കുവൈത്തിലെ മംഗഫിൽ എൻ.ബി.ടി.സി കമ്പനിയുടെ ലേബർ ക്യാമ്പ് തീപിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു.
രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങൾ വ്യോമസേന വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.
കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.
മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങി.
അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ കുടുംബാംഗങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോയി.
സംസ്ഥാന സർക്കാർവിമാനത്താവളത്തില്‍ അന്തിമോപചാരം അർപ്പിച്ചു. കുടുംബാംഗങ്ങള്‍ക്കും കാണാൻ സൗകര്യമൊരുക്കിയിരുന്നു. തുടർന്ന് പ്രത്യേക ആംബുലൻസില്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകള്‍ എത്തിച്ചിട്ടുണ്ട്.
മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തില്‍ നിന്നും പുറപ്പെട്ടത്.
23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തി ലുണ്ടായിരുന്നത്.
മരിച്ച സഹോദരങ്ങളുടെ വേർപാടിനെ തുടർന്ന് ദുഖത്തിൽ കഴിയുന്ന കുടുംബങ്ങളോട് എന്നും തങ്ങൾ ചേർന്ന് നിൽക്കുമെന്നും ദൗർഭാഗ്യകരമായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കമ്പനി അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

മരിച്ചവരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ വീതം അടിയന്തിര സഹായം നൽകുമെന്ന് എൻ.ബി.ടി.സി കമ്പനി പ്രഖ്യാപിച്ചു. കുടുംബത്തിന്‍റെ മറ്റു ആവശ്യങ്ങളിൽ കമ്പനി എപ്പോഴും കൂടെയുണ്ടാകുമെന്നും മരിച്ചവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങൾ, ആശ്രിതർക്ക് ജോലി എന്നിവ നൽകുന്നതിനും കമ്പനി തയ്യാറാകുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

No Comment.