
മനുഷ്യ മനസ്സ് എക്കാലവും പഠനത്തിനു വിധേയമായിട്ടിരിക്കുന്നു. അത് പഠിക്കുന്തോറും അത്ഭുതമേറുകയും വീണ്ടും പുതിയ പഠനങ്ങൾ ബാക്കി നിൽക്കുകയും ചെയ്യുന്നു. ഇതൊരു വലിയ പ്രതിഭാസമത്രെ. നമ്മുടെയൊക്കെ മനസ്സിൽ നാം കണ്ടെത്താത്ത വജ്രമുണ്ട്. അതിൻ്റെ ചൈതന്യമാണ് നമ്മളുടെ മികവും സാമർത്ഥ്യവും. നാം അതിനെ ജീവാത്മാവ് എന്നു വിളിക്കാറുണ്ട്. അത് സ്വയം പ്രകാശിക്കുകയും നമ്മുടെ ശരീരത്തെ തന്നെ ദിവ്യതയിൽ ചരിക്കാനും സഹായിക്കുന്നു. അവയെ നമ്മൾ തിരിച്ചറിയുക സാഹസികമാണ്. അതറിയുവാനായി മനസ്സിനെ ആദ്യം അറിയണം. മനസ്സ് അളക്കാനാകാത്തയത്രെ വിപുലമായ ചിന്തകളുടെ ഭണ്ഡാരമാണ്. അതിനെ ഉണർത്തുമ്പോൾ നന്മയും തിന്മയും ആയ ചിന്തകളും ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ പ്രകടമാകുന്നു. ഇവിടെയാണ് നിയന്ത്രണം എന്ന കടമ്പ മുന്നിലെത്തുന്നത്. ഇവിടത്തെ നിയന്ത്രണത്തിന് തിരിച്ചറിവു അത്യാവശ്യമാണ്. അതിനായിട്ട് അറിവു് ഉണ്ടായിരിക്കണം. അറിവിലൂടെ ബോധവും ബോധത്തിലൂടെ ജ്ഞാനവും വന്നു ചേരുന്നു. അത്പ്രകാരം ചെയ്യുന്ന നിയന്ത്രണങ്ങൾ തിന്മകളെ പുറന്തള്ളാനും മോഹങ്ങളേയും ആഗ്രഹങ്ങളേയും മിതപ്പെടുത്താനും സാധിക്കുന്നു. ഇവിടെ പലപ്പൊഴും അഭ്യാസത്തിൻ്റെ അവശ്യം വേണ്ടി വരാറുണ്ട്. അതിനു നമുക്കു നമ്മുടെ ഭാരത സംസ്ക്കാരവും യോഗ ധ്യാനം മുതലായവകൾ ആത്മജ്ഞാനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പാകപ്പെടുത്തി എടുക്കുന്ന മനസ്സ് കർമ്മനിരതയിൽ ശ്രേഷ്ഠത പുലർത്തുകയും സനാതനധർമ്മൾ അനുഷ്ടിക്കുകയും ചെയ്യുന്നു. അവിടെ ശാന്തിയും സമാധാനവും ദർശിക്കാനാകും അല്ലെങ്കിൽ അനുഭവിക്കാനാകും. ശാന്തിയും സമാധാനവും പകർന്നു തരുന്നത് അവാച്യമായ ആനന്ദമായിരിക്കും. ആനന്ദം ഈശ്വരചൈതന്യത്തിൻ്റെ ആകെത്തുകയായി മാറുന്നടത്ത് പരമാനന്ദം ജനിക്കുന്നു. അത് ആത്മജ്ഞാനത്തിൽ നിന്നും പരമാത്മജ്ഞനത്തിൽ ചെന്നു നിൽക്കാൻ സഹായിക്കുന്നു. ആത്മാവും പരമാത്മാവും തമ്മിലുള്ള അഭേദ്യമായ ബന്ധം മനസ്സിലാക്കാനാവുന്നു. സാധാരണ മനുഷ്യന് അപ്രാപ്യമായ നിലവാരമെന്ന് പറഞ്ഞു തള്ളുന്ന വസ്തുതയാണ് ഇത്. എന്നാൽ പരിശ്രമിച്ചീടുകിൽ ഏവർക്കും എത്തിച്ചേരാനാകും. നാം തന്നെ നമ്മുടെ ഗുരുവും ശിഷ്യനും. ഗുരുവായിട്ടും ശിഷ്യനായിട്ടും ജീവിതത്തെ നയിക്കുക നമ്മളാൽ കഴിഞ്ഞിരിക്കണം. കുറഞ്ഞ പക്ഷം നമ്മുടെ കർമ്മങ്ങളിലും ചിന്തകളിലും അപരനു ദോഷം വരുത്തന്ന കാര്യങ്ങൾ ചെയ്യരുത്. സത്യസന്ധതയെ നെഞ്ചോടു ചേർത്തു പിടിച്ചും ഉത്തമ മനുഷ്യനായി മനുഷ്യത്വത്തെ കാത്തു സൂക്ഷിച്ചും ജീവിക്കുന്നിടത്ത് ഉള്ളിൻ്റെ ഉള്ളിൽ ഇരിക്കുന്ന വജ്രത്തേയും ദിവ്യപ്രകൃതിയേയും കണ്ടെത്താനാകുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.