
ചിന്തയും പ്രവൃത്തിയും നേട്ടവും കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ചിന്തകൾ നല്ലതെങ്കിൽ പ്രവൃത്തി നന്നായിരിക്കും. അതിൽ നിന്നും നേട്ടങ്ങളെ വന്നു ചേരു. നേട്ടങ്ങൾ വലുതാകണമെങ്കൽ കഠിന അദ്ധ്വാനവും സ്ഥിരോത്സാഹവും വേണം. ഇവയൊക്കെ പ്രവർത്തനങ്ങളിൽ കൊണ്ടുവരണമെങ്കിൽ ചിന്തകൾ വലുതായിരിക്കണം. കുന്നോളം ആഗ്രഹിക്കുന്നിടത്ത് കുന്നിക്കുരുവോളം ലഭിക്കുകയുള്ളു. അതു കൊണ്ട് ഉയർന്നു ചിന്തിക്കുക. ഉയർന്ന ചിന്തകളെന്നു പറയുമ്പോൾ ലക്ഷ്യബോധം ഉയർന്നതായിരിക്കണമെന്നു സാരം. ലക്ഷ്യം വലുതുള്ളിടത്ത് നമ്മുടെ മനസ്സും ശരീരവും പ്രയത്നിക്കുകയും അവ വലിയ നേട്ടങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മനുഷ്യ മാഹാത്മ്യം മനസ്സിൻ്റെ മാഹാത്മ്യമാകുന്നു. മനസ്സിൻ്റെ മാഹാത്മ്യം ചിന്താധിഷ്ഠിതമത്രെ. ചിന്തകളെ നിയന്ത്രിച്ച് നന്മകളിൽ ചിന്തകൾ ഒഴുക്കി കർമ്മപഥങ്ങളിൽ മികവുണർത്തുന്നിടത്ത് നേട്ടങ്ങളുടെ അഭിമാനം പൂത്തു നിൽക്കും, അതിനു വേണ്ടിയുള്ള അറിവും ബോധവും ജ്ഞാനവും ഉണ്ടായിരിക്കണം, അതില്ലാത്തിടത്ത് അത് ആർജജിക്കുവാനുള്ള സന്നദ്ധത വേണം. ഒത്തിരി ഉപാധികൾ ഇന്നു നമുക്കുണ്ട്. അവയൊക്കെ ഉപയോഗിക്കാനുള്ള മനസ്സു കാട്ടിയാൽ മതി. മനസ്സുള്ളിടത്ത് കാര്യസിദ്ധി. അതേ സമയം ഇന്നു മനുഷ്യർ കാട്ടി കൂട്ടുന്നത് എന്തൊക്കെ വൃത്തികേടുകളാണ്. മൃഗങ്ങളേക്കാളും അധ:പതിച്ചുവെന്നാതാണ് ദുഃഖകരം. തിന്നും കുടിച്ചും മഥിച്ചും രമിച്ചും നടന്നാൽ മനുഷ്യനാകുന്നില്ല. സാമൂഹ്യ ജീവിയായ മനുഷ്യൻ സഹജീവികളെ അറിയണം. അവനവൻ്റെ പ്രവൃത്തി അപരനു ദോഷം ഭവിക്കരുത്. അന്യൻ്റെ ദു:ഖത്തിൽ പങ്കുചേരണം. കഴിയുന്ന സഹായത്തിനു തയ്യാറാകുക. സാമ്പത്തികസഹായം ചെയ്യാനാവാത്തവർ ശാരീരിക സഹായം ചെയ്യുക. വെറുപ്പും വിദ്വേഷവും അരുത്. അത് വൃണമാണ്. പഴുത്താൽ മരുന്ന് കൊണ്ടു പോലും പ്രയോജനമില്ല. അവസാനം മുറിച്ചുമാറ്റേണ്ട ഗതികേടിലേയ്ക്കു അധ:പതിക്കും. അതു കൊണ്ട് നല്ലതിനെ മാത്രം മനസ്സിൽ സൂക്ഷിക്കുക. അതു നല്ല ചിന്തകൾക്കും നല്ല കർമ്മങ്ങൾക്കും വഴിതെളിക്കും. ഉയർന്ന ചിന്തയിൽ ഉയർന്ന നേട്ടങ്ങൾ കർമ്മങ്ങളാൽ കൈവരിക്കാനാവുന്നു. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601
No Comment.