Skip to content

chithrodayamflashnews.com

Asnap 1409

കനലണയാത്ത പക, നിണമുണങ്ങാത്ത തെരുവുകൾ; ത്രില്ലിങ് കാപ്പ കാപ്പ റിവ്യൂ – 1

അഞ്ജയ് ദാസ്. എൻ.ടി


മലയാള സിനിമക്ക് അന്യമല്ല ​ഗുണ്ടാപ്പകയെന്ന വിഷയം. കേരളത്തിന്റെ മണ്ണിനെ രക്തനിറം അണിയിച്ച കഥകൾ പലതവണ നാം കണ്ടിരിക്കുന്നു. ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നുവെങ്കിലും മലയാളത്തിൽ നിന്ന് ഇടക്കാലത്ത് അന്യംനിന്നുപോയിരുന്ന വിഷയംകൂടിയാണിത്. ആ വിഷയത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കാപ്പ എന്ന ചിത്രത്തിലൂടെ ഷാജി കൈലാസ്.

ജി.ആർ. ഇന്ദു​ഗോപൻ എഴുതിയ ശംഖുമുഖി എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് കാപ്പ എന്ന അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ന​ഗരത്തേയും ആ ന​ഗരത്തിന്റെ അധികാരകേന്ദ്രങ്ങളേയും വിറപ്പിച്ച കൊട്ട മധു എന്ന ​ഗുണ്ടാ നേതാവിനേയും അയാളെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളേയുമാണ് കാപ്പ കാണിച്ചുതരുന്നത്. എ എൻ മധുകുമാർ എന്ന തിരുവനന്തപുരംകാരന്റെ കൊട്ട മധുവിലേക്കുള്ള പരിണാമമാണ് ചിത്രത്തിന്റെ ആകെത്തുക. അടിയും തിരിച്ചടികളുമായി സംഘർഷഭരിതമാണ് മധുവിന്റെ ജീവിതം.

കൊട്ട മധു എന്ന കഥാപാത്രത്തെ നേരിട്ട് ഒരു മാസ് അവതാരം എന്നപോലെ ആവിഷ്കരിക്കാതെ പുതിയൊരു ശൈലിയിലാണ് ഷാജി കൈലാസ് ശ്രമിച്ചിരിക്കുന്നത്. അതായത് മറ്റുള്ള കഥാപാത്രങ്ങളുടെ കണ്ണിലൂടെ. അവർ ഓരോരുത്തരുടെ ജീവിതത്തിലും മധു എങ്ങനെ ഇടപെട്ടു എന്നാണ് അദ്ദേഹവും തിരക്കഥാകൃത്തും പറഞ്ഞുവെക്കുന്നത്. മധു നേരിട്ട് സ്വന്തം കഥ പറയുന്നതിന് പകരം മറ്റുകഥാപാത്രങ്ങൾ മധുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്.

ആത്യന്തികമായി നോക്കുകയാണെങ്കിൽ സിനിമ രൂപകല്പന ചെയ്തിരിക്കുന്നതിലും കഥാപാത്രസൃഷ്ടിയിലും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന സംവിധായകനെ ചിത്രത്തിന്റെ പിന്നിൽ കാണാം. ഷാജി കൈലാസിന്റെ മുൻ സിനിമകളെ വെച്ചുനോക്കുകയാണെങ്കിൽ അദ്ദേഹം സ്വയം ഒരു പരീക്ഷണത്തിന് തയ്യാറായിരിക്കുന്നതായി കാണാം. അപ്രതീക്ഷിതമായി തുടങ്ങുന്ന ചിത്രം അവസാനിക്കുന്നതും അപ്രതീക്ഷിതമായ ഒരിടത്ത് തന്നെയാണ്. അവിടെയും ഷാജി കൈലാസ് തന്റെ മുൻസൃഷ്ടികളുടെ മാതൃകകൾ തല്ലിത്തകർക്കുകയാണ്. നരസിംഹമോ വല്ല്യേട്ടനോ കടുവയോ ചെയ്ത ഷാജി കൈലാസിനെയല്ല കാപ്പയിൽ കാണാനാവുക.

കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ശൈലി തന്റെ നോവലുകളിലെന്നപോലെ സിനിമയിലും ഇന്ദു​ഗോപൻ പിന്തുടർന്നിരിക്കുകയാണ്. ഓരോ കഥാപാത്രത്തിനും അവരവരുടേതായ വ്യക്തിത്വം നൽകാൻ രചയിതാവിനായിട്ടുണ്ട്. കൊട്ട മധു, ആനന്ദ്, ബിനു ത്രിവിക്രമൻ, പ്രമീള, ലത്തീഫ്, മധുവിന്റെ നിഴലായ ഇക്ക തുടങ്ങി ഓരോ കഥാപാത്രത്തിനും അവരുടെ കഥ പറയാനുണ്ട്. ഓരോ തരം ജീവിതങ്ങളെ ഇവരിൽ കാണാം. മാസ് സംവിധായകന്റെ ചിത്രമാണെങ്കിലും മാസ് ഡയലോ​ഗുകൾ ആവശ്യത്തിന് മാത്രമേയുള്ളൂ എന്നത് കയ്യടിയർഹിക്കുന്നതാണ്.

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ കൊട്ട മധുവായെത്തിയ പൃഥ്വിരാജിൽ നിന്ന് തുടങ്ങാം. ഭൂതകാലം വേട്ടയാടുന്ന, അതിൽ നിന്ന് പുറത്തുകടക്കണമെന്ന് വിചാരിച്ചിട്ടും നടക്കാതെ ഉഴലുന്ന മധുവിനെ പൃഥ്വി ​ഗംഭീരമാക്കിയിട്ടുണ്ട്. ആനന്ദിന്റെ നിസ്സഹായത ആസിഫ് അലി മികച്ചതാക്കി. പ്രമീളയായെത്തിയ അപർണാ ബാലമുരളിക്കും ബിനുവായെത്തിയ അന്നാ ബെന്നിനും ലത്തീഫ് ആയെത്തിയ ദിലീഷ് പോത്തനും കയ്യടി നൽകുകതന്നെ വേണം. എടുത്തുപറയേണ്ട ഒരാൾ ജ​ഗദീഷാണ്. ലീലക്കും റോഷാക്കിനും ശേഷം സ്ക്രീനിൽ നിറഞ്ഞാടുകയാണ് അദ്ദേഹം. മധുവിന്റെ തുണയായി, മധുവിന്റെ മൂന്നാമത്തെ കണ്ണായും കൈ ആയും നിൽക്കുന്ന കഥാപാത്രം ജ​ഗദീഷിലെ നടനെന്ന നിലയിലുള്ള മാറ്റം വെളിവാക്കുന്നതാണ്.

കഥാപാത്രങ്ങളെ എലിവേറ്റ് ചെയ്യുന്നതിൽ ഡോൺ വിൻസെന്റിന്റെ പശ്ചാത്തലസം​ഗീതവും ജോമോൻ ടി ജോണിന്റെ ക്യാമറയും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് വഹിച്ചത്. പരമ്പരാ​ഗതമായ ​ഗുണ്ടാ-പോലീസ് ഏറ്റുമുട്ടൽ പ്രമേയമായ ചിത്രമല്ല കാപ്പ. സ്ഥിരം ഷാജി കൈലാസ് ചിത്രങ്ങളുടെ വഴിയിലൂടെയുമല്ല ചിത്രം സഞ്ചരിക്കുന്നത്. പുതിയ കാലത്തിന് അനുസൃതമായി അപ്​ഗ്രേഡ് ചെയ്ത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ക്ലാസ് ചിത്രമാണ് കാപ്പ.


കാപ്പ – ഫിലിം റിവ്യു – 2

ഉദ്വേ​ഗവഴിയിലെ ‘കാപ്പ’, നിറഞ്ഞാടുന്ന പൃഥ്വിരാജ്


​ആക്ഷന്‍, അക്രമണോത്സുക രം​ഗങ്ങളുടെ സ്റ്റൈലൈസ്ഡ് അവതരണത്തില്‍ കഥ മറക്കുന്ന ​മോശം ​ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ മാതൃകയെ പിന്‍പറ്റുന്നില്ല കാപ്പ

മലയാളത്തിലെ പുതുനിര എഴുത്തുകാരില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ജി ആര്‍ ഇന്ദു​ഗോപന്‍. ദൃശ്യാഖ്യാനത്തിനുള്ള സിനിമാറ്റിക് സാധ്യതകള്‍ ആവോളമുള്ളതെന്ന് വായനക്കാര്‍ തന്നെ പറയാറുള്ള ഇന്ദു​ഗോപന്‍റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. ഒരിടവേളയ്ക്കു ശേഷം ഷാജി കൈലാസിന് തിരിച്ചുവരവ് നല്‍കിയ കടുവക്കു ശേഷം പൃഥ്വിരാജിനൊപ്പം അദ്ദേഹം ചേരുന്ന സിനിമ കൂടിയാണ് കാപ്പ. ഒരു കാലത്ത് ആക്ഷന്‍ ചിത്രങ്ങളില്‍ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഷാജി കൈലാസ് പുതുതലമുറയിലെ ഒരു ശ്രദ്ധേയ കഥാകാരന്‍റെ കഥയ്ക്ക് എത്തരത്തില്‍ ചലച്ചിത്രഭാഷ്യം ഒരുക്കും എന്നതായിരുന്നു ചിത്രം പുറത്തെത്തും മുന്‍പുള്ള കൗതുകം. ദൃശ്യാഖ്യാനത്തില്‍ കാലത്തിനനുസരിച്ച് സ്വയം പുതുക്കിയ ഷാജി കൈലാസിനെ കാണാം എന്നതാണ് കാപ്പ നല്‍കുന്ന അനുഭവം.

കഥാപശ്ചാത്തലമായി വന്നിട്ടുണ്ടെങ്കിലും ഒരു ന​ഗരത്തിന്‍റെ കഥ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ കഥ ബി​ഗ് സ്ക്രീനില്‍ അങ്ങനെ വന്നിട്ടില്ല. കഥാപാത്രങ്ങളുടെ എന്നതിനപ്പുറത്ത് തലസ്ഥാന ന​ഗരിയുടെ കൂടെ കഥയാണ് കാപ്പ. മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു സ്ഥലത്തിന്‍റെ തികച്ചും അപരിചിതമായ ചില കാഴ്ചകളാണ് ശംഖുമുഖിയില്‍ ഇന്ദു​ഗോപന്‍ വരച്ചിട്ടിരുന്നത്. തലമുറകള്‍ കടന്നാലും പകയൊടുങ്ങാത്ത, ​ചോരയുടെ മണമുള്ള ​ഗ്യാങ് വാറുകളുടെ കഥ. പി എന്‍ മധു കുമാര്‍ എന്ന കൊട്ട മധുവാണ് കാപ്പയിലെ കേന്ദ്ര കഥാപാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ​ഗുണ്ടാ നേതാവ്. നിലവില്‍ തലസ്ഥാന ​ന​ഗരിയിലെ അധോലോകം മധുവിന്‍റെ കാല്‍ച്ചുവട്ടിലാണ്. ഒരിക്കല്‍ ആനന്ദ് എന്ന, ടെക്കിയായ ഒരു യുവാവ് അയാളെ കാണാനെത്തുന്നു. കാപ്പ ലിസ്റ്റില്‍ തന്‍റെ ഭാര്യയുടെ പേരുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പിന്തുടര്‍ന്നാണ് അയാള്‍ മധുവിന് അടുത്തെത്തുന്നത്. ബിനു ത്രിവിക്രമന്‍ എന്ന, ആനന്ദിന്‍റെ ഭാര്യ എങ്ങനെ കാപ്പ ലിസ്റ്റില്‍ എത്തിപ്പെട്ടുവെന്ന അറിവില്‍ നിന്ന് ഉടലെടുക്കുന്ന അനേകം ഉള്‍പ്പിരിവുകളിലൂടെയും കഥാവഴികളിലൂടെയും ഉദ്വേ​ഗത്തിന്റേതായ ഒരു വഴിയേ നടത്തുകയാണ് കാപ്പ. ഇതില്‍ കൊട്ട മധുവിനെ പൃഥ്വിരാജും ആനന്ദിനെ ആസിഫ് അലിയും ബിനു ത്രിവിക്രമനെ അന്ന ബെന്നും അവതരിപ്പിക്കുന്നു.

​ആക്ഷന്‍, അക്രമണോത്സുക രം​ഗങ്ങളുടെ സ്റ്റൈലൈസ്ഡ് അവതരണത്തില്‍ കഥ മറക്കുന്ന ​മോശം ​ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ മാതൃകയെ പിന്‍പറ്റുന്നില്ല കാപ്പ. ഒരു ആക്ഷന്‍ ത്രില്ലര്‍, ​ഗ്യാങ്സ്റ്റര്‍ ​ഗണത്തില്‍ പെട്ട ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ എപ്പോഴും ഹീറോയിക് പരിവേഷമുള്ളയാളല്ല ഇവിടുത്തെ നായകന്‍. മാനുഷികമായ എല്ലാ ബലഹീനതകളുമുള്ള, അധോലോകത്തിന്‍റെ ഇരുള്‍ വഴിയില്‍ ഒരിക്കല്‍ പെട്ടാല്‍ ഒരു തിരിച്ചുപോക്കില്ലെന്ന് തിരിച്ചറിഞ്ഞ, അതിജീവനത്തിനായി പൊരുതുന്ന മനുഷ്യനാണ്. കടന്നെത്തിയ ഭൂതകാലത്തിന്‍റേതായ വെയ്റ്റ് ഉള്ള ഈ കഥാപാത്രത്തെ പൃഥ്വിരാജ് വൃത്തിയായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഉള്‍ക്കനമുള്ള രചനയുടെ കരുത്ത് കഥാനായകനൊപ്പമുള്ള മറ്റു കഥാപാത്രങ്ങളിലും കാണാം. കൊട്ട മധുവിന്‍റെ വലംകൈയായ ജബ്ബാര്‍ (ജ​ഗദീഷ്), പത്രം നടത്തിപ്പുകാരന്‍ (ദിലീഷ് പോത്തന്‍), മധുവിന്റെ ഭാര്യ പ്രമീള (അപര്‍ണ ബാലമുരളി) എന്നിവയാണ് പ്രകടന സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു വേഷങ്ങള്‍. ദിലീഷ് പോത്തനും അപര്‍ണയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ തനിക്ക് ഈയിടെ ലഭിക്കുന്ന വേറിട്ട കഥാപാത്രങ്ങളുടെ നിരയിലാണ് ജ​ഗദീഷിന്‍റെ ജബ്ബാര്‍. ചിത്രത്തെ ലൈവ് ആയി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ജ​ഗദീഷിന്‍റെ സാന്നിധ്യത്തിന്‍റെ പങ്ക് ചെറുതല്ല.
ഇന്ദു​ഗോപന്‍റെ സൃഷ്ടിയുടെ പള്‍സ് അറിഞ്ഞാണ് കാപ്പയ്ക്ക് ഷാജി കൈലാസ് ഒരു ദൃശ്യഭാഷ ചമച്ചിരിക്കുന്നത്. ഛായാ​ഗ്രഹണമായാലും പശ്ചാത്തല സം​ഗീതമായാലും സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍സ് എന്ന തലത്തിലേക്ക് ഒരിക്കലും അദ്ദേഹം വഴുതി വീഴുന്നില്ല. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകന്‍. പറയുന്ന കഥയുടെ ​ഗൗരവവും ഡാര്‍ക് മൂഡുമൊക്കെ സെറ്റ് ചെയ്യുന്നതില്‍ ജോമോന്‍റെ ഫ്രെയ്മുകള്‍ വിജയിച്ചിട്ടുണ്ട്. ഡോണ്‍ വിന്‍സെന്‍റ് ആണ് ചിത്രത്തിന്‍റെ സം​ഗീതം. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറുകള്‍ ആസ്വദിക്കുന്ന സിനിമാപ്രേമികള്‍ക്കുള്ള വേറിട്ട വിരുന്നാണ് കാപ്പ. പുതുകാലത്തെ സിനിമയ്ക്കൊപ്പം സ്വയം പുതുക്കിയ ഷാജി കൈലാസിനെയും കാപ്പയില്‍ കാണാം.


കാപ്പ – ഫിലിം റിവ്യൂ

ആവർത്തന വിരസം

Dhanya K Vilayil |


ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാവും റൈറ്റേഴ്സ് യൂണിയൻ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുന്നത്. അത്തരമൊരു സവിശേഷതയോടെയാണ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് കാപ്പയുടെ നിർമാതാക്കൾ. ചിത്രത്തിന്റെ ലാഭവിഹിതം സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുക. നല്ലൊരു ആശയത്തിനു വേണ്ടി നിലകൊള്ളുന്ന ചിത്രമെന്ന രീതിയിൽ ‘കാപ്പ’ കയ്യടി അർഹിക്കുന്നുണ്ട്. എന്നാൽ, അതിനപ്പുറം ഒരു ടിപ്പിക്കൽ ഗ്യാങ്സ്റ്റർ പടത്തിന്റെ അച്ചിൽ തന്നെ വാർത്തെടുത്ത ചിത്രമാണ് ‘കാപ്പ’.

കൊട്ട മധു (പൃഥ്വിരാജ്) എന്ന ഗ്യാങ്സ്റ്റർ നേതാവും അയാളുടെ എതിരാളികളും തമ്മിലുള്ള കൊമ്പുകോർക്കലുകളുടെയും കഥയാണ് ‘കാപ്പ’. യാദൃശ്ചികമായാണ് മധു ക്വട്ടേഷൻ ഗാങ്ങിന്റെ ഭാഗമായി മാറുന്നത്. എന്നാൽ ക്രമേണ, യാതൊരുവിധത്തിലും ന്യായീകരിക്കാനാവാത്ത ഗുണ്ടാപ്രവർത്തനങ്ങളിലൂടെ അയാൾ തിരുവനന്തപുരം നഗരത്തിലെ ഏവരും ഭയക്കുന്ന അധോലോക നേതാവായി മാറുന്നു. അയാളെ തറപ്പറ്റിക്കാൻ ശത്രുക്കളും പൊലീസും നിരന്തരം ശ്രമിക്കുന്നു. ഇതിനിടയിലേക്ക് സാഹചര്യവശാൽ വന്ന് അകപ്പെടുകയാണ് ഐടി എഞ്ചിനീയറായ ആനന്ദ് (ആസിഫ് അലി). എന്താണ് ആനന്ദിന്റെ വരവിന്റെ ലക്ഷ്യം? അയാൾക്കു പിറകിൽ ആരെങ്കിലുമുണ്ടോ? എന്ന സംശയദൃഷ്ടിയോടെയാണ് മധുവും മധുവിന്റെ വലംകയ്യായ ജബ്ബാറും (ജഗദീഷ്) അനുയായികളും അയാളെ നോക്കി കാണുന്നത്. ഒരു ഊരാകുടുക്കിൽ പെട്ടുപോവുകയാണ് ആനന്ദ്.

പകരത്തിനു പകരം ചോദിക്കുന്ന ഗുണ്ടാസംഘങ്ങൾ, ഏതുനിമിഷവും ഒരു അപകടം ഭയന്നു കഴിയേണ്ടി വരുന്ന അയാളുടെ കുടുംബവും കൂട്ടാളികളും, ഈ ‘ഗ്യാങ്ങ് വാറി’നിടയിൽ പെട്ട് പോവുന്ന നിസ്സഹായർ….. ഇതൊക്കെ തന്നെയാണ് കാപ്പയുടെ പ്ലോട്ടിലും കാണാനാവുക. കൊടുത്തത് തിരിച്ചുകിട്ടുമെന്ന വചനത്തെ തന്നെയാണ് ചിത്രം ഉദ്ഘോഷിക്കുന്നതും. കഥയിലും കഥാപാത്രസൃഷ്ടിയിലുമൊക്കെ പ്രേക്ഷകരിൽ മതിപ്പുളവാക്കുന്ന ഘടകങ്ങൾ തുലോം കുറവാണ് ചിത്രത്തിൽ. കണ്ടു പഴകിയ കാഴ്ചകളുടെ തനിയാവർത്തനം മാത്രമാണ് കഥയും കഥാപരിസരവുമൊക്കെ. അൽപ്പമെങ്കിലും മതിപ്പുണ്ടാക്കുക ചിത്രത്തിന്റെ ക്ലൈമാക്സ് ആണ്. പ്ലോട്ടിലെ ആ ട്വിസ്റ്റ് രസകരമാണ്.

പൃഥ്വിരാജ് മുൻപു ചെയ്തു വച്ച ഗ്യാങ്ങ്സ്റ്റർ കഥാപാത്രങ്ങളുടെ ഒരു തുടർച്ച മാത്രമാണ് ‘കാപ്പ’യിലെ മധു. തനിനാടൻ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നു എന്നതു മാത്രമാണ് ആകെയുള്ള മാറ്റം. ആസിഫിന്റെ മറ്റൊരു പക്വമായ പ്രകടനമാണ് കാപ്പയിൽ കാണാനാവുക. പല വിധ വികാരങ്ങളിലൂടെ കടന്നുപോവുന്ന ആനന്ദ് എന്ന കഥാപാത്രം ആസിഫിൽ ഭദ്രമായിരുന്നു. അപർണ ബാലമുരളി, ജഗദീഷ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കൾ.

സംവിധായകൻ എന്ന രീതിയിൽ, തന്റെ തനതായ സ്റ്റൈൽ പൊടി തട്ടിയെടുക്കുകയാണ് ഷാജി കൈലാസ് കാപ്പയിലും. എന്നാൽ മലയാളത്തിലെ പല ഗ്യാങ്സ്റ്റർ സിനിമകളുടെയും സീനുകളുടെ ആവർത്തനം അതേപ്പടി കാപ്പയിൽ കാണാമെന്നത് അരോചകമാണ്. മഴയത്ത് കുട ചൂടി ശവസംസ്കാരത്തിൽ പങ്കെടുക്കുന്ന ആൾക്കൂട്ടമൊക്കെ മലയാളസിനിമയിലെ ക്ലീഷേ സീനുകളാണെന്നത് തിരക്കഥാകൃത്തുകൾ തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

‘കാപ്പ’ യെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റി’നെ ചിത്രം തുടക്കത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും പിന്നീടതിന് ചിത്രത്തിൽ വലിയ പ്രസക്തിയൊന്നുമില്ല. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ലഘുനോവലാണ് ‘കാപ്പ’യുടെ മൂലകഥ. ജി ആർ ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

കുടിപ്പകയുടെയും കൊലപാതകങ്ങളുടെയും മനുഷ്യരുടെ വാശിയുടെയുമെല്ലാം കഥ പറയുമ്പോഴും അതൊന്നും വൈകാരികമായി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നില്ല എന്നതാണ് കാപ്പയുടെ പ്രധാന പോരായ്മയായി തോന്നിയത്. തിയേറ്ററുകളെ ആഘോഷമാക്കുന്ന ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ ‘കാപ്പ’ നിങ്ങളെ നിരാശരാക്കും, കാരണം കാഴ്ചക്കാരെ എന്റർടെയിൻ ചെയ്യിക്കുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്

1 Comments
Jackson3474 April 30, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6