Skip to content

chithrodayamflashnews.com

May 6, 2026 11:54 pm
Asnap 1409

കലാരംഗത്തെ ‘മഹാസാഗരം’ പ്രശാന്ത് നാരായണൻ 

കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ കലാകാരൻ പ്രശാന്ത് നാരായണനെ കുറിച്ച്….

കഴിഞ്ഞ 30 വർഷക്കാലമായി ഇന്ത്യൻ തിയറ്റർ രംഗത്തെ ശക്തമായ സാന്നിധ്യമായിരുന്ന…. കോളമിസ്റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, സംവിധായകൻ, ആട്ടക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ…. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകൻ കൂടിയാണ്. പതിനേഴാം വയസ്സിൽ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരൻ, അരചചരിതം, ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, മണികർണ്ണിക, ഛായാമുഖി, മകരധ്വജൻ (കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പിന്തുണയോടെ), ചിത്രലേഖ, കറ തുടങ്ങി 30-ഓളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. പ്രണയവും പ്രസാദവും ആർദ്രമായ മനുഷ്യബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട് ഉള്ള കലഹങ്ങളാണ് പ്രശാന്ത് നാരായണന്റെ നാടകങ്ങൾ. മുഷ്ടി ചുരുട്ടി നിന്ന് ചുവന്ന ലൈറ്റിട്ട് മുദ്രാവാക്യം വിളിച്ച് ആ നാടകങ്ങൾ രാഷ്ട്രീയം പ്രഖ്യാപിക്കുന്നില്ല. മറിച്ച് മനുഷ്യമനസ്സില്‍ ആഴത്തില്‍ സ്പർശിച്ച്, അവിടെ ഇടമുറപ്പിച്ച്, മനസ്സിനെ എന്നും നീറ്റുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന, അങ്ങനെ മനോവിമലനത്തിനുള്ള സ്വാധീനതാശക്തിയായി സ്വയം പരിണമിക്കുന്ന ഒരു പ്രതിഭാസമാണ് പ്രശാന്തിന്റെ നാടകങ്ങൾ.
1972 ജൂലൈ 16 ന് തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടെയും കെ.ശാന്തകുമാരി അമ്മയുടെയും മകനായി ജനിച്ചു.
തിരുവനന്തപുരം സെന്റ് ജോസഫ്‌ ഹൈസ്കൂൾ, ഇരിങ്ങോൾ ഗവൺമെന്റ് വൊക്കേഷനൽ ഹയർ ഹയർ സെക്കന്ററി സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ടാഗോറിന്റെ തപാലാഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, സ്വപ്നവാസവദത്തം (കർണാടക സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണയ്ക്ക് വേണ്ടി), എം.ടി.വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കി ദേശാഭിമാനി പത്രത്തിന് വേണ്ടി ‘മഹാസാഗരം’ തുടങ്ങിയവ പ്രധാന സംവിധാന സംരംഭങ്ങൾ. പ്രശാന്ത് നാരായണന്റെ ചെയര്‍മാന്‍ഷിപ്പില്‍ 2015 ജൂലൈയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച തീയറ്റര്‍ സ്ഥാപനമാണ് കളം. കർണാടക സര്‍ക്കാരിന്റെ ക്ഷണപ്രകാരം ധര്‍വാഡ് രംഗായണയ്ക്ക് വേണ്ടി, പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്തു വിജയമാക്കി ഇന്ത്യന്‍ തിയറ്റര്‍ രംഗത്തെ തന്റെ ശ്രദ്ധേയമായ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. 2004ൽ സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള പുരസ്‌കാരം. 2011ൽ ദുർഗ്ഗാദത്ത പുരസ്‌കാരം, 2015ൽ എ.പി. കളയ്ക്കാട്ട് പുരസ്‌കാരം, 2016 ൽ അബുദാബി ശക്തി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
നവതി നിറവിലെത്തിയ മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി.വാസുദേവൻനായരെ ആദരിക്കാൻ മനോരമ ഓൺലൈൺ സംഘടിപ്പിച്ച ‘എംടി: കാലം നവതി വന്ദനം’ പരിപാടിയിൽ എംടിയുടെ രചനകളെയും കഥാപാത്രങ്ങളെയും ആധാരമാക്കി ‘മഹാസാഗരം’ എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്. എം.ടിയുടെ കൃതികളായ നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണു നാടകം അവതരിപ്പിച്ചത്. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ദുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ചന്തുവുമെല്ലാം പുനരവതരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6