Skip to content

chithrodayamflashnews.com

May 6, 2026 10:02 pm
Asnap 1409

സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും

സംസ്ഥാനത്തെ സ്കൂളുകളില്‍ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കും. പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.
പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയില്‍ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തില്‍ ഉള്ളത്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിട്ടാണ് പാഠ്യ പദ്ധതി പരിഷ്ക്കരിച്ചതെന്നും കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
മലയാളം , ഇംഗ്ലീഷ് , കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴില്‍ പരിശീലനം നല്‍കും. അധ്യാപകര്‍ക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച്‌ പരിശീലനം നല്‍കും. അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം സ്പെഷ്യല്‍ റൂള്‍ കൊണ്ടുവരുമെന്നും ഇതിനായി കെ.ഇ.ആര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യല്‍ റൂള്‍ പ്രകാരമായിരിക്കും അടുത്ത അധ്യയന വര്‍ഷം സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ഏതെങ്കിലും നിലയില്‍ ഒരു വിഭാഗത്തിനെതിരോ ജനാധിപത്യ വിരുദ്ധമോ ആണ് കേന്ദ്ര പുസ്തകമെങ്കില്‍ സ്വന്തം നിലയില്‍ പുസ്തകം തയാറാക്കി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. നിരവധി പ്രത്യേകതകള്‍ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശം വെച്ച പ്രകാരം പോക്‌സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്.
അഞ്ചു മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താൻ ഇത് ഉപകരിക്കും. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാൻ കഴിയില്ല. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്.അത് കുട്ടികള്‍ ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാകും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്ബ് തന്നെ പുതിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6