Skip to content

chithrodayamflashnews.com

Asnap 1409

സത്യസന്ധതയും ആർജ്ജവവും ആത്മാർത്ഥതയും ശീലിക്കുക.(ഇന്നത്തെ ചിന്താവിഷയം)

ഇക്കാലത്ത് സത്യസന്ധതയുടെ അഭാവം എങ്ങും കണ്ടു വരുന്ന പ്രവണതയാണ്. സ്വാർത്ഥതയുടെ വിളയാട്ടം മനുഷ്യൻ എന്തു നുണകൾ പറഞ്ഞു ഫലിപ്പിക്കാനും തയാറാകുന്നു. അതു് ക്യാൻസർ പോലെ പടർന്നു പിടിക്കുകയും ഒത്തിരി വിനകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ബാല്യകാലത്തിൽ തന്നെ സത്യസന്ധതെയെ ഊട്ടി വളർത്തണം. അതു മാത്രമേ പ്രതിവിധിയായി ഉള്ളു. അവിടെ പ്രധാനം രക്ഷകർത്താക്കൾ ആദ്യം കുട്ടികളുടെ മുന്നിൽ വച്ച് നുണ പറയാതെയും ആരെയും ചതിക്കാതെയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് മാതൃകയായിരിക്കും. അതായത് തുടക്കം കുടുംബത്തിൽ തന്നെ വേണം. പിന്നെ വിദ്യാലയങ്ങളിലും സമൂഹത്തിലും സത്യസന്ധതയ്ക്ക് മുൻഗണന നൽകണം. ഇതേ ഒരു പോംവഴിയായി ഞാൻ കാണുന്നുള്ളു. അടുത്തത് ആർജ്ജവമാണ്. അതു നേടണമെങ്കിൽ ആരോഗ്യം പോലെ മനസ്സിനേയും ചിട്ടപ്പെടുത്തണം. മനസ്സാണ് എന്തിൻ്റെയും സ്ഥായിയായ ഭാവം. മനസ്സുണ്ടെങ്കിലെ സന്നദ്ധത കൈവരൂ. അത് ബാല്യത്തിലാകട്ടെ കൗമാരത്തിലാകട്ടെ യൗവ്വനത്തിലാകട്ടെ എന്തിനു വാർദ്ധക്യത്തിലാകട്ടെ ആർജ്ജവം കൈമുതലായി ഉണ്ടെങ്കിൽ എന്തും നമുക്ക് നേടിയെടുക്കാനാകുന്നു. ഇവിടെയാണ് ആത്മാർത്ഥതയുടെ പ്രസക്തി. നാം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഇല്ലെങ്കിൽ അതു പൂക്കില്ല കായ്ക്കില്ല എന്തിനു എല്ലാം നിഷ്ഫലമായി പോകും. ആത്മാർത്ഥത പുറത്തു നിന്നും വാങ്ങി ഉപയോഗിക്കാനാകില്ല. നമ്മുടെ ആർജ്ജവങ്ങളിൽ മനസ്സ് നിർണ്ണയിക്കുന്ന നിലവാരമത്രെ ആത്മാർത്ഥത. ആത്മാർത്ഥത തികച്ചും അർപ്പണമാണ്. അർപ്പണബോധം കാഴ്ചവയ്ക്കുന്നിടത്ത് ആത്മാർത്ഥത പ്രകടമാകുന്നു. ചൊട്ടയിലേ ശീലം ചുടല വരെ എന്നു പറയുന്നതുപോലെ ഇവ മൂന്നും ശീലിക്കണമെങ്കിൽ ബാല്യത്തിൽ തന്നെ ശരിയായ വിധത്തിൽ ശിക്ഷണം തുടങ്ങണം. ഇതു മൂന്നും കൈവശമുള്ളവൻ കുടുംബത്തിൻ്റെ സമൂഹത്തിൻ്റെ വെള്ളിനക്ഷത്രമായി തിളങ്ങും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6