
ഈ യാത്രയിലുടനീളം ചിന്തകളില്ലാതെ,
ഭാരശൂന്യമായി മേഘങ്ങളുടെ
തിരമാലയില്‍ ഒഴുകിച്ചേരും.
താഴെ ഊഴി കാണാതെ.
മേഘകൊട്ടാരത്തണലില്‍ കാത്തിരിക്കും.
വിരളമായിയെത്തുന്ന
കൃഷ്ണപ്പരുന്തിന്റെ ചിറകില്‍
ഞാനൊരു ചെറുമേഘ കട്ടകൂടി
ചേര്‍ത്തുവെയ്ക്കും.
ഇളംചാരനിറത്തിലിത്തിരി
വെള്ളയുള്ള ഭാഗമുണ്ട്,
അവിടെ ഞാനെന്റെ ജീവിതം കുറിക്കും.
ഒറ്റവരിയില്‍ എഴുതിച്ചേര്‍ത്ത
ജീവിതത്തിനൊരു
ശീര്‍ഷകം നല്‍കും
ഒറ്റവാക്കില്‍.
താഴേക്ക് പെയ്‌തൊഴിയുന്ന
കണ്ണുനീരില്‍ ഞാനുമുണ്ട്.
ദുഖത്തിന്റെയല്ല,
ജീവിതം ജീവിച്ച നിര്‍വൃതിയുടെ.
കൊട്ടാരമുറ്റത്ത് ഞാനൊരു
വെള്ളരിപ്രാവിനെയും കണ്ടു.
ജീവിച്ചകാലത്തോളം
കാണാതെപോയ ഒന്നിനെ.
ഇന്ന് ഞാനെന്റെ അശ്രുവില്‍
മധുരം ചേര്‍ത്തുകഴിഞ്ഞു.
ലാഭമെന്ന ശീര്‍ഷകത്തിനു താഴെയായി
ചേര്‍ത്തൊരുവരി ജീവിതമിതാണ്!
‘നഷ്ടങ്ങളൊക്കെ ചേര്‍ത്തൊരു
കണക്കിനുത്തരം ലാഭം.’


No Comment.