
‘പഠാൻ ബാക്കി ഹേ ഭായ്’
ടോണി മാത്യു
‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്ഷൻ റോളിൽ ഷാറുഖ്, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക… ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്.
2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.
മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്കുന്ന സ്പൈ യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് പഠാന്. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.
ചിത്രത്തിന്റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന് മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.
മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്ഷൻ ഡയറക്ടേഴ്സിനായില്ല.
ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.
പഠാൻ – ഫിലിം റിവ്യൂ – 2

പഠാൻ ബാക്കി വക്കുന്നത്
_
യാഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ എല്ലാ പൊതു സ്വഭാവങ്ങളുമുള്ള മറ്റൊരു സിദ്ധാര്‍ഥ് ആനന്ദ് സിനിമ, മിഷന് ഇമ്ബോസിബിളിന്റെയും മാര്‍വെല്‍ യൂണിവേഴ്സിന്റെയും പ്രകട സ്വാധീനമുള്ള ആക്ഷന്‍ രംഗങ്ങളും വി എഫ് എക്സ്സും, ബൊളീവുഡ് സിനിമയില്‍ മാത്രം കാണുന്ന പ്രണയവും ദേശ ഭക്തിയും -‘ പഠാനെ’ കുറിച്ച് പറയാനുള്ളതൊക്കെ തികച്ചും പ്രതീക്ഷിച്ച കാര്യങ്ങളാണ്.
ഒരു ഓവര്‍ ദി ടോപ് ബോളിവുഡ് സിനിമ കാണിക്കള്ക്കെന്ത് തരുമെന്ന് പ്രതീക്ഷിച്ചോ അത് അതേ ലെവലില്‍ തന്നു സിനിമ തുടങ്ങിയവസാനിക്കുന്നു. സാധാരണ സ്പൈ യൂണിവേഴ്സില് രംഗങ്ങളും വേഷങ്ങളും കഥയും കഥാപാത്രങ്ങളുമൊക്കെ നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുമ്ബോഴും ‘പഠാന്’ പക്ഷെ ബാക്കി വയ്ക്കുന്നത് സിനിമക്ക് മുന്‍പും ശേഷവും ഷാരുഖ് ഖാന് എന്ന നടനെയും താരത്തെയും മനുഷ്യനേയുമാണ്.
ഷാരുഖ് ഖാന് ഒരു മുഴുനീള നായക വേഷത്തില്‍ സ്ക്രീനിലെത്തിയിട്ട് അഞ്ചു വര്‍ഷത്തോളമായി. പലപ്പോഴും തീര്‍ന്നു പോയ അയാളുടെ കരിയറിനെ കുറിച്ച് പഠനങ്ങള്‍ പുറത്ത് വന്നു. രാഷ്ട്രീയ ബഹിഷ്കരണാഹ്വാനങ്ങള് കരിയറിന്റെ പല ഘട്ടങ്ങളില്‍ ഉയര്‍ന്ന വന്നു. പക്ഷെ നിശബ്ദമായും ആക്ഷേപ ഹാസ്യം കൊണ്ടും അയാള്‍ ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഒരു തലമുറയെ ഇന്ത്യയില്‍ പ്രണയിക്കാന്‍ പഠിപ്പിച്ച നടന് എന്ന് ഷാരുഖ് ഖാനെ കുറിച്ച് പലരും പറയാറുണ്ട്. 1990കളുടെ തുടക്കത്തില്‍ ഷാരുഖ് ഖാന്റെ കരിയറിന്റെ നല്ല കാലം മുതല്‍ 2000 ത്തിന്റെ പകുതി വരെ ബൊളീവുഡിലെ പ്രണയത്തിനു ഷാരുഖ് ഖാന്റെ മുഖമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകള്‍ മുതല്‍ വന്‍ പരാജയങ്ങള്‍ വരെ പ്രണയചിത്രങ്ങളുടെ ഷാരുഖ് ഖാന് യൂണിവേഴ്സില് നിന്ന് പുറത്ത് വന്നു.
2010 ല്‍ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാനി’ലൂടെയാണ് സത്യത്തില്‍ ഷാരുഖ് ഖാന്റെ സുദീര്‍ഘമായ കരിയറിന്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത്. സിനിമയുടെ വിജയ പരാജയങ്ങള്‍ക്കപ്പുറം ഷാരുഖ് ചിത്രങ്ങളില്‍ നിരോധനം തുടങ്ങിയ വാക്കുകള്‍ ഉയര്‍ന്നു വരുന്നത് അതിനു ശേഷമാണ്. ഷാരുഖ് ഖാന് ഏറ്റവുമധികം കലയെ കുറിച്ചും തന്റെ കലാ ജീവിതത്തെ കുറിച്ചും വാചാലനായും ഇടക്ക് ഭംഗിയോടെ നിശബ്ദനായും ഇവിടെ തുടര്‍ന്നാണ് ഷാരുഖ് ആ വിവാദങ്ങളോട് മറുപടി പറഞ്ഞത്.
‘പഠാനെ’ ചുറ്റി പറ്റിയും വിവാദങ്ങളുണ്ടായി. സിനിമക്കെതിരെ ബഹിഷ്ക്കാരാഹ്വാനങ്ങളുണ്ടായി. പക്ഷെ ഇന്ത്യന്‍ പോപ്പുലര്‍ സിനിമക്ക് ഷാരുഖ് ഖാന്റെ സാന്നിധ്യം എത്ര പ്രിയപ്പെട്ടതാണെന്ന് റെക്കോര്‍ഡ് ബുക്കിംഗ് പറഞ്ഞു. സിനിമയെന്ന നിലയില്‍ ‘പഠാന്’ എവിടെ നില്ക്കുന്നു എന്നതിലുപരി 4 പതിറ്റാണ്ടിലേറെയായി ഷാരുഖ് ഖാന് എന്ന നടന് എവിടെ നില്‍ക്കുന്നുവെന്നാണ് സിനിമക്ക് കിട്ടുന്ന സ്വീകരണം പറയുന്നതെന്ന് പല ഘട്ടത്തത്തിലും തോന്നി.
വര്‍ഷങ്ങള്‍ നീണ്ട അസാനിധ്യം, പരാജയപ്പെടുന്ന സിനിമകള്‍, ശേഷം കടന്നു വരുന്നവരുടെ വിജയങ്ങള്‍, മാറുന്ന സിനിമാ സ്വഭാവമൊക്കെ ഒരു താരത്തെയും കാലങ്ങള്‍ നീണ്ട അയാളുടെ കരിയറിനെയും ഇല്ലാതാക്കിയേക്കാം. ബോളിവുഡ് പോലൊരു വ്യവസായ മേഖലയില്‍ പോപ്പുലര്‍ സിനിമയുടെ മാത്രം ഭാഗമായി നിന്ന ഷാരുഖ് ഖാനു സ്വാഭാവികമായും ഈ വെല്ലുവിളിയെ അതിജീവിക്കാനാവില്ല. പക്ഷെ അയാള്‍ സ്വയം പല രീതിയില്‍ പുതുക്കി അതിനെ മറികടന്നു തിരിച്ചു വരവുകള്‍ നടത്തി കൊണ്ടേയിരിക്കുന്നു. 8 പാക്ക് ആബ്സുമായി നില്ക്കുന്ന ‘പഠാനി’ലെ അയാളുടെ പുതിയ അവതാര്‍ ഈ പുതുക്കലിന്റെ മറ്റൊരു തലമാണ്.
ദേശീയതയില്‍ ഊന്നി നില്ക്കുന്ന, അടിമുടി രാജ്യ സ്നേഹത്തെ പറ്റി പറയുന്ന ബോളിവുഡ് സിനിമകളുടെ എല്ലാ സ്വഭാവവുമുണ്ട് ‘പഠാന്.’ ബഹിഷ്കരികരണത്തിനോ സെന്‍സര്‍ കട്ടിനോ പോന്ന ഒന്നും സിനിമ ഇന്ത്യയില്‍ ബാക്കി വയ്ക്കുന്നില്ല. നന്മ തിന്മക്ക് മേല്‍ നേടുന്ന വിജയം, ഇന്ത്യ പാകിസ്താന് മേല്‍ നേടുന്ന വിജയം ഒക്കെയാണ് സിനിമയുടെ മുഖ്യ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ആ പാട്ട് മുതലൊന്നും യാതൊന്നിനെയും വൃണപ്പെടുത്തുന്നില്ല. വി എഫ് എക്സ് മുതല്‍ മറ്റെല്ലാ സാങ്കേതിക സാധ്യതയും ഈയൊരു പാറ്റേണില്‍ പോകുന്ന കഥ പറച്ചില് രീതിയെ കൂടുതല്‍ ദൃഢമാക്കാനും പുതുക്കാനുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ടുമെന്ത് കൊണ്ട് നിരോധന ആഹ്വാനമെന്നത് വിചിത്രമായ ഉത്തരങ്ങളിലേക്ക് നമ്മളെ എത്തിക്കും. ആ വൈചിത്രങ്ങള്ക്കപ്പുറം ഷാരുഖ് ഖാന് തന്റെ താരപദവി കൊണ്ട് കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നു കൊണ്ടേയിരിക്കും.
എന്താണ് ഇത്രയും നീണ്ട കരിയറില്‍ വിജയ മന്ത്രം എന്ന് ഷാരുഖ് ഖാനോട് ഒരഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്, താന്‍ കലാകാരനെക്കാള്‍ കലയെ വലുതായി കാണുന്നു, ഞാന്‍ ഭാഗമായ കലയോട് ഹൃദയ ബന്ധമുണ്ടാവുകയെന്നത് അപകടകരമായ കാര്യമാണ്.അതില്‍ നിന്ന് മുന്നോട്ട് പോകുക എന്നാണ് ഷാരുഖ് ഖാന് മറുപടി പറഞ്ഞത്. കൊടിയ ദാരിദ്രം മുതല്‍ ‘പഠാന്’ വരെയെത്തിയ സംഭവ ബഹുലമായ തന്റെ ജീവിതത്തെ അയാള്‍ ചുരുക്കുന്നത് ഇങ്ങനെയാണ്. അയാളെ ബഹിഷ്കൃതനാക്കാന് നോക്കുന്നവരോട്, അപഹസിക്കുന്നവരോട് ഒക്കെ അയാള്‍ക്ക് ഇതേ നിര്‍വികാരത നിറഞ്ഞ അകല്‍ച്ചയുണ്ടെന്ന് തോന്നും പലപ്പോഴും. അയാള്‍ അടിമുടി സിനിമയാണ്. എന്റെ സാന്നിധ്യം കൊണ്ട് ഒരു വലിയ കൂട്ടമാളുകളില്‍ പുഞ്ചിരി നിറക്കാവുമെന്നത് തന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്ന് അയാള്‍ ഇടക്കിടക്ക് പറയാറുണ്ട്. സാന്നിധ്യത്തിന്റെ ശക്തി ഈ ബഹളങ്ങള്‍ക്കപ്പുറം അയാള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
‘പഠാന്’ സിനിമയില്‍ ടൈഗറും പഠാനും തങ്ങള്‍ക്ക് ശേഷമാര് എന്ന് ചര്‍ച്ച ചെയ്യുന്ന പോസ്റ്റ് ക്രെഡിറ്റ് സീന്‍ ഉണ്ട്. തമാശകള്‍ നിറഞ്ഞ ചര്‍ച്ചക്കൊടുവില്‍ മറ്റാരും അവിടെ വന്നില്ല എന്നവര്‍ തിരിച്ചറിയുന്നു. പകുതി ആക്ഷേപഹാസ്യവും പകുതി മാസ്സ് കയ്യടിയുമൊക്കെ ഉദ്ദേശിച്ചിറക്കിയ ആ രംഗം വി എഫ് എക്സ് ജിമ്മിക്കുകള്ക്കെല്ലാമപ്പുറം സിനിമയിലുള്ള കൗതുകമാണ്. ആ തിരിച്ചറിവിന്റെ മറ്റൊരറ്റത്ത് നിന്നാണ് ഒരു നിലക്കും പുതുമ അവശേഷിപ്പിക്കാത്ത ഒരു സിനിമയുടെ ഭാഗമായും ‘സിന്ദാ ഹേ ‘എന്ന് ഷാരുഖ് തന്നെ വെറുക്കുന്നവരോടും വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നവരോടും പറയുന്നത്.

No Comment.