തിന്മകളെ അകറ്റിനിർത്തി പ്ലാനുകളെ ഒത്തുകൂട്ടിയാൽ തീർച്ചയായിട്ടും ലക്ഷ്യപ്രാപ്തി സുഖകരമായിരിക്കും. സുഖകരമായ ലക്ഷ്യാന്ത്യം ആനന്ദമായിരിക്കും. ഏതാനന്ദത്തിലും മനസ്സ് നിർമ്മലമായിരിക്കും. നിർമ്മലമായ മനസ്സിൽ ഈശ്വരചൈതന്യം വിളയാടും. ഈശ്വര ചൈതന്യമുള്ളിടത്ത് സർവ്വതും വിജയമായി ഭവിക്കുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.