
മനുഷ്യന് വേണ്ട സുപ്രധാന കാര്യമാണ് വ്യക്തിത്വം. വ്യക്തിത്വം കൊണ്ട് വാതിൽ തുറക്കുക എന്നു പറഞ്ഞാൽ ജീവിതത്തെ ധന്യതയിൽ എത്തിക്കുക എന്നർത്ഥം.
വ്യക്തിത്വം ഒരു നിമിഷം കൊണ്ട് ഉണ്ടാകുന്നതല്ല. ശരിയായ ചിന്തകളും ആത്മാർത്ഥമായ സമർപ്പണ മനോഭാവവും കൊണ്ട് രൂപപ്പെടുത്തുന്ന ഗുണ സവിശേഷമാണു് വ്യക്തിത്വം. മറ്റുള്ളവർ അംഗീകരിക്കും വിധമുള്ള പ്രവർത്തനങ്ങളായിരിക്കും വ്യക്തിത്വമുള്ളവർ ചെയ്യുക. അത് പലപ്പോഴും അവനവൻ്റെ ഗുണമേന്മയിൽ ഒതുങ്ങി നിൽകുന്നതായിരിക്കില്ല. അത് സമൂഹത്തിനു തന്നെ ഉപകാരപ്രദമായ സ്വഭാവ ഗുണമായിരിക്കും. വ്യക്തിത്വ വളർച്ചയിൽ അച്ചനമ്മമാർക്കുള്ള പങ്കുപോലെ ഗുരുജനങ്ങൾക്കും അദ്ധ്യാപർക്കും പങ്കുണ്ട്. അവരുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയല്ല ചെയ്യുന്നത്. അവരുടെ സ്വഭാവ ഗുണങ്ങളെ തന്നെ സ്വീകരിക്കുകയാണ് ചെയ്യാറ്. ഇവിടെ അറിവും ബോധവും ജ്ഞാനവും പ്രകടമാകുമ്പോൾ വ്യക്തിത്വത്തിനു മാറ്റുകൂടുന്നു. വ്യക്തിത്വമുള്ളവർ സഹജീവികളോട് ക്ഷമിക്കുകയും ചെയ്യാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
ഈശ്വരവിശ്വാസവും ഈശ്വരനെ സാക്ഷിയാക്കിയുള്ള കർമ്മങ്ങളും വ്യക്തിത്വ പുരോഗതിയ്ക്കു സഹായമാകുന്നു. കുടുംബാന്തരീക്ഷവും വിദ്യാലയങ്ങളും സമൂഹങ്ങളും വ്യക്തിത്വ വളർച്ചയുടെ ഭാഗമായി മാറുന്നു. ചിന്തകളിലും പ്രവൃത്തികളിലും നന്മകൾ വിരിയുമെങ്കിൽ അത് വ്യക്തിത്വ ശ്രേഷ്ഠമായിരിക്കും. സൂര്യതേജസ്സുപോലെ അത് ഉജ്വലമായി പ്രകാശിക്കും. ആ പ്രകാശം എപ്രകാരം ഭൂമിയ്ക്ക് വെളിച്ചം നൽകുന്നുവോ അപ്രകാരം മനുഷ്യവർഗ്ഗത്തിന് ഗുണം പകരുന്നതാണ് വ്യക്തിത്വം. വ്യക്തിപ്രഭാവം അതിൻ്റെ ചലനവും നിശ്ചലനവും സ്ഥിതീകരിക്കുന്ന മനസ്സിൻ്റെ സ്വീകാര്യത ഇവിടെ അനിവാര്യമത്രെ. ഒരുവൻ്റെ നന്മ പോലെ തന്നെ തിന്മയും ചുമക്കുന്ന വ്യക്തിത്വങ്ങളെ നാം കണ്ടിട്ടുണ്ട്. പാലിൽ വെള്ളം ചേർക്കുന്നതു പോലെ ഭക്ഷണത്തിൽ മായം കലർത്തുന്നതു പോലെ ദുഷിച്ച പ്രവണതയത്രെ. അവിടെ അതിജീവനം വികലപ്പെടുകയും വികലതയിലൂടെ ജീവിക്കുക ഒരു തുടർക്കഥയായി ഭവിക്കുകയും ചെയ്യുന്നു. മനസ്സിൻ്റെ സ്ഥായിയായ ഭാവങ്ങൾക്കു വ്യത്യാസം സംഭവിക്കുന്നു. ജീവിതം കുറഞ്ഞ കാലഘട്ടമെന്ന് മനസ്സിലാക്കുന്നിടത്ത് ജീവൻ എതു നിമിഷവും അണഞ്ഞുപോകാം എന്നറിയുന്നിടത്ത്
വ്യക്തിത്വത്തിൻ്റെ താക്കോൽ തീർക്കപ്പെടുകയും നമ്മുടെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠത പുലർത്തുന്നവയായി ഭവിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601
No Comment.