Skip to content

chithrodayamflashnews.com

November 28, 2026 8:15 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആയിഷ – ഫിലിം റിവ്യൂ –

നിലമ്പൂർ ആയിഷക്ക് ഉജ്ജ്വല ആദരം; ലോക സിനിമയുടെ ഫീൽ

ശൈലൻ


ആയിഷ കണ്ടിറങ്ങിയപ്പോൾ നെരൂദ എന്ന 2016ലെ ചിലിയൻ മൂവി ആണ് ഓർമ്മ വന്നത്. പാബ്ലോ നെരൂദയെ പോലൊരു അതികായനെ കുറിച്ച് സിനിമ എടുക്കുമ്പോൾ അത് കേവലമൊരു ബയോപിക് ആക്കി മാറ്റാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറച്ച് കാലഘട്ടം മാത്രമെടുത്ത് അതിൽ Óscar Peluchonneau എന്നൊരു ശക്തനായ പൊലീസ് കഥാപാത്രത്തെ ഓപ്പോസിറ്റ് നിർത്തി രണ്ടുപേരും തമ്മിൽ എല്ലാ അർഥത്തിലുമുള്ള ഒരു കിടമത്സരം തന്നെ സൃഷ്ടിച്ച് സിനിമയെ അവിസ്മരണീയമാക്കുകയായിരുന്നു സംവിധായകൻ പാബ്ലോ ലാറൈന്‍ ചെയ്തത്.

‘ആയിഷ’യിൽ സംവിധായകൻ ആമിർ പള്ളിക്കലും എഴുത്തുകാരൻ ആഷിഫും വിജയകരമായി പ്രയോഗിക്കുന്നതും ഈ ഒരു ടെക്‌നിക്ക് തന്നെ. നിലമ്പൂർ ആയിഷ എന്ന നടി അവർ ജീവിച്ച ജീവിതം കൊണ്ടുതന്നെ ഇതിഹാസമാണ്. ഇപ്പോൾ ഈ 2023ൽ സ്ത്രീകൾ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തെ അറുപത് വർഷം മുൻപ് ജീവിതത്തിൽ നടപ്പിലാക്കി കാണിച്ച ഉജ്വല വ്യക്തിത്വം.

മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാട് പോലൊരു പ്രദേശത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്നു കൊണ്ട് അവർ 1960കളിൽ സിനിമയിലും നാടകങ്ങളിലും അഭിനയിക്കുകയും സ്റ്റേജിൽ നിൽക്കെ വെടിയുണ്ടകളെ വരെ നേരിടേണ്ടി വരികയും ചെയ്തു എന്നത് ഓർക്കുമ്പോൾ പോലും കിടുങ്ങിപ്പോവുന്ന ഒരു കാര്യമാണ്. അത്രയും സംഭവബഹുലമായ ആയിഷാത്തയുടെ ജീവിതത്തിൽ നിന്നുള്ള ചെറിയ ഒരു എപ്പിസോഡ് ആണ് സിനിമയിൽ വരുന്നത്.

80കളിൽ അവർ സൗദി അറേബ്യയിലെ ഒരു റോയൽ ഫാമിലിയിൽ ഗദ്ദാമ ആയി പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയ കാലഘട്ടം. അന്ന് ആ കുടുംബത്തിലെ മുതിർന്ന കുടുംബനാഥയുമായി അവർക്കുണ്ടായിരുന്ന വികാരോഷ്‌മളമായ ബന്ധം. അക്ഷരാർഥത്തിൽ ഗംഭീരമാണ് അത്. അതിന് കാരണമാവട്ടെ, മാമ്മ എന്ന് എല്ലാവരും ബഹുമാനപുരസ്സരം വിളിക്കുന്ന അമീറ എന്നുപേരായ ആ മുതിർന്ന സ്ത്രീയുടെ charecterisation ഉം സ്‌ക്രീനിൽ മാമ്മ ആയി വരുന്ന മോണ എന്ന വിദേശനടിയുടെ വൈദഗ്‌ദ്ധ്യം എന്നുതന്നെ പറയാവുന്ന പ്രകടനമികവും തന്നെ.

ആയിഷക്കൊപ്പം കട്ടക്ക് കട്ട നിൽക്കുന്ന ക്യാരക്ടർ. മഞ്ജു വാര്യരെ മറികടക്കുമെന്ന് തോന്നിക്കുന്ന പ്രകടനം സ്‌ക്രീനിൽ ജീവിക്കുകയാണ് ആ സ്ത്രീ. മഞ്ജുവിനും ജീവിക്കുകയല്ലാതെ വേറെ രക്ഷയില്ലാതെ വരുന്നു. അഭിനയകലയുടെ കിടമത്സരം തന്നെയായി പരിണമിക്കുന്നു ആയിഷയും മാമ്മയും സ്‌ക്രീനിൽ വരുന്ന നേരങ്ങൾ. അതുകൊണ്ട്‌തന്നെ മഞ്ജുവിന്റെ രണ്ടാംവരവിൽ ചെയ്ത ഏറ്റവും മികച്ച ക്യാരക്ടർ ആയി ആയിഷ മാറുന്നു.

സോങ് വീഡിയോയും ട്രെയിലറും ഒക്കെ കണ്ട് വല്യ പ്രതീക്ഷയൊന്നും കൂടാതെ ആണ് ആയിഷക്ക് പോയത്. ആ ഒരു മൂഡിൽ തന്നെയാണ് കണ്ടുതുടങ്ങിയതും. പക്ഷെ പതിയെ പതിയെ സിനിമ കത്തിപ്പിടിക്കുന്നത്ത് കണ്ടപ്പോൾ രസമായി. ആയിഷ ആരാണെന്ന് റിവീൽ ചെയ്യുന്ന ഘട്ടം മുതലുള്ള സ്‌ക്രീൻ വേറെ ലെവലാണ്. ഒരുപക്ഷേ ഒരു മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും ഉപരിയായി ലോകസിനിമ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീൽ.
സിനിമയിൽ മലയാള സംഭാഷണങ്ങളെക്കാൾ അറബി, ഇംഗ്ലീഷ് സംഭാഷണങ്ങൾ ആണ് കൂടുതൽ എന്നതോ അന്യഭാഷാ താരങ്ങളാണ് അധികവും എന്നത് കൊണ്ടല്ല. പരിചരണരീതിയിൽ ഉള്ള മികവ് കൊണ്ടുതന്നെ ആണ്. സംവിധായകന് അഹങ്കരിക്കാം. Mona essay എന്ന നടിയെ കുറിച്ച് ഗൂഗിൾ ചെയ്ത് നോക്കി. കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. ഏത് നാട്ടുകാരിയാണ് എന്നുപോലും മനസിലായില്ല. പക്ഷെ, അവർ ഇല്ലായിരുന്നെങ്കിൽ സിനിമ എന്ന നിലയിൽ ഈ ആയിഷ എത്ര ശൂന്യമായി പോവുമായിരുന്നു എന്നത് ചിന്തിക്കുക കൂടി വയ്യ. അത്രമാത്രം അവർ ആയിഷയെ പ്രിയങ്കരമാക്കി.

87 വയസ്സായ നിലമ്പൂർ ആയിഷ എന്ന ധീരവനിതയ്ക്ക് അവർ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഉജ്ജ്വലമായൊരു ആദരം നൽകാൻ സാധിച്ചു എന്നത് സിനിമയുടെ പിന്നണിക്കാർക്ക് മാത്രമല്ല മലയാളികൾക്ക് മൊത്തത്തിൽ തന്നെ അഭിമാനകരമായ കാര്യം.


ആയിഷ – ഫിലിം റിവ്യൂ 2

മൊഞ്ചുള്ള ആയിഷ

ആർ.ബി. ശ്രീലേഖ


മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി നാടക അരങ്ങിലെത്തി വെന്നിക്കൊടി പാറിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. നിലമ്പൂർ ആയിഷ എന്ന ആ ‘ചരിത്ര’ത്തിന്റെ കഥ പറയുന്ന ‘ആയിഷ’ എന്ന സിനിമയും അവരുടെ ജീവിതം പോലെ തന്നെ സംഭവബഹുലമാണ്. മഞ്ജു വാരിയരെ ആയിഷയായി അവതരിപ്പിച്ച് വിപ്ലവത്തിന്റെയും ഹൃദയബന്ധങ്ങളുടെയും കനലെരിയുന്ന കഥ മലയാളികൾക്ക് മുന്നിൽ എത്തിച്ചുകൊണ്ട് ആമിർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു.

ഗദ്ദാമയായി അറബ് രാജ്യത്തെത്തുന്ന സ്ത്രീകളുടെ കഥകൾ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്. നാട്ടിലെ ജീവിതച്ചൂടിൽ വെന്ത് മരുഭൂമിയിലെ മണൽക്കൊട്ടാരങ്ങൾക്കിടയിൽ പ്രതീക്ഷയുടെ തിരിനാളം തേടി എത്തുന്ന അവരിൽ പലർക്കും പറയാനുള്ളത് നല്ലതൊന്നുമാവില്ല. എന്നാൽ അതിൽനിന്നെല്ലാം വേറിട്ട കഥയാണ് ആഷിഫ് കക്കോടി എഴുതിയ ആയിഷയുടേത്. ഗദ്ദാമയായി റിയാദിലെ രാജകുടുംബത്തിലേക്ക് എത്തിപ്പെടുന്ന ആയിഷ എന്ന സ്ത്രീയും രാജകുടുംബത്തിലെ മാമ്മ എന്ന് എല്ലാവരും വിളിക്കുന്ന അമ്മയും തമ്മിലുള്ള അപൂർവ ഹൃദയബന്ധത്തിന്റെ കഥ വെളിപ്പെടുത്തുന്നത് ഹൃദയമുള്ളവരും അറബ് നാടുകളിലെ സമ്പന്നതയിൽ ഉണ്ടെന്നാണ്. മനുഷ്യരെല്ലാവരും ഒടുവിൽ എത്തിച്ചേരുന്നത് തുല്യതയിലേക്കാണെന്ന വലിയൊരു സത്യം കൂടി ആയിഷ പകരുന്നുണ്ട്; അത് നാട്ടിൻപുറത്ത് പലഹാരമുണ്ടാക്കി വിൽക്കുന്ന സ്ത്രീയായാലും രാജകുടുംബത്തിൽ ഏവരാലും ആദരിക്കപ്പെടുന്ന അമ്മയായാലും.

കടൽ കടന്ന് സൗദിയിലെ മണൽക്കാട്ടിൽ ഭാഗ്യം തേടിയെത്തിയ ആയിഷയ്ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; വീട്ടിൽ കാത്തിരിക്കുന്ന മകളുടെ ഭാവി കരുപ്പിടിപ്പിക്കുക. നിസ്സഹായരായ ഒരു കൂട്ടം ഗദ്ദാമമാരൊടൊപ്പം രാജകുടുംബത്തിന്റെ വിശാലമായ അടുക്കളയിൽ കഴിയുമ്പോഴും ആയിഷയുടെ ഉള്ളം നീറുന്നുണ്ട്. അന്യനാട്ടിലെത്തിയാലും ചിലർ സ്വാർഥരും തരം കിട്ടിയാൽ പാര പണിയുന്നവരുമായിരിക്കും എന്ന് ആബിദും ഹംസയും തെളിയിക്കുന്നു. ഗദ്ദാമമാരുടെ സീനിയർ ആയ സാറയ്ക്കാണ് പാലസിൽ സ്ഥാനമുള്ളത്. വന്ന വഴി മറന്ന സാറ തരം കിട്ടുമ്പോഴൊക്കെ മറ്റുള്ള ഗദ്ദാമമാരുടെ സ്വൈര്യം കെടുത്താറുണ്ട്. രോഗബാധിതയായ മാമ്മയുടെ കാര്യങ്ങൾ നോക്കുന്നത് സാറയാണ്. പക്ഷേ ഒരിക്കൽ മാമ്മയുടെ കണ്ണിൽ പുതുതായി വന്ന ഗദ്ദാമയായ ആയിഷ പെടുന്നു. പിന്നീടങ്ങോട്ട് മാമ്മക്ക് ആയിഷയായി എല്ലാം. മാമ്മയുടെ മകൾക്കും സാറയ്ക്കും ഈ അടുപ്പം തീരെ പിടിക്കുന്നില്ല. എന്നാൽ മാമ്മയുടെ മകന് അമ്മയുടെ സൗഖ്യമാണ് പ്രധാനം. നാട്ടിൽ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വിത്തെറിഞ്ഞ അനവധി നാടകങ്ങളിലും സിനിമയിലും തിളങ്ങി നിന്ന ആയിഷയ്ക്ക് രാജകുടുംബത്തിലെ അടുക്കളയിൽ ഏറെ നാൾ സ്വന്തം അസ്തിത്വം ഒളിച്ചു വയ്ക്കാൻ കഴിഞ്ഞില്ല. ആയിഷയെ തിരിച്ചറിയുന്ന പ്രവാസികൾ പിന്നീട് അവളെത്തേടി അവിടെ എത്തുന്നത് പുതിയ വഴിത്തിരിവിലേക്ക് വഴിതെളിക്കുന്നു.

മഞ്ജു വാരിയരുടെ അസാധ്യ പ്രകടനമാണ് ചിത്രത്തെ സമൃദ്ധമാക്കുന്നത്. ഗദ്ദാമയായുള്ള മഞ്ജുവിന്റെ രൂപമാറ്റം വളരെ മനോഹരമാണ്. നൃത്തത്തിനും നടനത്തിനും ഏറെ പ്രധാന്യമുള്ള ചിത്രത്തിൽ മഞ്ജു നിറഞ്ഞാടുകയായിരുന്നു. ഇതുവരെ മഞ്ജു വാരിയർ അഭിനയിച്ച കഥാപാത്രങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കും ആയിഷ. ആബിദ് എന്ന പ്രധാനപ്പെട്ട കഥാപാത്രമായി നടൻ കൃഷ്ണ ശങ്കറും ഹംസയായി ഷംസുവും ചിത്രത്തിലുണ്ട്. ക്ലാസ്സ്‌മേറ്റ് ഫെയിം രാധികയും മറ്റൊരു ഗദ്ദാമയായി അഭിനയിക്കുന്നുണ്ട്. ഒട്ടനവധി വിദേശ താരങ്ങൾ വളരെ മികച്ച പ്രകടനവുമായി ചിത്രത്തിലുണ്ട്. മാമ്മയായി എത്തിയ താരവും മഞ്ജുവുമായുള്ള കെമിസ്ട്രി ഏവരുടെയും കണ്ണ് നനയ്ക്കും. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ യുഎഇ താരം സലാമാ അൽ മസ്റൂ അർവ എന്ന കഥാപാത്രമായി എത്തുന്നു. ജെന്നിഫർ എന്ന ഇന്തൊനീഷ്യൻ താരവും മോണ, സഫറീന, ലത്തീഫ തുടങ്ങിയ ആഫ്രിക്കൻ, ടുണീഷ്യൻ, അറബ്, ശ്രീലങ്കൻ, പാകിസ്ഥാനി അഭിനേതാക്കളഉം മികച്ച പ്രകടനവുമായി എത്തുന്നു.

എം.ജയചന്ദ്രന്റെ മാജിക്കൽ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അറബ് ഗായകർ പാടിയ ഒരു അറബി ഗാനവും ചിത്രത്തിന്റെ മികവിന് മാറ്റ് കൂട്ടുന്നു. 90 കളിൽ നടക്കുന്ന തിരക്കഥയിൽ കാലഘട്ടത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വസ്ത്രാലങ്കാരം എടുത്തുപറയേണ്ടതാണ്. ഒട്ടും ബോറടിപ്പിക്കാതെ ഗൾഫ് നാടിന്റെയും തൊണ്ണൂറുകളിലെ കേരളത്തിന്റെയും ഭംഗി ഒരുപോലെ ഒപ്പിയെടുത്ത ഛായാഗ്രഹണം മനോഹരമാണ്. ഏഴു ഭാഷകളിൽ എടുത്ത ചിത്രത്തിൽ കൂടുതലും അറബിയും ഹിന്ദിയും ഇംഗ്ലിഷുമാണ് സംസാരഭാഷ എന്നിരുന്നാലും ഹൃദയത്തിന്റെ ഭാഷ സ്നേഹമാണെന്ന് പറയുന്നതുപോലെ ഭാഷയുടെ പരിമിതി ചിത്രം പ്രേക്ഷകരിലെത്താൻ ഒരു വിഘാതമാകുന്നില്ല.

തികച്ചും വ്യത്യസ്ത പശ്ചാത്തലത്തിലെടുത്ത ഒരു സ്ത്രീപക്ഷ സിനിമയാണ് ആയിഷ. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുതകുന്ന ഹൃദയബന്ധങ്ങളുടെ ശക്തമായ ആവിഷ്കാരം കൂടിയാണ് ഈ ചിത്രം. ജോലി തേടി വിദേശത്ത് പോയിട്ടുള്ള പ്രവാസികൾക്ക് ഈ സിനിമ കുറച്ചുകൂടി അനുഭവവേദ്യമാകും. സിനിമയിലെ തന്നെ ഒരു ഡയലോഗ് കടമെടുത്താൽ, പ്രേക്ഷകരുടെ ഹൃദയം നിറച്ചുകൊണ്ടാണ് ആയിഷ കടന്നുപോകുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6