2023 | ഫെബ്രുവരി 7 | ചൊവ്വ |

ജഡ്ജി നിയമനം വിവാദത്തില്‍
മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ചതിനെതിരേയുള്ള ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൗരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. (ജുഡീഷ്യറിയിലും താമരക്കുളം.
ക്ഷേത്ര മുറ്റത്തെ ആർ.എസ്.എസ് ശാഖ ഡി.വൈ.എഫ്.ഐ തടഞ്ഞു
കോട്ടക്കൽ: കിഴക്കേകോവിലകത്തിന് കീഴിലുള്ള കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർ.എസ്.എസ് ശാഖ നടത്തുന്നതിനിടെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന്
കോട്ടക്കലിൽ പൊലീസ് ഇടപ്പെട്ടു.തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
ശാഖയും ആയുധപരിശീലനവും നടത്തുന്നുവെന്നാരോപിച്ച് മുദ്രാവാക്യം വിളികളുമായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത്.നാലുദിവസം മുമ്പാണ് ക്ഷേത്ര പരിസരത്ത് ശാഖ ആരംഭിച്ചത്. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റം സാമൂഹ്യ സ്പർധ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നുമാണ് ആരോപണം. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പോലീസിന് തടയാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.പ്രതിഷേധത്തിനിടയിൽ ശാഖ അവസാനിച്ചു.മലപുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, കോട്ടക്കൽ എസ്.ഐ കെ.എസ് പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ വൻ
പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.ചൊവ്വാഴ്ച ഇരു വിഭാഗങ്ങളേയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ദുരന്തം വിതച്ച ഭൂചലനങ്ങളില്‍ പകച്ച് തുര്‍ക്കിയും സിറിയയും
തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളില്‍ മരണനിരക്ക് ഉയരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം മരണസംഖ്യ 2,300 പിന്നിട്ടു. തുര്‍ക്കിയില്‍ മാത്രം 1,498 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയില്‍ 430 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,280 പേര്‍ക്ക് പരിക്കേറ്റു.വിമത ഭരണപ്രദേശത്ത് 380 പേര്‍ക്ക് ജീവന് നഷ്ടമായതായും നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 15 മണിക്കൂറിനിടെ മൂന്ന് അതിശക്ത ഭൂചലനങ്ങളാണ് സംഭവിച്ചത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. രാവിലെ നാലു മണിയോടെയായിരുന്നു ആദ്യ ചലനം. ഉച്ചയ്ക്ക് റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങൾ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.
വിധി പുനപരിശോധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്, എന്‍.കെ. പ്രേമചന്ദ്രന് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.
എംഎൽഎ മാർ അനിശ്ചിതകാല സത്യാഗ്രഹത്തിൽ
ഇന്ധന സെസിലും നികുതി വർധവിലും പ്രതിഷേധിച്ച് നിയമസഭയിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടന്, നജീബ് രാന്താപുരം എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. ഇന്നലെ ചേർന്ന യുഡിഎഫ് പാർലമെന്ററി കാര്യസമതിയാണ് എംഎൽഎമാർ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ബജറ്റ് പൊതു ചർച്ചയ്ക്ക് മുന്‍പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. ബൈക്ക് കത്തിച്ചായിരുന്നു പ്രതിഷേധം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നാണു സംശയം. ചികില്‍സ നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അനുജന് അലക്സ് വി ചാണ്ടി ആരോപിച്ചിരിക്കേ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ചികിത്സയ്ക്കു ബംഗളുരുവിലെക്കു കൊണ്ടുപോകുമെന്നാണ് എംഎം ഹസന് ആദ്യം പറഞ്ഞത്.
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍
സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. രാജനാണ് വിജിലന്‍സ് പിടിയിലായത്. ആലപ്പുഴയിലുള്ള യുവതി ശസ്ത്രക്രിയക്കായി നിരവധി തവണ ഡോക്ടറെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. ആശുപത്രിക്ക് എതിര്‍വശത്ത് ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പണവുമായി എത്താൻ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിന് പരാതി നൽകുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്നും ക്ലബ് മാനേജ്മെന്റ് വ്യക്തമാക്കി.
മേഴ്സി കുട്ടന് രാജിവച്ചു
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മേഴ്സി കുട്ടന് രാജിവച്ചു. ഫുട്ബോള്‍ താരം യു. ഷറഫലിയാണു പുതിയ പ്രസിഡന്റ്. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോഴാണു രാജി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. മേഴ്സി കുട്ടനോടും അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം
അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി.
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കെ. എസ്. ആർ.ടി.സി ബസ്സിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ആർ.ടി.ഒ ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവാണ് (50) അറസ്റ്റിലായത്. തൃശൂർ നന്തിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. തൃശൂർ ആർ.ടി.ഒ ഓഫീസ് ഡ്രൈവറാണ് രാജീവ്. ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിയെ പിറകിൽ നിന്ന് ഉപദ്രവിക്കുകയായിരുന്നു.
സ്കൂൾ ബസിന് തീപിടിച്ചു
മൂന്നാർ ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പിനായി പോയ ബസിന് തീപിടിച്ചു. ബസിൽ 40 കുട്ടികളും 2 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. മറയൂർ മൂന്നാർ റൂട്ടിലെ തലയാറിലാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബസിനാണ് തീ പിടിച്ചത്.
7 വയസുകാരന് അമ്മയുടെ മർദ്ദനം
ഇടുക്കിയിൽ 7 വയസുകാരനെ അതിക്രൂരമായി മർദ്ദിച്ച് അമ്മ. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്.
അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ 7 വയസുകാരനാണ് ക്രൂരത നേരിടേണ്ടി വന്നത്. 2 കൈകളുടെയും കൈമുട്ടിന് താഴെയാണ് പൊള്ളലേറ്റിരിക്കുന്നത്. കാൽമുട്ടിന് താഴെയും പൊള്ളിയിട്ടുണ്ട്. അമ്മയെ അറസ്റ്റ് ചെയ്തു.
വിശദീകരണവുമായി ഇന്ദ്രന്‍സ്
ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചതെന്ന് നടന് ഇന്ദ്രന്‍സ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഇന്ദ്രന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. ഡബ്ല്യുസിസി ഇല്ലായിരുന്നെങ്കില്‍ ആക്രമിക്കപ്പെട്ട നടിയെ കൂടുതല്‍ പേര് പിന്തുണക്കുമായിരുന്നെന്നും, ദിലീപ് കുറ്റക്കാരനാണെന്നു കരുതുന്നില്ലെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ പരാമര്‍ശം. പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ദ്രന്‍സ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഫ്ലക്സ് ബോർഡ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിന് മുന്നറിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ വ്യവസായ സെക്രട്ടറിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സത്യവാങ് മൂലം നൽകാത്തതാണ് വിമർശനത്തിനു കാരണം. അനധികൃത ഫ്ലെക്സ് ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നാണ് തോന്നുന്നതെന്നും കോടതി വിമർശിച്ചു.
മലയാളി സ്ത്രീ പിടിയിൽ
വിമാനത്തിൽ വ്യാജബോംബു ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയിൽ. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനുവാണ് അറസ്റ്റിലായത്. ബെംഗളൂരുവിലാണ് സംഭവം. കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാൻ എത്തിയതായിരുന്നു ഇവർ. ബോർഡിങ് സമയം കഴിഞ്ഞതിനാൽ സുരക്ഷാ ജീവനക്കാർ യുവതിയെ തടഞ്ഞു. അകത്തേക്കു വിട്ടില്ല. ഇതേതുടർന്ന് വിമാനത്തിൽ ബോംബുണ്ടെന്നു പറഞ്ഞ് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു.
2 കണ്ടെയ്നർ പഴകിയ മീൻ പിടികൂടി
എറണാകുളം മരടിൽ 2 കണ്ടെയ്നർ പഴകിയ മീൻ പിടികൂടി. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്. മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. പഴകിയ മീൻ പല ഇടങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി
വൈദ്യുതി ബില്ലടക്കാത്തതുമൂലം മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാന ഓഫീസുകളിൽ വൈദ്യുതി ഇല്ലാത്തതു മൂലം പ്രവർത്തനം നിലച്ചു. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്.
സൈബി ജോസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ ചോദ്യം. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സൈബി ജോസ് സമർപ്പിച്ച ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഗണേഷ്കുമാറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
വാര്‍ത്തകള്‍ വരുന്ന വിധത്തിലാകരുത് വിമര്‍ശനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ഗണേഷ്കുമാറിനെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഗണേഷ്കുമാര് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേഷ്കുമാര് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരിനെതിരെയും ഗണേഷ്കുമാര് വിമര്‍ശനം ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തിലും വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. ഇതിലുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.
കേരള ടീം ഭുവനേശ്വറിലേക്ക്
മുന്നേറ്റക്കാരൻ എം വിഘ്നേഷിന് പകരം ഒ എം ആസിഫ് സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിൽ. ടൂർണമെന്റിനായി കേരള ടീം ഭുവനേശ്വറിലേക്ക് തിരിച്ചു. ഒക്ടോബറിൽ നടന്ന ദേശീയ ഗെയിംസിനിടയിൽ നിരോധിത മരുന്നുപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധസമിതി (നാഡ) കണ്ടെത്തിയതിനെ തുടർന്നാണ് വിഘ്നേഷിനെ 22 അംഗ ടീമിൽനിന്ന് മാറ്റിനിർത്തിയത്. എറണാകുളം സ്വദേശിയാണ് ആസിഫ്. പ്രാഥമിക റൗണ്ടിനുള്ള പകരക്കാരുടെ പട്ടികയിലുണ്ടായിരുന്നു.
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന് നായികയായി എത്തുന്ന ‘ഓ മൈ ഡാര്‍ലിങ്ങി’ന്റെ ടീസര്‍ പുറത്തിറങ്ങി.
കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ അടിസ്ഥാന പ്രമേയം. മെല്വിന് ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്മാനാണ്.
No Comment.