Skip to content

chithrodayamflashnews.com

May 6, 2026 10:00 pm
Asnap 1409

മരണവാതില്‍

മരണവാതിലിന് ഭംഗിയേറെയുണ്ട്.
ഒരാള്‍ പൊക്കത്തില്‍
നെഞ്ചുവിടര്‍ത്തി
ശിരസ്സുയര്‍ത്തി
ഉയര്‍ന്നു നില്‍ക്കുന്നു.
നാലു വശങ്ങളും
പൂക്കള്‍ക്കൊണ്ട്
അലങ്കരിതമാണ്.

ഞാനാ വാതിലിനപ്പുറമുള്ള
ലോകം കാണാന്‍ കൊതിച്ചു.
വാതിലിനോടു ചേര്‍ന്നൊരു
ജാലകമുണ്ട്.
ജാലകകണ്ണാടിയില്‍ ഭൂമിയുണ്ട്.
ജാലകത്തിനപ്പുറം
കൊതിച്ച ലോകവും!

ടോക്കണ്‍ നമ്പര്‍
പ്രകാരമെന്റെയൂഴമെത്തി.
അംഗത്വനമ്പര്‍ ലഭിക്കണമെങ്കില്‍
നാലുവരിയില്‍ ജീവിതക്കുറിപ്പ്
എഴുതി നല്‍കണമത്രെ!
പുതിയ നിയമം.
നിയമപുസ്തകത്തിലെ
പുതിയ ഭേദഗതി!

മരിക്കുംവരെ ജീവിച്ചിരുന്നുവെന്നു
മറന്നുപോയ ഒരുവനാണ് ഞാന്‍.
ജീവിതമെന്തെന്നു തിരിച്ചറിയാത്ത
കോടികളില്‍ ഒരുവനും.
വെറുതെ ജനിച്ച് മരിച്ചൊരുവന്
നാലുവരികളെഴുതാന്‍
മാത്രമില്ല, ജീവിതം!

ഒടുവില്‍ ഇവിടെയും
പിന്തള്ളപ്പെട്ടുവെന്ന്
ബോധ്യമായപ്പോള്‍
പിന്തിരിഞ്ഞു.
ആരോ വിളിച്ചോതി.
ശരീരം വെന്തു തീര്‍ന്നില്ലേല്‍
നിനക്കവസരമുണ്ട്.

ശരീരം അഗ്‌നിയില്‍
അടര്‍ന്നുവീണു തുടങ്ങി കാണുമോ?
വെന്തു പാകമായാല്‍
പുത്രനും പൗത്രനും ആവോളം
കൊതിയോടെ ഭക്ഷിക്കും.
മരണവാതിലില്‍നിന്നും
പുറത്താക്കപ്പെട്ടവന്
മുദ്രണം ചാര്‍ത്തപ്പെട്ടുകഴിഞ്ഞു.

ഈ വാതില്‍ കടക്കുമൊരിക്കല്‍
ഞാനും…
ജീവിതംകൊണ്ട്
കഥകള്‍ മെനയും.
ഒടുവില്‍ ജീവിതക്കളിക്കളത്തിലേക്ക്
ഒരവസരം കൂടി ലഭിച്ചൊരാളെന്ന
ലേബല്‍ സ്വയം ചാര്‍ത്തിയിറങ്ങി.

മക്കള്‍ നാലും കലഹം തന്നെ.
അനാഥമായ ശവം
തണുത്തുറഞ്ഞ്
കണ്ണാടി കൂടിനുള്ളില്‍
കിടക്കുന്നതേയുള്ളൂ.
കലഹം കഴിഞ്ഞേ
മാംസം കനല്‍ കാണൂ.

മക്കളെക്കൊണ്ട്
ഈ നിമിഷം തെല്ലൊരു
മതിപ്പുതോന്നി.
ഒരു മത്സരത്തിനുള്ള
അവസരം നല്‍കിയല്ലോ!
പാവങ്ങള്‍…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6