ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്ന പരിഷ്കാരം നടപ്പാക്കാൻ ഡ്രൈവിംഗ് സ്കൂളുകള് കണ്ടെത്തേണ്ടത് 50 മുതല് 70 സെന്റ് വസ്തു.ഇത് വലിയ ബാദ്ധ്യത ആകയാൽ ചെറിയ ഡ്രൈവിംഗ് സ്കൂളുകള് പൂട്ടിപ്പോകും. പകരം വൻകിട മുതലാളിമാരായ കോർപ്പറേറ്റുകളെത്തും. പരിഷ്കാരം കോർപ്പറേറ്റുകള്ക്കു വേണ്ടിയാണെന്ന ആരോപണം ശക്തമാക്കുന്നതാണ് സർക്കാർ നീക്കം.
ഡ്രൈവിംഗ് പരിശീലനച്ചെലവും ഇരട്ടിയിലധികമാകും. ഇപ്പോള് 7,500 മുതല് 11,000 വരെയാണ് കാർ ലൈസൻസെടുക്കാൻ വാങ്ങുന്നത്. 1496 ഡ്രൈവിംഗ് സ്കൂകളാണ് കേരളത്തിലുള്ളത്. ഓരോ സ്കൂളിലും നാല് മുതല് 10 വരെ ജീവനക്കാരുമുണ്ട്. പരിഷ്കാരപ്രകാരം വലിയ ഡ്രൈവിംഗ് സ്കൂളുകള് ഒന്നിച്ചോ, കോർപ്പറേറ്റ് സ്ഥാപനങ്ങളോ ആയിരിക്കും ടെസ്റ്റ് ഗ്രൗണ്ടും ട്രാക്കും സജ്ജമാക്കുക. ഓരോ ടെസ്റ്റിനും ഇവരായിരിക്കും ഫീസീടാക്കുക. നിയമ പ്രകാരം ഫീസീടാക്കാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനാണ്. ടെസ്റ്റിനു മാത്രം 300 രൂപയാണ് നിലവിലെ ഫീസ്. ഗ്രൗണ്ടും ട്രാക്കുകളും ഡ്രൈവിംഗ് സ്കൂളുകള് ഒരുക്കണമെന്നാണ് മന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ നിർദ്ദേശം. അതേസമയം ടെസ്റ്റിംഗ് ട്രാക്കുകള് എങ്ങനെ നിർമ്മിക്കണമെന്ന നിർദ്ദേശങ്ങളൊന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിലില്ല.
2017ല് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകള് തുടങ്ങിയപ്പോള് റിവേഴ്സ് പാർക്കിംഗും, കയറ്റത്തില് നിറുത്തി മുന്നോട്ട് എടുക്കലുമൊക്കെ ഏർപ്പെടുത്തിയിരുന്നു. എന്നാല് എല്ലായിടത്തും ഒരേ പരിശോധനാ സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയോടെ ഇതൊഴിവാക്കേണ്ടിവന്നു. 86 സ്ഥലങ്ങളില് ടെസ്റ്റുണ്ടെങ്കിലും ഒമ്ബതെണ്ണത്തില് മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്. പുതിയ സർക്കുലുറിലെ നിർദ്ദേശങ്ങള് കേന്ദ്ര നിയമത്തിനെതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടെസ്റ്റിന് ഇലക്ട്രിക്ക് വാഹനമാകാമെന്ന് കേന്ദ്രം
ഡ്രൈവിംഗ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടത്തില് വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർമാറ്റണമെന്നേയുള്ളൂ. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ഒരുക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ വാഹനങ്ങള്ക്ക് അനുമതി നല്കുന്നത്. നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല.
ഇ-വാഹനങ്ങള് വ്യാപകമായതിനാല് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന് കത്തും നല്കി.
അപേക്ഷകർക്ക് സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. ജി.പി.എസ്, നിരീക്ഷണ ക്യാമറ എന്നിവ നിർബന്ധമല്ല.
ഡ്രൈവിംഗ് സ്കൂള് വാഹനങ്ങളില് ക്യാമറയും, ജി.പി.എസും വേണമെന്ന് സംസ്ഥാനം. എന്നാല് സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില് വ്യക്തതയില്ല.
അയല്സംസ്ഥാനങ്ങളിലേക്കു പോകും
തമിഴ്നാട്ടിലും കർണാടകയിലും ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ചെലവ് കുറവാണ്. അതുകൊണ്ടു തന്നെ കേരളത്തിന്റെ അതിർത്തി താലൂക്കുകളിലുള്ളവർ മറ്റ് സംസ്ഥാനങ്ങളില് നിന്ന് ലൈസൻസ് എടുക്കും. ഇതിനായി ഏജന്റുമാരും രംഗത്തുണ്ടാകും.
No Comment.