
ലോകത്ത് മനുഷ്യജന്മം ലഭിക്കുക മഹാഭാഗ്യമത്രെ. എത്രയോ ജന്മങ്ങൾ മറ്റു പലതുമായി ജന്മം കൊണ്ട ശേഷമാണ് ബുദ്ധിയും വിവേകവും ഉള്ള മനുഷ്യജന്മം ലഭിക്കുന്നത്. ഈശ്വരനെ സേവിക്കാനാണ് മനുഷ്യ ജന്മത്തിൻ്റെ പ്രധാന ധർമ്മം. എന്നാൽ നമ്മൾ തീരെ മറന്നുപോകുന്നതും അതുതന്നെ. നമ്മൾക്കുള്ള ആർത്തി അല്ലങ്കിൽ അതിമോഹം അവസാനിക്കാറില്ല. എന്തും വെട്ടിപ്പിടിക്കണം എന്ന ത്വരയിൽ നഷ്ടപ്പെട്ടു പോകുന്നത് സ്നേഹം, വാത്സല്യം ത്യാഗം, സഹനം, ദയ, കരുണ മുതലായ ഗുണങ്ങളാണ്. പലപ്പോഴും ജീവിക്കേണ്ട രീതികൾ മാറ്റപ്പെടുകയും ജീവിതം ഭാരമായി മാറുകയും ചെയ്യുന്നു. ജീവിതം ഭാരമാകുന്നതോടെ മനസ്സിൻ്റെ ഭാരം വർദ്ധിക്കുകയും അത് ഉൽഘണ്ഠ നിറഞ്ഞതുമാകുന്നു. ഏവരുടേയും ചിന്തകളും പ്രവർത്തനങ്ങളും കണ്ടാൽ തോന്നും ജീവിതം പൂമെത്തയാണെന്ന്. വിദ്യകൾ അഭ്യസിച്ച് ഒരു ജോലി ലഭിക്കുന്നതോടെ ഒരുവൻ്റെ ജീവിതത്തനു തുടക്കം കുറിക്കും. പിന്നെ ഉത്തരവാദങ്ങളുടെ നീണ്ട നിരയാണ്. വിവാഹം കുടുംബം സന്താനം വാർദ്ധക്യം മുതലായവകളിലൂടെ കടന്നുപോകുന്നു. എല്ലാത്തിനും പണം ഉണ്ടെങ്കിലെ കാര്യങ്ങൾ നന്നായിട്ടു പോകു. ഇന്നത്തെ കാലത്ത് എല്ലുമുറികെ പണിയെടുത്താലേ പല്ലു മുറികെ തിന്നാനാവൂ. മാതാപിതാക്കൾക്ക് മക്കളെ വളർത്തുക ഭാരിച്ച ഉത്തരവാദിത്വമത്രെ. അവർക്കു നൽകുന്ന വിദ്യാഭ്യാസം പെൺമക്കളുടെ വിവാഹം ഭാരമേറിയ കടമകൾ തന്നെ. വൃദ്ധരായ മാതാപിതാക്കൾ മക്കൾക്ക് ഭാരമായി മാറുകയും പതിവാണ്. ചുമതലകളാണ് ഏറ്റവും വലിയ ഭാരം. അതേസമയം ഇവയൊക്കെ ലഘൂകരിക്കാൻ നല്ല മനസ്സിൻ്റെ ഉടമയായി മാറണം. അതിനു നമ്മുടെ ചിന്തകളേയും പ്രവൃത്തികളെയും നന്മയുടെ പാതയിലൂടെ മാത്രം നയിക്കുക. സ്വാർത്ഥത വെടിഞ്ഞ് കഷ്ടതയിലും അന്യൻ്റെ വേദനയിൽ നമ്മളാൽ ചെയ്യാവുന്ന സഹായത്തിനു സന്നദ്ധനായിരിക്കണം. സ്വന്തം ശരീരംപോലും ഭാരമാകുന്ന അവസ്ഥയിലോട്ട് നാം മാറപ്പെടരുത്. ഏതു ഭാരങ്ങളും പങ്കിടാനുള്ള സന്മനസ് വേണം. സന്മനസ്സുള്ളവർക്കു സമാധാനമെന്നു പഴഞ്ചൊല്ലിന് അർത്ഥമുണ്ട്. ഒരു സുപ്രഭാതത്തിൽ കൈവരുന്നതല്ല ആനന്ദം. ആനന്ദം ശരീരത്തിൻ്റേതാകുന്നതിനു പകരം മനസ്സിൻ്റേതാകട്ടെ. മനസ്സിനു ആനന്ദം ലഭിക്കാൻ ഈശ്വര ചിന്തകളും ഈശ്വരാധിഷ്ഠിത കർമ്മങ്ങളും വേണം. ജീവിത ഭാരത്തിൻ്റെ ഉത്തരവാദത്വങ്ങളെ തള്ളിക്കളായാതെ എല്ലാം ഈശ്വരനിൽ സമർപ്പിച്ചു കൊണ്ട് കഴിയുന്നത്ര സ്വാർത്ഥത വെടിഞ്ഞു ജീവിക്കു, അപ്പോൾ അവിടെ ആശ്വാസം ലഭിക്കുകയും ഒന്നിനും ഭാരമില്ലാ എന്ന തോന്നൽ അനുഭവയോഗ്യമായി ഭവിക്കുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.